ഇടതുപക്ഷത്തെ വലതരും യഥാര്‍ഥ ഇടതുപക്ഷവും !

Posted on: April 17, 2017 6:32 am | Last updated: April 17, 2017 at 2:37 pm

വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണമെന്ന് വള്ളത്തോള്‍ നാരായണ മേനോന്‍ എഴുതിയൊഴിഞ്ഞിട്ട് ദശകങ്ങളായി. വിമര്‍ശം വസ്തുതയറിഞ്ഞുവേണമെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ പാഠഭേദം. സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി പദവിയില്‍ നടപ്പായ കോടിയേരി ബാലകൃഷ്ണന്‍ കവിയാണെന്ന ആക്ഷേപം എതിരാളികള്‍ പോലും ഉന്നയിച്ചിട്ടില്ല, ഇനിയൊട്ട് ഉന്നയിക്കാനും പോകുന്നില്ല. കവിയല്ലെങ്കിലും കാവ്യനീതിയെക്കുറിച്ച് ഗ്രാഹ്യമുണ്ട് അദ്ദേഹത്തിന്. ആഭ്യന്തരകലഹങ്ങളില്‍, പാര്‍ട്ടിയിലേതായാലും മുന്നണിയിലേതായാലും, ഒത്തുതീര്‍പ്പാണ് കോടിയേരിയുടെ വൃത്തം. അതിനനുസരിച്ചേയുണ്ടാകൂ ഭാഷയില്‍ അലങ്കാരം.
വെളിയം ഭാര്‍വനോളമോ സി കെ ചന്ദ്രപ്പനോളമോ ഇല്ല കാനം രാജേന്ദ്രനെന്നാണ് സി പി ഐക്കാര്‍ പോലും അടക്കം പറഞ്ഞിരുന്നത്. താരതമ്യത്തില്‍ അര്‍ഥമില്ലെങ്കിലും പൂര്‍വസൂരികളോട് അങ്കത്തിന് ത്രാണിയുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയാണ്. സി പി എമ്മിനോട് തുലനം ചെയ്താല്‍ ചെറുതായ പാര്‍ട്ടിയെ, പ്രസക്തി ചോദ്യംചെയ്യാന്‍ തെല്ലിട നല്‍കാതെ, വലുതാക്കി നിര്‍ത്തുകയാണ് കാനം. സര്‍ക്കാറിന്റെ ഭാഗമായി തുടരുമ്പോഴും പ്രതിപക്ഷധര്‍മം നിറവേറ്റുക എന്നതാണ് അതിനേറ്റം നല്ല വഴിയെന്ന അനുഭവപാഠം തുണ. പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിറങ്ങി ഇടത് ജനാധിപത്യ മുന്നണിയുണ്ടാക്കാനുളള കരാറിന്റെ ഭാഗമായ കാലം മുതലുള്ള അനുഭവങ്ങള്‍.
അതിനും മുമ്പ്, ഇന്ത്യാ മഹാരാജ്യം വിപ്ലവത്തിന് പരുവപ്പെട്ടോ എന്ന തര്‍ക്കം തീര്‍പ്പില്ലാതെ തുടരുന്ന കാലത്ത് രാജ്യത്തിനകത്തുള്ള ബൂര്‍ഷ്വാസിയെ എങ്ങനെ സമീപിക്കണമെന്നതില്‍ ഭിന്നാഭിപ്രായമുണ്ടായി.

