ഷാര്‍ജയില്‍ തീപ്പിടിത്തം: മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

Posted on: April 15, 2017 1:08 pm | Last updated: April 15, 2017 at 8:27 pm

ഷാര്‍ജ: ഷാര്‍ജ റോള അല്‍ അറൂബ സ്ട്രീറ്റില്‍ ബഹുനില റസിഡ!ന്‍ഷ്യല്‍ കെട്ടിടത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നു പുലര്‍!ച്ചെ ഉണ്ടായ തീ പിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കുണ്ട്്. മലപ്പുറം സ്വദേശി ദീപന്‍ കണ്ണന്തറ (27), ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഇമോന്‍ എന്നിവരാണു തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചു മരിച്ചത്. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഷാര്‍ജയില്‍ കാഷ്യര്‍ ആയി ജോലി നോക്കുകയായിരുന്നു ദീപന്‍. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല.

മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന 16 നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ മനാമ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീ പിടിത്തമുണ്ടായത്. പരുക്കേറ്റവരെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ രണ്ടു നിലകളും പൂര്‍ണമായും കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് എത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്കു പടര്‍ന്നില്ല.

റസ്റ്ററന്റും ഷോപ്പിങ് മാളും തിയറ്ററും അപ്പാര്‍ട്‌മെന്റുകളുമടക്കം നിരവധി കെട്ടിടങ്ങളുള്ള മേഖലയാണിത്. അഗ്‌നിബാധയെ തുടര്‍ന്ന് ഇവിടെനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. രാത്രി താമസസ്ഥലമില്ലാതെ പലരും റോഡരികിലിരുന്നാണ് നേരം വെളുപ്പിച്ചത്.