ഖാദര്‍ മാങ്ങാട് കണ്ണൂര്‍ സര്‍വകലാശാലയുടെ പടിയിറങ്ങി

Posted on: April 13, 2017 11:43 am | Last updated: April 13, 2017 at 11:43 am

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് സ്ഥാപനത്തിന്റെ പടിയിറങ്ങിയത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെ. അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് രംഗത്തെ മികവിനും വലിയ സംഭാവനകള്‍ നല്‍കിയാണ് ഡോ. എം കെ അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ മാങ്ങാട് സര്‍വകലാശാല വൈസ് ചാന്‍സിലറുടെ കാലാവധി പൂര്‍ത്തിയാക്കിയത്.

ഏപ്രില്‍ 14നാണ് ഔദ്യോഗികമായി വിരമിക്കുന്നതെങ്കിലും ഇടയില്‍ അവധി ദിനങ്ങള്‍ ഉള്ള സാഹചര്യത്തില്‍ അദ്ദേഹം ഇന്നലെ സര്‍വകലാശാലയോട് വിട പറയുകയായിരുന്നു. ഖാദര്‍ മാങ്ങാടിന്റെ സര്‍വകലാശാലഭരണകാലയളവില്‍ നിരവധി നേട്ടങ്ങള്‍ കൊയ്യാനും സര്‍വകലാശാലയെ മികവിലേക്ക് നയിക്കാനും കഴിഞ്ഞിട്ടുണ്ട്.
സര്‍വകലാശാലക്ക് ‘നാക്’ അംഗീകാരം ലഭിച്ചത് ഖാദറിന്റെ ശ്രമഫലമായാണ്. ഇതോടെ സര്‍വകലാശാല വികസനത്തിന് കൂടുതല്‍ പണം ലഭിക്കുകയും ചെയ്തു. ബാര്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച പാലയാട് ക്യാമ്പസിലെ നിയമ വകുപ്പിന് അംഗീകാരം നേടാനായത് മറ്റൊരു നേട്ടമാണ്. ജീവനക്കാരുടെ കുറവ് നികത്തുക വഴിയും അദ്ദേഹം തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ചു.