Connect with us

Kasargod

കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

Published

|

Last Updated

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ ഗ്രസ് നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തിയില്‍ അതീവ പോലീസ് ജാഗ്രത.

കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീലിനെ പഞ്ചായത്ത് ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘം മഞ്ചേശ്വരം, ബായാര്‍ ഭാഗത്തെത്താന്‍ സാധ്യതയുണ്ടെന്ന കര്‍ണാടക പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് ബായാറിലും അതിര്‍ത്തിപ്രദേശത്തും പോലീസ് ജാഗ്രത പാലിക്കുന്നത്.

കുമ്പള സിഐ മഞ്ചേശ്വരം എസ് ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ബായാറില്‍ നിന്നും നാല് കിലോ മീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത് ഓഫീസ്. മലയാളിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ ജലീല്‍.
കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇത്തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൊലപാതകം സംബന്ധിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നതിനാല്‍ അതിര്‍ത്തിഗ്രാമം ഭീതിയിലാണ്. അബ്ദുല്‍ ജലീലിന്റെ ഘാതകരെക്കുറിച്ച് പോലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.നവമാധ്യമളിലൂടെ നാടിന്റെ ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ കാസര്‍കോട്ടും പോലീസ് സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നത് കാസര്‍കോട് ജില്ലയിലല്ലെങ്കിലും കാസര്‍കോടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടെയും മുന്‍കരുതല്‍ വേണമെന്നാണ് പോലീസ് ഉന്നതാധികാരികളുടെ നിര്‍ദേശം.
ഒരുമാസം മുമ്പ് കാസര്‍കോട് പഴയചൂരിയില്‍ മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ട് ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അയവുവരുന്നതിനിടെയാണ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു കൊലപാതകവിവരവും പുറത്തുവന്നിരിക്കുന്നത്.