മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍: 20 ദിവസത്തിനിടെ എക്‌സൈസിന്റെ എക്‌സൈസിന്റെ പിടിയിലായത് 12 പേര്‍

Posted on: April 20, 2017 9:18 pm | Last updated: April 20, 2017 at 9:18 pm
ചന്ദ്രന്‍ ചെട്ട്യാര്‍

താമരശ്ശേരി: വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്‌സൈസ് നടത്തിയ 20 ദിവസത്തെ പ്രത്യേക പരിശോധനയില്‍ പിടിയിലായത് 12 പേര്‍. കഞ്ചാവുമായി മൂന്നുപേരും ചാരായവുമായി മൂന്നുപേരും മാഹി മദ്യവുമായി ഒരാളും അറസ്റ്റിലായി. മാസങ്ങളായി എക്‌സൈസ് അന്വേഷിക്കുന്ന ചെട്ട്യാര്‍ എന്ന ബാലുശ്ശേരി കാട്ടുപറമ്പത്ത് ചന്ദ്രന്‍ ചെട്ട്യാര്‍(60) ആണ് നാലുകുപ്പി മാഹി മദ്യവുമായി ഇന്ന് എക്‌സൈസിന്റെ പിടിയിലായത്.

ചെട്ട്യാരെ കുടുക്കാന്‍ എക്‌സൈസ് സംഘം പലപ്പോഴായി വല വിരിച്ചുരുന്നുവെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകിട്ട് താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപത്തുവെച്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ചെട്ട്യാരെ അറസ്റ്റ് ചെയ്തത്.

മദ്യത്തിന്റെ ആവശ്യക്കാരെന്ന വ്യാജേനെയാണ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ജി ജിനീഷ്, വി ആര്‍ അശ്വന്ത്, എന്‍ പി വിവേക്, പ്രിയരഞ്ജന്‍ദാസ്, ദിനോബ് എന്നിവരടങ്ങിയ എക്‌സൈസ് സംഘം ചെട്ട്യാരെ സമീപിച്ചത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ചെട്ട്യാര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ ജുര്യാക്കോസ് പറഞ്ഞു.
ഈമാസം ഒന്നാം തിയ്യതി മുതല്‍ ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 12 പേരെയാണ് താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവുമായി മൂന്നുപേരും അബ്കാരി കേസില്‍ 4 പേരും ലഹരി വസ്തുക്കളുമായി അഞ്ചുപേരുമാണ് പിടിയിലായത്. 100 ലിറ്റര്‍ വാഷും എട്ട് ലിറ്റര്‍ ചാരായവും ഒരു കിലോ ലഹരി വസ്തുക്കളും പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ഡ്രൈവ് ഇന്ന് അവസാനിച്ചെങ്കിലും പരിശോധന തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.