ആതിരപ്പിള്ളി പദ്ധതി; എല്ലാവരും പറഞ്ഞാല്‍ മാത്രമെ നടപ്പാക്കൂ: മന്ത്രി മണി

Posted on: April 15, 2017 8:22 pm | Last updated: April 17, 2017 at 10:26 am

ഇരിട്ടി: എല്ലാവരുടെയും അഭിപ്രായത്തോട് യോജിച്ചായിരിക്കും ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കൂ എന്ന് മന്ത്രി എം എം മണി. അഭിപ്രായ സമന്വയത്തോടെ പദ്ധതി നടപ്പിലാക്കുമെന്നുതന്നെയാണ് നിയമസഭയിലും പറഞ്ഞത്.എന്നാല്‍ ചിലര്‍ ആവിശ്യമില്ലാതെ അധികവായന നടത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

വൈദ്യുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍ നിന്ന് 7.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെയാണ് ഈ സ്ഥലം.