ഹ്യുബാര പക്ഷികളുടെ രക്ഷക്കായി മരുഭൂമിയിലെ പദ്ധതി മാറ്റി; രാഷ്ട്ര നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി

Posted on: April 20, 2017 7:59 pm | Last updated: April 20, 2017 at 7:59 pm

ദുബൈ: ഹ്യുബാര പക്ഷികളുടെ രക്ഷക്കായി യു എ ഇ നേതാക്കള്‍ രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മരുഭൂമിയിലെ യാത്രക്കിടെ ശ്രദ്ധയില്‍പ്പെട്ട, ഹ്യൂബാര പക്ഷിയുടെ സംരക്ഷണാര്‍ഥം പദ്ധതി മറ്റൊരിടത്തേക്ക് മാറ്റാന്‍ യു എ ഇ യുടെ നേതാക്കള്‍ ഒരുമിച്ചത് മാതൃകാപരമെന്നാണ് പരക്കെ പ്രശംസിക്കപ്പെടുന്നത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ ക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമാണ് പക്ഷിയുടെ രക്ഷക്കെത്തിയത്.

ഇരുവരും മരുഭൂമിയില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കവെയാണ് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നിടത്ത് മുട്ടക്ക് അടയിരിക്കുന്ന പക്ഷി ശ്രദ്ധയില്‍പ്പെടുന്നത്. നിര്‍മാണപ്രവൃത്തിയുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ പരിഭ്രാന്തയായി ഓടുന്ന പക്ഷിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പദ്ധതി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് അപ്പോള്‍ത്തന്നെ ഉത്തരവിടുകയായിരുന്നു.
ഇരുവരും പക്ഷിയെ നിരീക്ഷിക്കുന്ന വീഡിയോ ദൃശ്യം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്. നിമിഷങ്ങള്‍ക്കകംതന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പക്ഷിയെ ക്യാമറയില്‍ പകര്‍ത്തുന്ന ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെയാണ് ആദ്യം ദൃശ്യങ്ങളില്‍ കാണാനാവുക. തുടര്‍ന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നുവരുന്നതും കാര്യം അന്വേഷിക്കുന്നതും കാണാനാകും.
വംശനാശഭീഷണിയുടെ വക്കിലുള്ള ഹ്യൂബാര പക്ഷികളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് യു എ ഇ.