Connect with us

Kerala

ജീവനക്കാരും സൗകര്യങ്ങളുമില്ലാതെ വീര്‍പ്പുമുട്ടി അഗ്നിശമനസേന

Published

|

Last Updated

തിരുവനന്തപുരം: ആവശ്യത്തിന് ജീവനക്കാരും ആധുനിക സൗകര്യങ്ങളുമില്ലാതെ അഗ്നിശമനസേന ദുരിതത്തില്‍. വിരമിച്ചതും വര്‍ഷങ്ങളായി നികത്താതെ തുടരുന്നതുമായ ഒഴിവുകള്‍ ആവശ്യത്തിന് അംഗബലമില്ലാത്ത അവസ്ഥയാണ് സേനയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ അഞ്ഞൂറോളം ഫയര്‍മാന്‍മാരുടെ ഒഴിവുകളാണുള്ളത്. ഫയര്‍മാനായി ജോലി നോക്കുന്നവര്‍ക്ക് ലീംഡിംഗ് ഫയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചാല്‍ ഫയര്‍മാന്‍മാരുടെ എണ്ണം വീണ്ടും കുറയും. ഒരു ഡസനോളം ഫയര്‍ സ്റ്റേഷനുകളുള്ള തലസ്ഥാന ജില്ലയില്‍ മാത്രം നാല്‍പതോളം സേനാംഗങ്ങളുടെ ഒഴിവുണ്ട്.

രാപകല്‍ വ്യത്യാസമില്ലാതെ ജോലിനോക്കേണ്ടി വരുന്നതും അപകട സാധ്യതയേറിയ മേഖലയായതിനാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഉദ്യോഗാര്‍ഥികള്‍ പലരും അഗ്നിശമനയില്‍ ജോലി നോക്കന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല.
അടുത്തിടെ റാങ്ക് ലിസ്റ്റില്‍ നിന്ന് മൂന്നൂറോളം പേരെ പരിശീലനത്തിന് ക്ഷണിച്ചെങ്കിലും നൂറോളം പേര്‍ മാത്രമാണ് എത്തിയത്. പത്താം ശമ്പളക്കമ്മീഷന്റെ ശമ്പള പരിഷ്‌കരണത്തില്‍ അഗ്നിശമനസേനയെ അവഗണിക്കപ്പെട്ടതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ഈ മേഖലയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിക്കാതായത്.

ജീവനക്കാര്‍ക്ക് പുറമെ ആവശ്യത്തിന് വാഹനങ്ങളും ആധുനിക ഉപകരണങ്ങളും ഇല്ലാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. എല്ലാ ഫയര്‍ സ്റ്റേഷനുകളിലും ഒരു വാഹനമെങ്കിലും എപ്പോഴും അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലായിരിക്കും. തീ പടരുന്നത് തടയാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ടെന്റര്‍, അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തേണ്ട എമര്‍ജന്‍സി റസ്‌ക്യൂ ടെന്റര്‍ തുടങ്ങിയ വാഹനങ്ങളാണ് കാലപ്പഴക്കവും അറ്റകുറ്റപ്പണികളുമായി സേനയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.ഫയര്‍ഫോഴ്‌സിന്റെ ആധുനിക വത്കരണവും നിയമനവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
നിലവിലെ സാഹചര്യത്തില്‍ 224 ഫയര്‍‌സ്റ്റേഷനെങ്കിലും സംസ്ഥാനത്ത് വേണം. എന്നാല്‍, 125 എണ്ണം മാത്രമാണുള്ളത്. നഗരത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ഒരു സ്റ്റേഷന്‍ വേണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല.
ഫയര്‍ഫോഴ്‌സിന്റെ പരിമിതികള്‍ കാരണം ധാരാളം നാശനഷ്ടങ്ങള്‍ സംസ്ഥാനത്തിതിനുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാത്ത് വിവിധ ഭാഗങ്ങളില്‍ തുടരുന്ന കാട്ടുതീയില്‍ മാത്രം 972 ഹെക്ടര്‍ വനമാണ് ഇത്തണ സംസ്ഥാനത്തിന് നഷ്ടമായത്. 12 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വന നഷ്ടമാണിത്. കോഴിക്കോട് മിഠായി തെരുവിലും തലസ്ഥാനത്ത് പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്തും നടന്ന തീപിടുത്തങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. ഇത്തരം ദുരന്തങ്ങളില്‍ പോരാടാന്‍ അഗ്നിശമനക്ക് കരുത്തും ആള്‍ബലവും നല്‍കണമെന്ന ആവശ്യമാണ് ഈ മേഖലയില്‍ നിന്ന് ഉയരുന്നത്.

 

Latest