മാനഭംഗ ശ്രമത്തിനിടെ വൃദ്ധയെ കൊല്ലാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍

Posted on: April 18, 2017 11:58 pm | Last updated: April 18, 2017 at 11:58 pm

arrestമണ്ണഞ്ചേരി: തനിച്ച് താമസിക്കുന്ന വൃദ്ധയെ അര്‍ധരാത്രി വീടിനുള്ളില്‍ കയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുന്നേപ്പറമ്പില്‍ സുരാജ്(26)ആണ് പിടിയിലായത്. ഇയാള്‍ ഹൗസ്‌ബോട്ട് സ്രാങ്കാണ്. അയല്‍വാസിയായ വൃദ്ധയാണ് ആക്രമണത്തിനിരയായത്. അടിയുടെ ആഘാതത്തില്‍ വലത് കണ്ണ് നഷ്ടപ്പെട്ട വൃദ്ധ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഷു തലേന്ന് രാത്രി 12 ഓടെയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ബന്ധു കൈനീട്ടം നല്‍കാന്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന വൃദ്ധയെ കണ്ടത്. തുടര്‍ന്ന് മണ്ണഞ്ചേരി പോലീസാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും തലക്കുമേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് നഷ്ടപ്പെട്ട വൃദ്ധ ബോധരഹിതയായിരുന്നു. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് ബോധം തെളിഞ്ഞത്.

അടുക്കളഭാഗത്തെ കതക് തള്ളിതുറന്ന് അകത്ത് കയറിയ പ്രതി വൃദ്ധയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ടോര്‍ച്ച് തെളിച്ച് വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ ഫ്യൂസ് ഊരി മാറ്റിയ ശേഷം ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചോരയില്‍ കുളിച്ച് ബോധം കെട്ട് വൃദ്ധ വീണപ്പോള്‍ മരിച്ചെന്ന് കരുതി,പ്രതി പണത്തിനായി അലമാര തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളിലെ വൈദ്യുതി ഫ്യൂസ് ഈരി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പ്രതി ശ്രമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പേരെ മണ്ണഞ്ചേരി പോലീസ് ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണഞ്ചേരി എസ് ഐ കെ രാജന്‍ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധ പ്രതിയെ തിരിച്ചറിഞ്ഞു.