നിങ്ങള്‍ എത്രയാണ് വെള്ളം ഉപയോഗിക്കുന്നത്?

അഞ്ച് അംഗങ്ങള്‍ താമസിക്കുന്ന ഒരു കുടുംബത്തില്‍ പത്തുവര്‍ഷം മുമ്പ് ഉപയോഗിച്ചതിന്റെ എത്രയോ ഇരട്ടി വെള്ളമാണ് ഇന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഉപയോഗം കൂടുന്നതാണ് പ്രശ്‌നം. അത് പരമാവധി കുറച്ചുകൊണ്ട് വരികയാണ് പ്രായോഗിക പരിഹാരം. കോരിക്കുളിക്കുകയും അലക്കുകയും ചെയ്തിരുന്നവര്‍ ഷവറും വാഷിംഗ് മെഷീനും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിന്റെ ഉപയോഗം കുത്തനെ വര്‍ധിച്ചു. ബക്കറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകിയവര്‍ പൈപ്പ് ഉപയോഗിക്കുന്നവരായപ്പോള്‍ ഇരട്ടി വെള്ളം പാഴായി പോകുന്നു. വെള്ളം വിലകൊടുത്തു വാങ്ങുന്ന രാജ്യങ്ങളില്‍ ജനം അതിസൂക്ഷ്മമായ രൂപത്തില്‍ ഉപയോഗിക്കുന്നത് കാണാനാകും. പാത്രം കഴുകുക, ചെടി നനയ്ക്കുക എന്നിവയൊക്കെ ചെയ്യുന്നതില്‍ പരമാവധി നിയന്ത്രണം വരുത്തണം.
Posted on: April 19, 2017 6:12 am | Last updated: April 18, 2017 at 11:14 pm

അമ്പതോളം രാഷ്ട്രങ്ങള്‍ അതിരൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണെന്ന പുതിയ പഠനം ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാനാവില്ല. 39 ശതമാനം മഴ കുറവുള്ള കേരളത്തിലും ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. പല ഭാഗത്തും വരണ്ടുണങ്ങികഴിഞ്ഞു. മുപ്പതിനായിരം ഹെക്ടര്‍ കൃഷി നശിച്ചു. മുന്നൂറ് കോടിയുടെ നാശനഷ്ടം സംഭവിച്ചു. ഭയാശങ്കകളുടെ മുള്‍മുനയില്‍ ആടിയുലയുകയാണ് ഗ്രാമങ്ങള്‍.
സോമാലിയയില്‍ ശുദ്ധജലം ലഭിക്കാതെ 110 പേര്‍ മരിക്കുകയും 55 ലക്ഷം പേര്‍ക്ക് ജലജന്യരോഗങ്ങള്‍ പിടിപെട്ടതും വാര്‍ത്തയായിരുന്നു. ജല ദൗര്‍ലഭ്യം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇന്ത്യയെ പോലുള്ള മൂന്നാംലോകരാജ്യങ്ങളെ കുടിവെള്ള ക്ഷാമം ശക്തമായ രൂപത്തില്‍ ബാധിക്കും എന്നതില്‍ തര്‍ക്കമില്ല.
കുടിവെള്ളത്തിന് വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്നവര്‍, വലിയ വിലനല്‍കേണ്ടി വരുന്നവര്‍, ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടവര്‍, സമര സത്യാഗ്രഹങ്ങളും ജീവന്‍ മരണ പോരാട്ടങ്ങളും നടത്തുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. കേരളത്തിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലും ഈ നില തുടരുകയാണ്.