രാജ്യത്തിന് പുറത്തുള്ള ബൂര്‍ഷ്വാസിയെപ്പോലെ അകറ്റി നിര്‍ത്തേണ്ടവരല്ല രാജ്യത്തിനകത്തുള്ളവരെന്നും അവരെ സ്വാംശീകരിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും ഒരു പക്ഷം. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ അംഗീകരിച്ചാല്‍ വിപ്ലവ സ്വഭാവത്തില്‍ വെള്ളം ചേര്‍ക്കലാകുമെന്ന് മറുപക്ഷം. യഥാര്‍ഥ കമ്യൂണിസ്റ്റ് മാതൃക സോവിയറ്റോ ചൈനീസോ എന്നതിലൊരു രാഷ്ട്രാന്തര തര്‍ക്കവും. ഇതില്‍ തീര്‍പ്പുണ്ടാകാതെ ഇന്ത്യന്‍ വിപ്ലവം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന നിലവന്നു. അന്യോന്യം മുറുകി. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചവര്‍ അവിഭക്ത കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്ന് മാര്‍ക്‌സിസ്റ്റുകളായി സ്വയം പ്രഖ്യാപിച്ചു. വിപ്ലവ സ്വഭാവം കൂടുതല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കാണെന്ന് കുറച്ചധികം പേര്‍ക്ക് തോന്നിയതിനാല്‍ സി പി ഐ (എം) വലുതായി. ശിഷ്ടഭാഗത്തെ വലതു കമ്മ്യൂണിസ്റ്റെന്ന് മുദ്രകുത്തി. കോണ്‍ഗ്രസിനൊപ്പം നിന്ന്, ‘ഇന്ത്യയാണ് ഇന്ദിര ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യത്തില്‍ പുളകിതരായി അടിയന്തരാവസ്ഥയെ തുണച്ചതോടെ വലതനെന്ന പേര് ഉറച്ചു.
ആ (ദുഷ്)പേരൊന്ന് മാറ്റിയെടുക്കാന്‍ ഇക്കാലമത്രയും ശ്രമിച്ചത് ഫലശൂന്യമായിരുന്നു. ഒരിക്കല്‍ കൂടി ശ്രമിക്കുകയാണ് കാനം രാജേന്ദ്രന്‍, അല്‍പം കടുപ്പിച്ചുതന്നെ. അതുകൊണ്ടാണ് സി പി എം നേതൃത്വം നല്‍കുന്ന, അതില്‍ തന്നെ പ്രമാണിയായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാറിന്റെ നയങ്ങളെ ഇടതുപക്ഷത്തു നിന്നാണ് എതിര്‍ക്കുന്നത് എന്ന് അദ്ദേഹം വാചാലനായത്. വലതെന്ന് ആക്ഷേപിക്കപ്പെടുന്നവര്‍ യഥാര്‍ഥ ഇടതാകുന്നതില്‍ വൈരുധ്യമുണ്ടോ അതില്‍ അധിഷ്ഠിതമായ ഭൗതികതയുണ്ടോ എന്നൊക്കെ സി പി എമ്മിന് പ്ലീനവശാല്‍ ഗണിക്കേണ്ടിവരും.

രാജ്യം ഭരിക്കുന്ന സര്‍ക്കാറിന്റെ നയങ്ങള്‍ മാറ്റാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരിമില്ലെന്നിരിക്കെ, രാജ്യാതിര്‍ത്തി നോക്കാതെ ബൂര്‍ഷ്വാസികളെ അംഗീകരിക്കേണ്ടിവരുന്നുവെന്ന ന്യായമുള്ളതിനാല്‍ അക്കാര്യത്തിലൊരു തര്‍ക്കം ഇനി ആവശ്യമില്ല. ഇടതില്‍ വലതുണ്ടോ, വലതിന് ഇടതാകാമോ എന്ന ചോദ്യങ്ങള്‍ ഉത്തരമര്‍ഹിക്കാത്തവയുമായി. എങ്കിലും ഇടതുപക്ഷം ഹൃദയപക്ഷമെന്നത് സി പി ഐക്ക് ചാര്‍ത്തിക്കൊടുക്കാനാകുമോ സി പി എമ്മിന്? ഇടതുപക്ഷം ചേര്‍ന്നുനിന്നെന്ന് അവകാശപ്പെട്ട് സി പി ഐ സംസ്ഥാന സെക്രട്ടറി നടത്തിയ വിമര്‍ശത്തിന് സി പി എം സംസ്ഥാന സെക്രട്ടറി ഒത്തുതീര്‍പ്പ് വൃത്തത്തില്‍ മറുപടി നല്‍കിയത് അതുകൊണ്ടാണ്. വസ്തുതയറിയാതെയുള്ള വിമര്‍ശം ഇടതുപക്ഷത്തിന് മുതലാളിത്തത്തേക്കാള്‍ വെറുപ്പുള്ള സംഗതിയാണ്. അതിനാല്‍ യഥാര്‍ഥ ഇടതുപക്ഷം സി പി എം തന്നെ!

മൂന്നാറിലും ഇടുക്കിയുടെ ഇതരഭാഗങ്ങളിലുമുള്ള കൈയേറ്റം ഒഴിപ്പിച്ചേ അടങ്ങൂവെന്നാണ് കാനത്തിന്റെ ശപഥം. അത് തടയാന്‍ ഇറങ്ങുന്നവര്‍ ഇടത് നയത്തിനൊപ്പമല്ലെന്നും. ഏതാണ്ടൊരു ദശകം മുമ്പ് മൂന്നാറില്‍ ജെ സി ബി ഇറങ്ങിയ കാലത്ത് മൂന്ന് സെന്റ് പട്ടയഭൂമിയും അതിന്റെ വിരിവും വിവരിച്ച്, പാര്‍ട്ടി ഓഫീസിന്റെ ഭൂമി മാന്താനെത്തിയാല്‍ കൈ വെട്ടുമെന്ന് പറഞ്ഞത് കാനത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു. അന്ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കെ പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയുമായിരുന്നു. ആ പട്ടയ ഭൂമിയുടെയും വിരിവിന്റെയും കാര്യത്തില്‍ എന്ത് തീര്‍പ്പാണുണ്ടായതെന്ന് പിന്നീട് ആരുമറിഞ്ഞില്ല. അന്നത്തെ കൈയേറ്റം മൂന്നാറിലെ സി പി ഐ ഓഫീസിന്റെ മുന്നില്‍ അവസാനിച്ചെന്ന് കൈയേറ്റ ചരിത്രത്തിന്റെ പല വാള്യങ്ങളിലൊന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലിപി തങ്കമോ രജതമോ എന്നതിലേ തര്‍ക്കമുള്ളൂ. കോട്ടിട്ടയാളും അതിന്റെ മേലുള്ളയാളും മറുപടി പറയാതെ അഴിഞ്ഞ മുടി കെട്ടില്ലെന്ന് അന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍ എം എം മണി മുതല്‍ എസ് രാജേന്ദ്രന്‍ വരെയുള്ള സി പി എം നേതാക്കള്‍ വി എസ്സിനെ തള്ളിപ്പറഞ്ഞ് കൂടെനിന്നിരുന്നു. അന്നും കൈയേറ്റമൊഴിപ്പിക്കണമെന്നതായിരുന്നു ഇടതു നയം. അതു തന്നെയാണ് ഇപ്പോഴും നയമെന്ന് കോടിയേരി ബാലകൃഷ്ണനും പറയുന്നു. പിന്നെ തര്‍ക്കമെന്ത്?

ഒരിക്കലും പൂര്‍ത്തിയാകാത്ത പട്ടയ വിതരണവും കല്‍പ്പാന്തകാലത്തോളം മൂന്നാറില്‍ തുടരേണ്ട ടാറ്റയുടെ ഭരണവുമുള്ളപ്പോള്‍ കൈയേറ്റമൊഴിപ്പിക്കലിനെക്കുറിച്ച് തര്‍ക്കം മാത്രമേ വേണ്ടൂ. കൃത്യമായ ഇടവേളകളില്‍ അതങ്ങനെ ആവര്‍ത്തിക്കും. സര്‍ക്കാര്‍ ഭൂമി, സര്‍ക്കാറിന്റേതാകണമെന്ന മൂഢചിന്തയുമായി ചില ഉദ്യോഗസ്ഥര്‍ ചിലകാലമെത്തുമ്പോള്‍ അതിന് അവസരമുണ്ടാകും. സര്‍ക്കാറിന്റെ ഭൂമിയെന്നാല്‍ ജനങ്ങളുടെ ഭൂമിയാണെന്നും ജനങ്ങളെന്നാല്‍ സമ്പത്തും അധികാരത്തെ സ്വാധീനിക്കാന്‍ കഴിവും ഉള്ളവര്‍ മാത്രമാണെന്നും തിരിയാത്ത ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍.

വിവരം അവകാശമാണെന്നതില്‍ പണ്ടേ തര്‍ക്കമില്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്. അതിനൊരു കമ്മ്യൂണിസ്റ്റ് ടിപ്പണി വേണമെന്ന നിര്‍ബന്ധമേയുള്ളൂ. ഇടതുപക്ഷ സര്‍ക്കാറിന്റെ കാര്യത്തിലായാലും അതങ്ങനെ തന്നെ വേണം. ടിപ്പണി സാധ്യമല്ലാത്തതില്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കാനുമാകില്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യത്തിലൊരു ന്യായാന്യായ പരിശോധനയാകാമെന്ന് പിണറായി വിജയന്‍ തീരുമാനിച്ചതും സി പി എം അനുവാദം നല്‍കിയതും അതുകൊണ്ടാണ്. ഇടതില്‍ ഇടതാകാന്‍ ശ്രമിക്കുന്ന കാനത്തിനും കൂട്ടര്‍ക്കും ഇത് മനസ്സിലാകുന്നില്ലെങ്കില്‍, ചരിത്രജ്ഞാനത്തിലുള്ള കുറവെന്നേ പറയാനാകൂ. ആ വസ്തുത മനസ്സിലാക്കാത്തിടത്തോളം വിമര്‍ശത്തില്‍ കഴമ്പില്ല തന്നെ. ചരിത്രജ്ഞാനം പോഷിപ്പിക്കല്‍ മുന്നണി യോഗത്തിലാകാം, മന്ത്രിസഭാ യോഗത്തിലുമാകാം. രണ്ടിടത്തും ഘടകന്‍മാര്‍ക്ക് മൗനം വിധിച്ചിട്ടുള്ളതിനാല്‍ ജ്ഞാന സമ്പാദനം മുഷിയില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സ്ഥലത്ത് പറയാന്‍ ഭയമുള്ളതിനാല്‍ വിധിക്കാതെ തന്നെ മൗനം ദീക്ഷിക്കാം. അതങ്ങനെ തുടര്‍ന്ന് വീര്‍പ്പുമുട്ടുമ്പോള്‍ വിമര്‍ശം പരസ്യത്തിലാകാം. അണി – പണ ശേഷിയില്‍ ഏറെ മുന്നിലുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്ക് കീഴ്‌വഴങ്ങുന്നില്ല നേതൃത്വമെന്ന് ശേഷിക്കുന്ന അനുയായികളെ ബോധ്യപ്പെടുത്താന്‍ അതേ മാര്‍ഗമുള്ളൂ. സ്വന്തം പ്രസക്തി സ്വയം ബോധ്യപ്പെടുത്താനുള്ള മരുന്നുമാകും.

പതിനൊന്ന് മാസത്തിനിടെ, മുഖ്യമന്ത്രി പലകുറി ഏറ്റുപറഞ്ഞതാണ് പൊലീസിന്റെ വീഴ്ചകള്‍. എന്താരോപണമുണ്ടായാലും തെളിവ് കൊണ്ടുവരൂ എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചത് മാത്രമേ ഇതിനോട് മത്സരിക്കാനുള്ളൂ. എന്നിട്ടും പൊലീസ് ഭരണത്തില്‍ ഇടതിന്റെ നിറമില്ലെന്ന് പറഞ്ഞാല്‍, മകന്റെ മരണത്തിന് ഉത്തരവാദികളുണ്ടെങ്കില്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി ജി പി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയവരെ ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതലയുള്ള പോലീസ് നീക്കംചെയ്തത് ഇടതുനയമല്ലെന്ന് പറഞ്ഞാല്‍ വസ്തുതകളെ തൊണ്ടതൊടാതെ വിഴുങ്ങാനറിയില്ലെന്നാണ് അര്‍ഥം. സമരം ചെയ്യാതെ തന്നെ നേടാവുന്ന ആവശ്യങ്ങള്‍ സമരത്തിലൂടെ നേടിയെന്ന് അവകാശപ്പെട്ടാല്‍ നേടിയത് എന്തെന്ന് ചോദിക്കും. അത് മുതലാളിമാരുടെ ചോദ്യമെന്ന് പരിഹസിച്ചാല്‍ അതിലൊരു ഇടത് സ്പര്‍ശമില്ല, ഇല്ലേയില്ല. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയാരെന്ന് അറിയുക തന്നെ വേണം. അതിനൊപ്പം പ്രധാനമല്ലേ വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം. അവിടെയുമുണ്ടായിരുന്നു പോലീസിന്റെ വീഴ്ച. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നതിലൊരു കമ്പം തോന്നിയതേയില്ല ആര്‍ക്കും. അടിസ്ഥാന വര്‍ഗത്തിന്റെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുന്ന, ഇടതുപക്ഷമായ സി പി ഐക്ക് പോലുമില്ല. സമരവീര്യമില്ലാത്ത പട്ടികജാതിക്കാരിയായ അമ്മക്ക് നീതി നേടിക്കൊടുക്കാനുള്ള യത്‌നം കൊണ്ട് ആര്‍ക്കെന്ത് നേട്ടം? ക്ഷീരമുള്ളിടത്തല്ലേ ചോരക്ക് കൗതുകം വേണ്ടൂ!

