Connect with us

National

കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; ഒരു എം എല്‍ കൂടി ബി ജെ പിയില്‍

Published

|

Last Updated

ഇംഫാല്‍: ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്കുള്ള എം എല്‍ എമാരുടെ കൂടുമാറ്റം തുടരുന്നു. സിന്‍ഗ്ന്‍ഗത് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ഗിന്‍സ്വാന്‍ഹാ സൗവാണ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. നേരത്തെ, നിയമസഭയില്‍ ഹിതപരിശോധനക്ക് തൊട്ടുമുമ്പ് മറ്റൊരു കോണ്‍ഗ്രസ് അംഗം ശ്യാംകുമാര്‍ ബി ജെ പിക്കൊപ്പം ചേരുകയും മന്ത്രിസഭാംഗത്വം നേടിയെടുക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പ് ബി ജെ പിയുടെ ഘടക കക്ഷിയായ എന്‍ പി പിയില്‍ നിന്നുള്ള മന്ത്രിസഭാംഗം എല്‍ ജയന്തകുമാര്‍ ആരോഗ്യ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. വകുപ്പില്‍ പലരും കൈകടത്തുന്നുവെന്ന ആരോപണമുന്നയിച്ചുള്ള അദ്ദേഹത്തിന്റെ രാജിയുടെ ക്ഷീണം മാറ്റുന്നത് കൂടിയാണ് ബി ജെ പിയെ സംബന്ധിച്ച് കോണ്‍ഗ്രസ് അംഗം സൗവിന്റെ പാര്‍ട്ടി പ്രവേശം. ഇംഫാലില്‍ ബി ജെ പി ഓഫീസില്‍ നടന്ന ചടങ്ങിലാണ് സൗ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന വിവരം സൗ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ദിവസം കഴിയുന്തോറും തനിക്ക് കൂടുതല്‍ ആത്മവിശ്വാസവും സര്‍ക്കാറിന് ശക്തിയും ലഭിക്കുകയാണെന്ന് മുഖ്യമന്ത്രി ബിരേണ്‍ സിംഗും ഈ സംഭവത്തോട് പ്രതികരിച്ചു. ബിരേണ്‍ സിംഗും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭബനന്ദ സിംഗും ചേര്‍ന്നാണ് സൗവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ പി പിയില്‍ നിന്നും എന്‍ പി എഫില്‍ നിന്നുമുള്ള നാല് വീതം അംഗങ്ങളുടെയും ഓരോ തൃണമൂല്‍ കോണ്‍ഗ്രസ്, എല്‍ ജെ പി, സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയില്‍ 21 അംഗങ്ങളുള്ള ബി ജെ പിയാണ് ബിരേണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് രണ്ട് അംഗങ്ങളെ അടര്‍ത്തിയെടുക്കാനും ബി ജെ പിക്ക് സാധിച്ചു. രണ്ട് എം എല്‍ എമാരെ കൂടാതെ കോണ്‍ഗ്രസുകാരായ 14 ജില്ലാ തദ്ദേശ ഭരണ കൗണ്‍സില്‍ അംഗങ്ങളും ഇന്നലെ ബി ജെ പിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest