ചൈനയില്‍ സ്റ്റോക്ക് ഉയര്‍ന്നതോടെ റബ്ബര്‍ വിപണി തളര്‍ന്നു

Posted on: April 17, 2017 4:48 pm | Last updated: April 17, 2017 at 3:50 pm

കൊച്ചി: ചൈനയില്‍ റബ്ബര്‍ സ്‌റ്റോക്ക് ഉയര്‍ന്നത് രാജ്യാന്തര വിപണിയെ തളര്‍ത്തി. ഉത്സവ ഡിമാന്‍ഡ് കഴിഞ്ഞത് നാളികേരോത്പന്നങ്ങളെ തളര്‍ത്താം. കാര്‍ഷിക മേഖല കൂടുതല്‍ കുരുമുളക് വില്‍പ്പനക്ക് ഇറക്കി. വിദേശ വിപണികള്‍ക്ക് ഒപ്പം കേരളത്തിലും സ്വര്‍ണം കുതിച്ചു ചാട്ടത്തിന് ശ്രമം തുടങ്ങി.

ചൈനയില്‍ റബ്ബര്‍ സ്‌റ്റോക്ക് നില ഉയര്‍ന്നത് ഊഹക്കച്ചവടക്കാരെ അവധി വ്യാപാരത്തില്‍ വില്‍പ്പനകാരാക്കി. ഷാങ്ഹായ് വിപണിയിലെ തളര്‍ച്ച ജപ്പാന്‍, സിംഗപ്പൂര്‍ മാര്‍ക്കറ്റുകളില്‍ റബ്ബറില്‍ സമ്മര്‍ദ്ദമുളവാക്കി. അഞ്ച് മാസത്തെ താഴ്ന്ന റേഞ്ചിലാണ് ജാപാനില്‍ റബര്‍. വിദേശത്തെ തളര്‍ച്ച മറയാക്കി ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ നിരക്ക് താഴ്ത്തി ക്വട്ടേഷന്‍ ഇറക്കി. ടയര്‍ കമ്പനികള്‍ വാരത്തിന്റെ തുടക്കത്തില്‍ നാലാം ഗ്രേഡ് 14,800 രൂപക്ക് ശേഖരിച്ചെങ്കിലും പിന്നീട് നിരക്ക് 14,500 ലേയ്ക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് റബറിന് 400 രൂപ കുറഞ്ഞ് 13,900 രൂപയായി.
ഉത്സവകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കര്‍ഷകര്‍ കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കിയത് ഉല്‍പ്പന്ന വിലയെ തളര്‍ത്തി. ഹൈറേഞ്ചില്‍ നിന്നും ഇതര ഭാഗങ്ങളില്‍ നിന്നുമുള്ള ചരക്ക് വരവിനിടയില്‍ അന്തര്‍സംസ്ഥാന വ്യാപാരികള്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 58,700 ല്‍ നിന്ന് 58,300 രൂപയായി താഴ്ത്തി. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 10,000 ഡോളറാണ്.

മറ്റ് ഉത്പാദന രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് ഏറെ ഉയര്‍ന്നതിനാല്‍ വിദേശ വാങ്ങലുകാര്‍ ഇന്ത്യയെ തഴഞ്ഞ് വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും ബ്രസീലിലും ശ്രദ്ധകേന്ദ്രീകരിച്ചു. ഏപ്രില്‍ -ഡിസംബര്‍ 2016 കാലയളവില്‍ രാജ്യത്ത് നിന്നുള്ള കുരുമുളക് കയറ്റുമതിയില്‍ 40 ശതമാനം ഇടിഞ്ഞു. ഈ കാലയളവില്‍ ഇന്ത്യന്‍ 903 കോടി രൂപ വിലമതിക്കുന്ന 14,100 ടണ്‍ മുളക് മാത്രമാണ് ഷിപ്പ്‌മെന്റ് നടത്തിയത്.

ഉത്സവ ഡിമാന്‍ഡ് കഴിഞ്ഞ സാഹചര്യത്തില്‍ നാളികേരോത്പന്നങ്ങളുടെ വില തിരുത്തല്‍ സംഭവിക്കാം. പ്രദേശിക ആവശ്യം കുറഞ്ഞതിനാല്‍ 13,100 രൂപയില്‍ നിന്ന് 13,000 രൂപയായി. കൊച്ചിയില്‍ കൊപ്ര വില 8760 രൂപ.
സീസണ്‍ അടുത്തോടെ ജാതിക്ക വില താഴ്ന്നു. പലതോട്ടങ്ങളും വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. ജാതിക്ക തൊണ്ടന്‍ കിലോ ഗ്രാമിന് 200-275 രൂപ, ജാതിപരിപ്പ് 400-520 രൂപയിലും ജാതിപത്രി 500-650 രൂപയിലും വാരാന്ത്യം ഇടപാടുകള്‍ നടന്നു.

സൈനിക നീക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേയ്ക്ക് അടുപ്പിക്കുന്നു. അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരമായ 1289 ഡോളര്‍ വരെ കുതിച്ച മഞ്ഞലോഹം ഈവാരം 1300 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ഒരുക്കത്തിലാണ്. 1303 ഡോളറിലെ പ്രതിരോധം മറികടന്നാല്‍ 200 ദിവസങ്ങളിലെ ഉയര്‍ന്ന നിലവാരമായ 1321 ഡോളറില്‍ സ്വര്‍ണത്തിന് വീണ്ടും തടസം നേരിടാം. വിപണിയുടെ സാങ്കേതിക വശങ്ങളും ബുള്ളിഷാണ്.
കേരളത്തില്‍ സ്വര്‍ണ വില പവന് 440 രൂപ വര്‍ധിച്ചു. ആഭരണ വിപണികളില്‍ പവന്‍ 21,880 രൂപയില്‍ നിന്ന് 22,320 രൂപയായി. ഇതോടെ ഒരു ഗ്രാമിന്റെ വില 2735 രൂപയില്‍ നിന്ന് 2790 ലെത്തി. വിവാഹ സീസണിന് തുടക്കം കുറിച്ചതിനാല്‍ ആഭരണ വില്‍പ്പന ഉയരാം.