സിലിക്കണ്‍ ഒയാസിസ് ലുലു മാള്‍ 100 കോടി ദിര്‍ഹം ചെലവില്‍; ശൈഖ് അഹ്മദ് തറക്കല്ലിട്ടു

Posted on: April 20, 2017 8:03 pm | Last updated: April 20, 2017 at 8:03 pm
സിലിക്കണ്‍ ഒയാസിസില്‍ ലുലു ഗ്രൂപ്പ് നിര്‍മിക്കുന്ന മാളിന്റെ മാതൃക ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, എം എ യൂസുഫലി തുടങ്ങിയവര്‍ നോക്കികാണുന്നു

ദുബൈ: സ്വതന്ത്ര വ്യാപാര മേഖലയായ സിലിക്കണ്‍ ഒയാസിസില്‍ ലുലു ഗ്രൂപ്പ് 100 കോടി ദിര്‍ഹം ചെലവില്‍ 23 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന മാളിന്റെ തറക്കല്ലിടല്‍ സിലിക്കണ്‍ ഒയാസിസ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം നിര്‍വഹിച്ചു. സിലിക്കണ്‍ ഒയാസിസ് അതോറിറ്റി വൈസ് ചെയര്‍മാനും സി ഇ ഒയുമായ മുഹമ്മദ് അല്‍ സര്‍ഊനി, ലുലു ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ എം എ യൂസുഫലി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫലി, ഡയറക്ടര്‍ എം എ സലീം സംബന്ധിച്ചു.

സിലിക്കണ്‍ ഒയാസിസില്‍ മെഗാ മാള്‍ പണിയുന്നതിനായി ലുലു ഗ്രൂപ്പ് മുന്നോട്ടുവന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഹമ്മദ് അല്‍ സര്‍ഊനി പറഞ്ഞു. യു എ ഇയുടെ, പ്രത്യേകിച്ച് ദുബൈയുടെ സമ്പദ്‌വ്യവസ്ഥക്ക് വലിയ പങ്കാണ് സിലിക്കണ്‍ ഒയാസിസ് നല്‍കുന്നത്. യു എ ഇക്ക് പ്രാധാന്യമേറിയ വര്‍ഷമായ 2020ഓടെ മാള്‍ പൂര്‍ത്തിയാകുന്നത് വലിയ നേട്ടമാണ്. ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2.5 കോടി സന്ദര്‍ശകരാണ് ദുബൈയിലെത്തുക.

ലുലു ഗ്രൂപ്പിന് കീഴില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മാള്‍ എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ അനുഭൂതി സമ്മാനിക്കുമെന്ന വിശ്വാസമുണ്ടെന്ന് അല്‍ സര്‍ഊനി കൂട്ടിച്ചേര്‍ത്തു. പുതിയ പദ്ധതി സിലിക്കണ്‍ ഒയാസിസിന്റെ വളര്‍ച്ചക്ക് സഹായകമാകും.
സിലിക്കണ്‍ ഒയാസിസ് ലുലു മാള്‍ തങ്ങളുടെ വലിയ സ്വപ്‌ന പദ്ധതിയാണെന്ന് എം എ യൂസുഫലി പറഞ്ഞു. വിശിഷ്ടവും വ്യത്യസ്തവുമായ മാളായിരിക്കും ഇത്. 30 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മാള്‍ വേള്‍ഡ് എക്‌സ്‌പോക്ക് തൊട്ടു മുമ്പായി തുറന്നുകൊടുക്കുമെന്നും യൂസുഫലി വ്യക്തമാക്കി. മൂവായിരത്തോളം പേര്‍ക്ക് ജോലി സാധ്യതയുണ്ട്.

യു എ ഇയുടെ സാമ്പത്തിക വളര്‍ച്ച ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ട്, പ്രത്യേകിച്ച് ചില്ലറ വ്യാപാര മേഖലയില്‍, യൂസുഫലി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന മാള്‍ പരിസ്ഥിതി സൗഹൃദ കെട്ടിടമായിരിക്കും. രണ്ട് നിലകളിലായി 3,000 കാറുകള്‍ പാര്‍ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. എക്‌സ്‌പോ വേദിക്കും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപത്തായി ഉയരുന്ന മാള്‍ ദുബൈയുടെ വിനോദ സഞ്ചാര മേഖലക്കും വലിയ ഊര്‍ജമാകും.

300 അന്താരാഷ്ട്ര-പ്രാദേശിക ബ്രാന്‍ഡ് സ്റ്റോറുകള്‍ക്കും 12 ആങ്കര്‍ സ്റ്റോറുകള്‍ക്കും പുറമെ രണ്ട് നിലകളിലായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ലുലു ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറും ഒരുക്കും. ഇതിന് പുറമെ 50 ഭക്ഷ്യ-പാനീയ ഔട്‌ലെറ്റുകളുമുണ്ടാകുമെന്നും യൂസുഫലി പറഞ്ഞു. ശംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍, ഖാദര്‍ തെരുവത്ത്, ഡോ. മുഹമ്മദ് ഖാസിം, ശംലാല്‍ അഹ്മദ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.