ചെങ്കണ്ണ് രോഗം പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതര്‍

Posted on: April 13, 2017 12:48 pm | Last updated: April 13, 2017 at 11:41 am

ചാവക്കാട്: വേനല്‍ക്കാല രോഗമായ ചെങ്കണ്ണ് പടര്‍ന്നു പിടിക്കുന്നു. ശക്തമായ ചൂടാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നേത്രപടലങ്ങളില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. കൂടുതലായി ബാക്ടീരിയയാണ് രോഗകാരിയെങ്കിലും വൈറസും രോഗം വരുത്തുന്നതായി അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. രോഗം മാറണമെങ്കില്‍ നാല് മുതല്‍ ഏഴ് വരെ ദിവസം വേണ്ടിവരും. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും അധികം വൈകാതെ മറ്റേ കണ്ണിനെയും ബാധിക്കും. എന്നാല്‍, വൈറസ് ബാധ മൂലമുണ്ടാകുന്നത് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രമേ ബാധിക്കുകയുള്ളൂ. പീളകെട്ടലും കുറവാകും.

ചെങ്കണ്ണ് രോഗം ബാധിച്ചാല്‍ കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും. ഈ അവസ്ഥ കുറച്ചുദിവസം നീണ്ടുനില്‍ക്കും. കണ്ണിന് കടുത്ത ചുവപ്പു നിറം, മണ്‍തരികള്‍ കണ്ണില്‍ പോയതിന് സമാനമായ അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍ നിന്ന് വെള്ളം വരിക, കണ്‍പോളകളില്‍ നീര് എന്നിവയാണ് ലക്ഷണങ്ങള്‍. രോഗം വന്നാല്‍ നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉപയോഗിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് മറ്റുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ ഇടക്കിടെ തണുത്ത ശുദ്ധജലത്തില്‍ കഴുകുന്നത് രോഗാണുക്കള്‍ പെരുകുന്നത് തടയാന്‍ സഹായിക്കും.