Connect with us

Eranakulam

ഉന്നതരുടെ അഴിമതിയില്‍ തൊട്ടപ്പോഴെല്ലാം പൊള്ളിയിട്ടുണ്ടെന്ന് ജേക്കബ് തോമസ്‌

Published

|

Last Updated

കൊച്ചി: ഉദ്യോഗസ്ഥ അഴിമതിയെക്കാള്‍ പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നത് രാഷ്ട്രീയക്കാരുടെ അഴിമതിയാണെന്നും, ഭരണ സംവിധാനവുമായി ബന്ധപ്പെട്ട ഉന്നതരുടെ അഴിമതിയില്‍ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയിട്ടുണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാള്‍ തെറിച്ചിട്ടുമുണ്ട്. അത്രക്ക് ഉയര്‍ന്ന വോള്‍ട്ടേജുള്ള അഴിമതിയാണ് രാഷ്ട്രീയക്കാരുടെതെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ “അഴിമതി മുക്ത കേരളത്തിന് പൊതുജന പങ്കാളിത്തം” എന്ന പേരില്‍ ആര്‍ ടി ഐ ഫെഡറേഷന്‍, ആന്റി കറക്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങി വിവിധ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈക്കൂലി വാങ്ങല്‍ പോലുള്ള ഭരണത്തിന്റെ താഴേതട്ടിലുള്ള അഴിമതി മാത്രമാണ് അഴിമതിയായി ഗണിക്കപ്പെടുന്നത്. ബന്ധുനിയമനം അഴിമതിയാണോ അതോ നയമാണോ എന്ന ചോദ്യം ജനങ്ങളില്‍ നിന്ന് ഉയരണം. എന്നാല്‍, കേരളത്തിലങ്ങോളമിങ്ങോളമുള്ള എംപ്ലോയ്‌മെന്റ് എക്‌സ്േചഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍ തൊഴിലിനായി കാത്തിരിക്കുേമ്പാഴാണ് പല തസ്തികകളിലും പലരുടെയും ബന്ധുക്കളെ നിയമിക്കുന്നത്. വേതനമായോ ആനുകൂല്യമായോ അലവന്‍സായോ ഒക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കുന്ന ഏത് തസ്തികയിലേക്കും നിയമിക്കപ്പെടുന്നതിന് രാജ്യത്തെ ഏത് പൗരനും അവകാശമുണ്ട്- ജേക്കബ് തോസ് പറഞ്ഞു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക വകുപ്പും വേദിയും വേണമെന്നില്ലെന്നും ഏത് വേദിയിലിരുന്നാണെങ്കിലും അത് ചെയ്യാവുന്നതാണെന്നും തിരിച്ചടി ഭയന്ന് പറയേണ്ടതൊന്നും പറയാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജേക്കബ് തോമസ് തിരിച്ചുവരും എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത് എന്ന ചോദ്യത്തിന് “മുഖ്യമന്ത്രിയല്ലേ പറയുന്നത്; സത്യമാകാതെ വഴിയില്ല” എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

 

Latest