Connect with us

Kerala

മലപ്പുറം ഉപതിരഞ്ഞെടുപ്പ് പരാജയം: ബി ജെ പി സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശം

Published

|

Last Updated

പാലക്കാട്: മലപ്പുറം ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബി ജെ പി സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശം. തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ പാലക്കാട്ട് ഇന്നലെ ആരംഭിച്ച രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ ചില അംഗങ്ങള്‍ രൂക്ഷ വിമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ പരാജയമുണ്ടായെന്ന് ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഓരോ മണ്ഡലത്തിലും ചുമതലക്കാരെ നിയമിക്കാനായില്ല. മലപ്പുറത്തെ രാഷ്ട്രീയ സാഹചര്യം പഠിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായും രണ്ട് ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാജിവെക്കണമെന്നാവശ്യവും ഉയര്‍ന്നു.

ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന പ്രാദേശിക ഘടകങ്ങളുടെ ആവശ്യം തള്ളിയ കുമ്മനം ശ്രീപ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയതാണ് മലപ്പുറത്ത് ബി ജെ പിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതിന് കാരണമായതെന്നും ഇതില്‍ നിന്നും കുമ്മനത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷം ചെയ്‌തെന്ന് ഒ രാജഗോപാല്‍ എം എല്‍ എ യോഗത്തില്‍ പറഞ്ഞു. വോട്ട് വിഹിതം പല മടങ്ങ് വര്‍ധിപ്പിക്കാമെന്നുള്ള പ്രതീക്ഷകളുടെ കോട്ട തകരുകയും കാര്യമായ പോരാട്ടം പോലും നടത്താനാകാതെ പോയതുമാണ് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്. ബീഫ് വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.

വോട്ട് വിഹിതം കൂടേണ്ട വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ചയെ കുറിച്ചും പരാമര്‍ശമുണ്ടായി. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പകിട്ട് പാര്‍ട്ടിക്ക് നഷ്ടമായെന്നും ആരോപണമുയര്‍ന്നു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ക്ഷീണമുണ്ടാക്കിയെന്ന മറുപടി നല്‍കി രക്ഷപ്പെടാനാണ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ ശ്രമിച്ചത്. മലപ്പുറത്ത് നേരത്തെ മത്സരിച്ച സ്ഥാനാര്‍ഥിയെയാണ് ഇത്തവണയും മത്സരിപ്പിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് ഏകോപനത്തിലും വീഴ്ചയുണ്ടായില്ലെന്ന് കുമ്മനം രാജശേഖരന്‍ മറുപടിയായി പറഞ്ഞു. സംസ്ഥാന സമിതിയോഗം ഇന്ന് രാവിലെ പത്തിന് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ നടക്കും.

 

Latest