Connect with us

Gulf

യുനൈറ്റഡിനെ 'ട്രോളി' മിഡില്‍ ഈസ്റ്റ് വിമാന കമ്പനികള്‍

Published

|

Last Updated

ദോഹ: യാത്രക്കാര്‍ അധികമായതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ വലിച്ചിഴച്ച് ഇറക്കിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലെ “പൊങ്കാലയിടലില്‍” മിഡില്‍ ഈസ്റ്റ് വിമാന കമ്പനികളും. മിഡില്‍ ഈസ്റ്റിലെ പ്രധാന വിമാന കമ്പനികളായ ഖത്വര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, എയര്‍ ജോര്‍ദാന്‍ എന്നിവയാണ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ട്രോള്‍ ഇറക്കിയത്.

“ഞങ്ങളുടെ മൊബൈല്‍ ആപ്പ് വലിച്ചിഴച്ച് കൊണ്ട് പോയി താഴെയിടല്‍ സപ്പോര്‍ട്ട് ചെയ്യില്ല” എന്നായിരുന്നു കഴിഞ്ഞ ദിവസം ഖത്വര്‍ എയര്‍വെയ്‌സിന്റെ ട്വീറ്റുകളിലൊന്ന്. ഗള്‍ഫ് വിമാന കമ്പനികള്‍ക്കെതിരായ യുനൈറ്റഡ് സി ഇ ഒ ഈയിടെ നടത്തിയ ട്വീറ്റിന് ഉരുളക്ക് ഉപ്പേരിയായിരുന്നു എമിറേറ്റ്‌സിന്റെ ട്രോള്‍. “സൗഹൃദ ആകാശങ്ങളില്‍ പറക്കൂ.. ഈ സമയം യഥാര്‍ഥമായും” എന്നതായിരുന്നു എമിറേറ്റ്‌സിന്റെ ട്വീറ്റ്. “യാത്രക്കാരോ ജീവനക്കാരോ വിമാനത്തിനുള്ളില്‍ വലിച്ചിഴക്കുന്നത് നിരോധിച്ചിരിക്കുന്നു” എന്ന ശക്തമായ പരിഹാസവുമായി റോയല്‍ ജോര്‍ദാനിയനും രംഗത്തെത്തി. പുകവലി നിരോധത്തിന്റെ ചിത്രം നല്‍കിയായിരുന്നു ജോര്‍ദാന്‍ വിമാന കമ്പനിയുടെ ട്രോള്‍.
യുനൈറ്റഡ് വിമാനത്തില്‍ നിന്ന് പ്രായമുള്ള ഒരാളെ രക്തമൊഴുകുന്ന നിലയില്‍ വലിച്ചിഴക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. പരിഹാസ പാത്രമായതിനു പുറമേ കമ്പനിക്കെതിരെ ആഗോള വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഡോളറാണ് യുനൈറ്റഡിന് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നഷ്ടമായത്. അധികമായി ബുക്കിംഗ് ചെയ്ത വിമാനത്തില്‍ നിന്ന് പണം നല്‍കിയ യാത്രക്കാരെ പോലീസിനെ ഉപയോഗിച്ച് നീക്കം ചെയ്യുന്ന കമ്പനിയുടെ നയത്തില്‍ മാറ്റം വരുത്തുമെന്ന് യുനൈറ്റഡ് എയര്‍ലൈന്‍സ് സി ഇ ഒ ഓസ്‌കര്‍ മുനോസ് പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

Latest