ജലം ജീവന്റെ ആധാരമാണ്. അത് സൃഷ്ടാവായ അല്ലാഹുവിന്റെ വരദാനമാണ്. അവന്‍ നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹമാണിത്. ജീവിതത്തിന്റെ രഹസ്യവും മനുഷ്യന്റെ നിലനില്‍പ്പിന്റെ മുഖ്യഘടകവുമാണിത്. ഭൂഗോളത്തിലെ സമസ്ത ജീവജാലകങ്ങള്‍ക്കുമുള്ളതാണ് ജലം. വെള്ളം കച്ചവടച്ചരക്കല്ല, വിപണന വത്കരണത്തിനും സ്വകാര്യവത്കരണത്തിനും കുത്തകവത്കരണത്തിനും ഒരിക്കലും അനുവദിച്ചുകൂടാ. വെള്ളം കൊള്ളയടിക്കുന്ന വാണിജ്യ സംഘങ്ങള്‍ക്കെതിരെ ആരോഗ്യകരമായ പ്രതിരോധം നിരന്തരം നടത്തേണ്ടതാണ്. കുടിവെള്ളം കോര്‍പറേറ്റ് കുത്തകകളുടെ കരാളഹസ്തങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി മോചിപ്പിക്കേണ്ടതുണ്ട്. വെള്ളമില്ലാത്തൊരു ജീവിതം ചിന്തിക്കാന്‍ പോലും സാധ്യമല്ല. ജീവവായുപോലെ പ്രധാനപ്പെട്ടതാണ് ജീവജലം. ജീവനുള്ള മുഴുവന്‍ സൃഷ്ടികളുടെയും ഉല്‍പത്തി വെള്ളത്തില്‍ നിന്നാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ അമ്പിയാഇല്‍ പ്രതിപാദിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ മനുഷ്യന് ഒരു മാസം വരെ ജീവിക്കാമെങ്കില്‍ വെള്ളം കുടിക്കാതെ ഒരാഴ്ച്ച പോലും ജീവിക്കാനാവില്ല.
ജൈവ ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നത് മനുഷ്യനാണ്. മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ വൃത്തി ബന്ധമില്ലാത്തതിനാല്‍ അവ കുടിക്കാന്‍ വേണ്ടി മാത്രമാണ് വെള്ളം ഉപയോഗിക്കുന്നത്. പാത്രം കഴുകാനും വസ്ത്രം അലക്കാനും തോട്ടം നനയ്ക്കാനും ശൗച്യം ചെയ്യാനും ഒന്നും ഒരു മൃഗവും ഒരുങ്ങാറില്ല. ആടിന് അഞ്ചും പശുവിന് നാല്‍പതും എരുമയക്ക് നാല്‍പ്പത്തിയഞ്ചും ലിറ്റര്‍ വെള്ളമാണ് ആവശ്യമായി വരുന്നത്. ചെറിയ മനുഷ്യന് വലിയ മൃഗത്തിന്റെ എത്രയോ ഇരട്ടി വെള്ളം ആവശ്യമായി വരുന്നു. കാരണം അവന് വൃത്തി ബോധവും ധാര്‍മിക ചിന്തയും കൂടുതലുണ്ട്. മനുഷ്യരാശിയേയും ജീവജാലങ്ങളെയും പ്രകൃതിയെ തന്നെയും സംരക്ഷിക്കേണ്ട വളരെ വലിയ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാഗമായാണിത് ആവശ്യമായി വരുന്നത്.
ഒരാള്‍ക്ക് ഒരു ദിവസം 150 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടര ലിറ്റര്‍ ശുദ്ധജലം കുടിക്കാനും 15 ലിറ്റര്‍ പാചകാവശ്യത്തിനും 57 ലിറ്റര്‍ കുളിക്കാനും ശുചീകരണാവശ്യത്തിനും. ബാക്കി 75 ലിറ്റര്‍ വസ്ത്രം അലക്കാനും പാത്രം കഴുകാനും മറ്റു ആവശ്യത്തിനും ഉപയോഗിക്കേണ്ടി വരുന്നു. തത്വദീക്ഷയില്ലാതെ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലും എത്രയോ കൂടുതല്‍ വാങ്ങേണ്ടിവരും.അറുപതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ തന്റെ ആയുസ്സില്‍ ആറ് കിണറിലെ വെള്ളം കുടിച്ച് തീര്‍ക്കുമത്രേ. കൃത്യമായി പറഞ്ഞാല്‍ 54750 ലിറ്റര്‍. ഒരു ദിവസം രണ്ടര ലിറ്റര്‍ കുടിക്കുന്നു. ഒരു വര്‍ഷമാകുമ്പോള്‍ 912.5 ലിറ്റര്‍. അറുപത് വര്‍ഷം കഴിയുമ്പോള്‍ 54,750. കുടിക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശരാശരി കണക്കാണിത്. ബാക്കി ഉപയോഗത്തിന് ആവശ്യമായി വരുന്ന 147 ലിറ്റര്‍ ജലത്തേയും ഇതുപോലെ കണക്കാക്കിയാല്‍ എന്തുമാത്രം വെള്ളം വേണ്ടിവരും.

