വേങ്ങരയുടെ ഭാവിയും തിങ്കളാഴ്ച അറിയാം

Posted on: April 13, 2017 11:26 am | Last updated: April 13, 2017 at 11:26 am

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തില്‍ മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി വേണ്ടി വരുമോ എന്ന് തീരുമാനിക്കുന്നതാകും തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം. സിറ്റിംഗ് എം എല്‍ എ പി കെ കുഞ്ഞാലിക്കുട്ടി വിജയിക്കുന്ന പക്ഷം ജില്ലയില്‍ മറ്റൊരു ഉപ തിരഞ്ഞെടുപ്പിന് കൂടി അധികം വൈകാതെ കളമൊരുങ്ങും. ഫല പ്രഖ്യാപനത്തോടൊപ്പം വേങ്ങര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ചര്‍ച്ചാ വിഷയമാകും. മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള തിരക്കുകളിലേക്ക് പാര്‍ട്ടി നേതാക്കളും നീങ്ങും.

വേങ്ങരയില്‍ നിന്ന് ഇത്തവണ ലഭിക്കുന്ന വോട്ടുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഉപതിരഞ്ഞെടുപ്പ് വരികയാണെങ്കില്‍ ഏറെ നിര്‍ണായകമാകും. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് വേങ്ങര മണ്ഡലത്തില്‍ നിന്ന് 60323 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ 72181 വോട്ട് നേടിയാണ് വേങ്ങരയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഫലം പ്രഖ്യാപിക്കുമ്പോള്‍ വേങ്ങരയില്‍ ലീഗിന് വോട്ട് കുറയുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കു കൂട്ടല്‍.