യു എ പി എ ചുമത്തരുതെന്നാണ് ഇടത് നയം. അതിന് അപവാദമുണ്ടാക്കി, പ്രസ്തുത നിയമം ചുമത്തപ്പെട്ടാല്‍ പരിശോധിച്ച് തിരുത്തും. തെറ്റ് ചെയ്യുക, ചെയ്തത് തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുക – അതാണ് യഥാര്‍ഥ ഇടതുപക്ഷം, വിശേഷിച്ച് സി പി എം. അതിന് ശ്രമിക്കുമ്പോള്‍, വിമര്‍ശിക്കുന്നത് പ്രതിപക്ഷ ക്രിയയാണ്, ശത്രുക്കളുടെ കൈയില്‍ ആയുധം വെച്ചുകൊടുത്ത് ആക്രമിക്കാന്‍ പ്രേരിപ്പിക്കലാണ്. ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ ഇടതുപക്ഷ അധീനതയിലുള്ള വനാതിര്‍ത്തിയിലെത്തി അട്ടിമറിക്ക് ശ്രമിച്ചാല്‍ ഏറ്റുമുട്ടി ഇല്ലാതാക്കുക എന്നതും ഇടതു നയം. അതിനെ മാവോയിസ്റ്റുകളെ പിടികൂടി വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചെന്ന് പ്രചരിപ്പിക്കുന്നത് ഇടത് വിരുദ്ധവും. കേരള പോലീസിന്റെ ഏറ്റുമുട്ടല്‍ തന്ത്രങ്ങളില്‍ അത്രയെളുപ്പം വ്യാജം കലരില്ലെന്ന ബോധ്യമില്ലാതെ വന്നാല്‍, വസ്തുതകളറിയാതെ വിമര്‍ശിക്കും. അതൊക്കെ തിരുത്തി മുന്നണിയെ പൂര്‍വാധികം ശക്തിപ്പെടുത്തി, സര്‍ക്കാറിന്റെ തിളക്കം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനാണ് ഒത്തുതീര്‍പ്പ് വൃത്തം. കലഹസമൃദ്ധമായിരുന്ന പാര്‍ട്ടിക്കാലത്തില്‍ പലകുറി ചമച്ച വൃത്തം. വേലിക്കകത്തു നിന്ന് പുറത്തേക്കിറങ്ങാത്ത, ച്യുതിയില്ലാത്ത കടുംപിടുത്തത്തെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തിയ ചാതുരി. അതിലും വലിയ തോട്ടി ചാരേണ്ടിവരില്ല കാനത്തിനും സി പി ഐക്കും.

പ്രശ്‌നവശാല്‍ ചര്‍ച്ചയാകാമെന്നാണ് കവി മനസ്സ്. മുന്നണിയായും ഒറ്റക്കൊറ്റക്കും. ഒരുപാധിയേയുള്ളൂ, വസ്തുതകള്‍ മനസ്സിലാക്കണം. ഭരണത്തിലെ വസ്തുത നന്നായി അറിയാവുന്നത് അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കാണ്. പിണറായി പറയും. കോടിയേരി ആവര്‍ത്തിക്കും. കാനത്തിനും കൂട്ടര്‍ക്കും മനസ്സിലാകും. ഇടതുനിലപാട് ഊട്ടിയുറപ്പിച്ചതിന്റെയും മുന്നണി പൂര്‍വാധികം ശക്തിപ്പെട്ടതിന്റെയും പ്രഖ്യാപനം വൈക്കം വിശ്വന്‍ നടത്തും. അവിടെ അവസാനിക്കും മുന്നണി വിപ്ലവം. അപ്പുറത്തേക്ക് വഴികളില്ലെന്ന് കാനത്തിനും കൂട്ടര്‍ക്കും അറിയാവുന്നത് പോലെ മറ്റാര്‍ക്കും അറിയില്ലല്ലോ!