ചെടി നനയ്ക്കാനും കൃഷി ആവശ്യത്തിനും ഫാക്ടറി ഉപയോഗത്തിനും കെട്ടിട നിര്‍മാണത്തിനും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്ന വെള്ളത്തിന്റെ കണക്ക് കൂടിയാകുമ്പോള്‍ ശരിക്കും വിസ്മയിച്ചു നിന്ന് പോകും തീര്‍ച്ച. ഈ വെള്ള മത്രയും ആര് തന്നു? എങ്ങിനെ ലഭിക്കുന്നു? അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? മേഘത്തിലൂടെ അതിനെ ഇറക്കിത്തരുന്നത് നിങ്ങളാണോ അതോ നമ്മളാണോ?(അല്‍ വാഖിഅ)
ജലം നിര്‍മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. യന്ത്രമനുഷ്യനെ സൃഷ്ടിക്കുകയും അതിനെ ഉപയോഗപ്പെടുത്തി ജോലിയെടുപ്പിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന് ഒരു തുള്ളി ജലം കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്ന പ്രതീക്ഷയുമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ സാര്‍വത്രികമായ കെ എഫ് സി, ബ്രോയിലര്‍ ചിക്കന്‍ പോലെയോ ചൈനയുടെ ഉത്പന്നം പോലെയോ യഥേഷ്ടം ഉത്പാദിപ്പിക്കാന്‍ പറ്റിയതല്ല വെള്ളം. ആകാശലോകത്ത് നിന്ന് പ്രപഞ്ചാധികാരിയായ അല്ലാഹു ആവശ്യാനുസരണം ഭൂമിയിലേക്കിറക്കുന്നതാണ് വെള്ളം. അതിനാല്‍ വറ്റാത്ത ദൈവിക ജലസംഭരണിയില്‍ നിന്ന് ലഭിച്ചെങ്കിലെ ശരിയായ ഉപയോഗം നടക്കൂ എന്നതാണ് വസ്തുത
കൃത്രിമ മഴയിലൂടെ വെള്ളം ലഭിക്കുമോ എന്ന് സംശയിക്കുന്നവരുണ്ടാകും. ആവശ്യാനുസരണം അത് സാധ്യമല്ല. ഗവേഷണ പഠനങ്ങള്‍ക്ക് മാത്രം ഉപകരിക്കുന്നതാണിത്. കൃത്രിമ മഴ വര്‍ഷിപ്പിക്കാനൊരുങ്ങിയ പല അവസരത്തിലും മേഘ സാന്നിധ്യമുണ്ടാകാറില്ല. പലപ്പോഴും അപ്രതീക്ഷിതമായി കിട്ടുന്നതുപോലെയാണ് കൃത്രിമമഴ. ഇങ്ങനെ കുറഞ്ഞ അളവില്‍ മഴ വര്‍ഷിപ്പിക്കാന്‍ സാധിച്ചാല്‍ തന്നെ വലിയ സാഹസവും അതിനേക്കാള്‍ വലിയ ചെലവും ആവശ്യമായി വരുന്നു എന്നതാണ് യാഥാര്‍ഥ്യം.
അമിത ഉപയോഗവും അനാവശ്യ ജലചൂഷണവുമാണ് വെള്ളത്തിന്റെ ലഭ്യതയില്‍ കുറവ് സംഭവിക്കുന്നതിന്റെ മുഖ്യകാരണം. അഞ്ച് അംഗങ്ങള്‍ താമസിക്കുന്ന ഒരു കുടുംബത്തില്‍ പത്തുവര്‍ഷം മുമ്പ് ഉപയോഗിച്ചതിന്റെ എത്രയോ ഇരട്ടിയാണ് ഇന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഉപയോഗം കൂടുന്നതാണ് പ്രശ്‌നം. അത് പരമാവധി കുറച്ചുകൊണ്ട് വരികയാണ് പ്രായോഗിക പരിഹാരം. കോരിക്കുളിക്കുകയും അലക്കുകയും ചെയ്തിരുന്നവര്‍ ഷവറും വാഷിംഗ് മെഷീനും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിന്റെ ഉപയോഗം കുത്തനെ വര്‍ധിച്ചു. ബക്കറ്റ് ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകിയവര്‍ പൈപ്പ് ഉപയോഗിക്കുന്നവരായപ്പോള്‍ ഇരട്ടി വെള്ളം പാഴായി പോകുന്നു. വെള്ളം വിലകൊടുത്തു വാങ്ങുന്ന രാജ്യങ്ങളില്‍ ജനം അതിസൂക്ഷ്മമായ രൂപത്തില്‍ ഉപയോഗിക്കുന്നത് കാണാനാകും. പാത്രം കഴുകുക, ചെടി നനയ്ക്കുക എന്നിവയൊക്കെ ചെയ്യുന്നതില്‍ പരമാവധി നിയന്ത്രണം വരുത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളം പരമാവധി സൂക്ഷിക്കുക. എങ്കില്‍ പരിമിതമായ ജല സമ്പത്ത് കൊണ്ട് സമൃദ്ധമായി ജീവിക്കാന്‍ നമുക്കാകും. ജലം ഒഴുകി പോകുന്നതും മലിനപ്പെടുന്നതും ജാഗ്രതയോടെ നോക്കിക്കാണാന്‍ നമുക്കാവണം.

