‘അബുദാബിയെ സങ്കല്‍പിക്കുക’ 25 ദിവസത്തിനകം ലഭിച്ചത് 2,270 എന്‍ട്രികള്‍

Posted on: April 20, 2017 9:28 pm | Last updated: April 20, 2017 at 9:09 pm

അബുദാബി: എമിറേറ്റിലെ വികസനത്തെ പിന്തുണക്കുന്ന നിര്‍ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് അവസരം തുറക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ‘അബുദാബിയെ സങ്കല്‍പിക്കുക’ എന്ന കാമ്പയിന് 25 ദിവസത്തിനകം ലഭിച്ചത് 2,270 നിര്‍ദേശങ്ങള്‍. വ്യത്യസ്ത ഭാഷകളില്‍ ലഭിച്ച എന്‍ട്രികളില്‍ അബുദാബിയില്‍ നിക്ഷേപത്തിനുള്ള അവസരങ്ങള്‍, സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, കല, തുടങ്ങി മേഖലകളിലെ സൃഷ്ടിപരമായ വികസനം നിര്‍ദേശങ്ങള്‍ ഉള്‍പെടെ അടിസ്ഥാനപരമായി എമിറേറ്റിലെ വിവിധ മേഖലകളില്‍ പരിഹരിക്കേണ്ട സാമ്പത്തിക നിര്‍ദേശങ്ങളാണ് ലഭിച്ച എന്‍ട്രികളില്‍ അധികവും.

അബുദാബിയുടെ വികസനത്തില്‍ സമൂഹത്തിലെ ഉത്തരവാദിത്തവും സഹകരണവും ലക്ഷ്യമാക്കിയാണ് വിഷന്‍ അബുദാബിയുടെ ഭാഗമായി പുതിയ വികസന നിര്‍ദേശ കാമ്പയിന്‍ പ്രഖ്യാപിച്ചതെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് മതര്‍ അല്‍ നെയാദി വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിന് സമൂഹത്തിന്റെ പങ്കാളിത്തമാണ് കാമ്പയിയിനില്‍ പ്രതിഫലിക്കുന്നത്. അബുദാബിയുടെ വികസനത്തില്‍ സമൂഹത്തിന്റെ വളരുന്ന അവബോധം സ്ഥിരീകരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. എമിറേറ്റിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വഴികളും ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.