മലപ്പുറത്ത് വര്‍ഗീയ ധ്രുവീകരണം നടന്നെന്ന് പി എസ് ശ്രീധരന്‍ പിള്ള

Posted on: April 20, 2017 9:46 pm | Last updated: April 20, 2017 at 9:46 pm

ദുബൈ: മലപ്പുറത്തെ തിരെഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ,മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിലയിരുത്തലിനോട് യോജിപ്പാണെന്ന് ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍ പിള്ള. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടകംപള്ളി സി പി എം നേതാവാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറത്തു പോയ ആളാണ്. മലപ്പുറം വര്‍ഗീയതയുടെ കേന്ദ്രമാണെന്ന്, അത്തരമൊരാള്‍ പറയുന്ന അഭിപ്രായം ഗൗരവമായി കാണേണ്ടതാണ്.

ലീഗിന്റെ വിജയത്തെ ബി ജെ പി ബഹുമാനിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് ബി ജെ പി സ്ഥാനാര്‍ഥിക്കുണ്ടാവില്ല എന്ന വെള്ളാപ്പള്ളിയുടെ പരസ്യ പ്രസ്താവന പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വെള്ളാപ്പള്ളി ഒരു സമുദായ നേതാവാണ്. അല്ലാതെ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവല്ല. മലപ്പുറം തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബി ഡി ജെ എസ് പ്രവര്‍ത്തകരും ക്യത്യമായി രംഗത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ചര്‍ച്ചകളിലും പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങള്‍ അഭിപ്രായം പറയുന്നതെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. ബി ജെ പിക്ക് ലഭിച്ച വോട്ട് ശതമാനം നോക്കുകയാണെങ്കില്‍ ചെറുതാണെങ്കിലും അതില്‍ പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.