വീട് നിര്‍മിക്കുമ്പോള്‍ മുറികള്‍ക്ക് അനുസരിച്ച് ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതും പള്ളികളില്‍ ഹൗളുകള്‍ക്ക് പകരം പൈപ്പുകള്‍ സ്ഥാപിക്കുന്നതും അമിതമായ വെള്ളത്തിന്റെ ഉപയോഗത്തിനിടയാക്കും. ജലക്ഷാമം രൂക്ഷമായ അവസരത്തില്‍ പോലും കെട്ടിട നിര്‍മാണ ആവശ്യത്തിനായി ധാരാളം ശുദ്ധജലം ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തും. വീടുകളിലും പൊതു ഇടങ്ങളിലും പൊട്ടിയൊലിക്കുന്ന ടാപ്പുകളില്‍ നിന്നും ധാരാളം ജലം നഷ്ടപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചിട്ടുണ്ട്. 93 ശതമാനം കാര്‍ഷികാവശ്യങ്ങള്‍ക്കും 3.73 ശതമാനം വ്യവസായങ്ങള്‍ക്കും 3.73 ശതമാനം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. വ്യവസായിക രാഷ്ട്രങ്ങളിലെ ഒരാള്‍ക്ക് ദിവസം 2000 ലിറ്റര്‍ വെള്ളം വേണമത്രെ. പുതു തലമുറയുടെ അമിതോപയോഗമാണ് ഗുരുതരമായ ജല പ്രതിസന്ധിയുടെ മറ്റൊരു കാരണം. സ്വിമ്മിംങ് പൂളുകളും വാട്ടര്‍തീം പാര്‍ക്കുകളുമാണ് ന്യൂ ജനറേഷന് ഹരം പകരുന്നത്. ഇവരെ കാത്തിരിക്കുന്ന വിനോദ കേന്ദ്രങ്ങളുടെ ജല ചൂഷണം എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്ന രൂപത്തിലാണ്. മറു ഭാഗത്ത് കുടിനീരിനായി ജനം തെരുവിലിറങ്ങുമ്പോള്‍ ഇത്തരം ചൂഷണ മനോഭാവങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമായി വരുന്നു.
ഒരു മുദ്ദ് വെള്ളം കൊണ്ട് വുളൂ എടുക്കുകയും ഒരു സ്വാഅ് കൊണ്ട് കുളിക്കുകയും സമുദ്രത്തില്‍ നിന്ന് അംഗശുദ്ധി വരുത്തുകയാണെങ്കില്‍ പോലും മൂന്നിലധികം തവണ കഴുകരുതെന്ന് പഠിപ്പിക്കുകയും ചെയ്ത തിരുനബി(സ)യുടെ അനുയായികള്‍ വെള്ളത്തിന്റെ ഉപയോഗത്തിന്റെ മഹത്തം പഠിച്ചേമതിയാകൂ. ആരാധനയുടെ ഭാഗമായ ശുദ്ധീകരണത്തില്‍ പോലും മൂന്നിലധികം കഴുകുന്നത് ദൂര്‍വ്യയമാണെന്നാണ് പ്രവാചകന്റെ അധ്യാപനം. വെള്ളം എത്ര ഉപയോഗിക്കുന്നു എന്നതിലേറെ പ്രസക്തമായത് വെള്ളം എത്ര നഷ്ടപ്പെടുത്തുന്നു എന്നതാണ്. അതി സൂക്ഷ്മമായ ശ്രദ്ധകൊണ്ട് ശരിയാക്കിയെടുക്കാവുന്നതാണ് ഈ പ്രതിസന്ധി.

ലോകത്തില്‍ ആകെയുള്ള വെള്ളത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ശുദ്ധജലമുള്ളത്. ബാക്കി 97 ശതമാനവും സമുദ്രജലമാണ്. ശുദ്ധജലത്തിന്റെ 77 ശതമാനവും മഞ്ഞുമലകളിലും ഹിമാനികളിലുമാണ്. ഭൂരിഭാഗം ജനങ്ങളുടെയും മിക്കവാറും രോഗങ്ങളുടേയും അടിസ്ഥാന കാരണം ശുദ്ധജലത്തിന്റെ അഭാവമാണെന്ന് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ചു കോടിയിലധികം കുട്ടികളാണ് ജലജന്യരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നത്. മരണതുല്ല്യരായി ജീവിക്കുന്നവര്‍ അതിലേറെയാണ്.
ജലസ്രോതസ്സുകള്‍ മലിനമാകാന്‍ അനുവദിക്കാതെ സംരക്ഷിക്കേണ്ടതുണ്ട്. 44 നദികളും അനേകം പുഴകളും തോടുകളും കുളങ്ങളും ഡാമുകളും ഒട്ടേറെ കനാലുകളുമായി വെള്ളം ഉപയോഗിക്കുന്ന സംഭരണികളാല്‍ സമ്പന്നമായ നമ്മുടെ കേരളീയര്‍ക്ക് വെള്ളത്തിന്റെ മൂല്യം അറിയാന്‍ കുറച്ചു പ്രയാസമുണ്ടാകും. പെട്രോളിയത്തേക്കാള്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങുന്ന പല പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും അവസ്ഥ നമുക്കും വരാനിരിക്കുന്നു എന്നതാണ് പുതിയ സൂചനകള്‍ നല്‍കികൊണ്ടിരിക്കുന്നത്.
ലോകത്തിലെ ശുദ്ധജല സ്രോതസ്സുകളില്‍ ഏറ്റവും പ്രധാനം മഞ്ഞുമലകളാണ്. ഗ്ലേസിയര്‍ അഥവാ ഹിമാനിയെന്നും ഐസ് ബര്‍ഗ് അഥവാ മഞ്ഞുമല എന്നും ഇവക്ക് പേരുണ്ട്. ഭൂമിയുടെ കരഭാഗത്തിന്റെ 10 ശതമാനത്തോളം വരും ഈ മഞ്ഞു മലകള്‍. പലതും കിലോമീറ്ററുകളോളം നീളമുള്ളതാണ്.അവ ഉരുകി വെള്ളമായാല്‍ നമ്മുടെ സമുദ്രത്തിന്റെ നിരപ്പ് 260 അടി ഉയരുമെന്നതാണ് വസ്തുത. ഭൂമിയില്‍ ശുദ്ധജലം ലഭ്യമാകുന്ന ഉറവിടങ്ങളാണ് ഭൂഗര്‍ഭ ജല സ്രോതസ്സുകളും ഉപരിതല ജലസ്രോതസ്സുകളും.
മനുഷ്യന്‍ തന്നെയാണ് യഥാര്‍ഥത്തില്‍ വെള്ളം മുടക്കുന്നത്. കരയില്‍ സ്റ്റോക്ക് ചെയ്യപ്പെടേണ്ട മഴ വെള്ളം അവിടെ തങ്ങിനില്‍ക്കാനനുവദിക്കാതെ ജലക്ഷാമം സൃഷ്ടിക്കുന്നു. മരം മുറിച്ചും പുഴയും മറ്റു ജല സ്രോതസ്സുകളും മലിനപ്പെടുത്തിയും മുറ്റങ്ങളെ ഇന്റര്‍ലോക്ക് ചെയ്തും പ്രകൃതിയോട് ക്രൂരമായി നാം പെരുമാറുമ്പോള്‍ പ്രകൃതി ഇത്തരത്തില്‍ തിരിച്ചടിക്കുന്നത് നാം അനുഭവിക്കേണ്ടിവരും. ഓരോ തുള്ളിയും വിലപ്പെട്ടതാണ്. വരും തലമുറക്കായി അതിനെ സംഭരിച്ചുവെക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ചൂഷണത്തിന്റെ മനോഭാവം മാറ്റിവെച്ച് വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നാം ചെയ്യേണ്ട ധാര്‍മികമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് വേണം മുന്നോട്ട് പോകാന്‍. എങ്കില്‍ ബാക്കിയുള്ളതെങ്കിലും സംരക്ഷിക്കാന്‍ നമുക്കായേക്കും.