Connect with us

Articles

വെള്ളമുണ്ടയുടെ വിളക്ക്; വയനാടിന്റെ വെളിച്ചം

Published

|

Last Updated

വയനാട്ടുകാരുടെ ഹസന്‍ ഉസ്താദ് എന്ന പി ഹസന്‍ മൗലവി ബാഖവി ഇന്ന് വെള്ളമുണ്ട പൗരാവലിയാല്‍ ആദരിക്കപ്പെടുമ്പോള്‍ ഒരു പണ്ഡിത വ്യക്തിത്വത്തിലേക്ക് കാലം കനിഞ്ഞ് അനുഗ്രഹിച്ച ഒട്ടേറെ നന്മകളും സ്‌നേഹോഷ്മളതകളുമാണ് അടയാളപ്പെടുത്തപ്പെടുന്നത്.
നിറകുടം തുളുമ്പാറില്ലെന്ന പ്രയോഗം ഏറ്റവും അന്വര്‍ഥമാകുന്ന വിധം ഗുണഗണങ്ങള്‍ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു, ഹസന്‍ ഉസ്താദില്‍. പാണ്ഡിത്യത്തിന്റെ നിറവ്, ലാളിത്യത്തിന്റെ നിറപുഞ്ചിരി, വിനയത്തിന്റെ മുദ്രകള്‍, സമീപനങ്ങളിലെ സൂക്ഷ്മത തുടങ്ങിയ ഘടകങ്ങള്‍ ഹസന്‍ മൗലവിയെ ശ്രദ്ധേയനാക്കുന്നു. സമൂഹത്തില്‍ കാലം അനിവാര്യമാക്കുന്ന വിയോജിപ്പുകള്‍ക്കതീതമായി സര്‍വരാലും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുക എന്ന അപൂര്‍വ നേട്ടം കൂടിയാണ് മൂന്ന് പതിറ്റാണ്ട് നീണ്ട വയനാട് വെള്ളമുണ്ടയിലെ മുദര്‍രിസിന്റെ പദവിയിലിരുന്ന് ഹസന്‍ മുസ്‌ലിയാര്‍ സ്വന്തമാക്കിയത്.

പൂങ്കുഴി അഹമ്മദ്കുട്ടി-നീലാമ്പ്ര ബീയ്യ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1946 ജൂണ്‍ 26നാണ് ഹസന്‍ മൗലവിയുടെ ജനനം. 1971ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ മലപ്പുറം നീലാഞ്ചേരി സ്വദേശിയായ ഹസന്‍ മൗലവി അതേ വര്‍ഷം തന്നെ വയനാട്ടില്‍ കണിയാംപറ്റ മില്ല്മുക്കില്‍ മുദര്‍രിസായി സേവനം ആരംഭിച്ചു. കോഴിക്കോട് എളേറ്റില്‍, വെളിമണ്ണ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 1988ല്‍ വെള്ളമുണ്ടയില്‍ മുദര്‍രിസായി നിയമിതനായി. നീണ്ട നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയില്‍ നൂറ് കണക്കിന് ശിഷ്യഗണങ്ങള്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി വെള്ളമുണ്ടയുടെ വിളക്കും വയനാടിന്റെ വെളിച്ചവുമായി ഹസന്‍ മൗലവി ജ്വലിച്ച് നില്‍ക്കുന്നു. ഹസന്‍ മുസ്‌ലിയാര്‍ പോയ വഴി തിരിച്ചറിയാന്‍ കല്ലും മുള്ളുമില്ലാത്ത വഴി തിരഞ്ഞാല്‍ മതിയെന്ന് ഒരു നല്ല തമാശയുണ്ടത്രെ നാട്ടുകാര്‍ക്ക്. നടക്കുന്ന വഴിയില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാവുന്ന ഒരു മുള്ളുപോലും ബാക്കിയാക്കാതെ എടുത്തുമാറ്റിയാണ് ആ നടത്തം. ഏതേത് സന്ദര്‍ഭത്തിലും വിശേഷങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് അദ്ദേഹം തന്നെ വേണം. ഹസന്‍ മുസ്‌ലിയാര്‍ അവരുടെ ആദരണീയനായ ഉസ്താദും നേതാവുമാണ്.
വെള്ളമുണ്ട മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി ഗ്രാമപഞ്ചായത്തില്‍ മെമ്പറുമായ എം സി ഇബ്‌റാഹിം ഹാജി ഉസ്താദിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: “”ഉസ്താദ് ഈ നാട്ടിലെല്ലാവര്‍ക്കും ഒരു കുടുംബാംഗത്തെ പോലെയാണ്. പരസ്പരം വിവരങ്ങള്‍ അറിയുകയും അന്വേഷിക്കുകയും ചെയ്യുന്ന സ്‌നേഹസമ്പന്നനായ കുടുംബാംഗം. പ്രാര്‍ഥിക്കാനും മന്ത്രിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയില്‍ പണം കടം കിട്ടാനും തുടങ്ങി എല്ലാ കാര്യത്തിനും എല്ലാവര്‍ക്കും ഉസ്താദിനെ വേണം. പലര്‍ക്കും പണം കടംകൊടുത്ത് സ്വന്തം ആവശ്യത്തിന് കടം വാങ്ങേണ്ടി വന്ന സാഹചര്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.”” “നിങ്ങളുടെ പണ്ഡിതസഭക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍” എന്ന ചോദ്യത്തോട് വളരെ വൈകാരികമായിരുന്നു ഇബ്‌റാഹിം ഹാജിയുടെ പ്രതികരണം. “”അതൊന്നും ഉസ്താദിന്റെ കാര്യത്തിലില്ല. അദ്ദേഹത്തിന് സംഘടനയും പരിപാടിയുമെല്ലാമായി മുന്നോട്ടു പോവാം. ഞങ്ങള്‍ക്ക് അദ്ദേഹം എല്ലാമെല്ലാമായ ഉസ്താദാണ്.”” വ്യക്തിത്വ വിശുദ്ധി വിഭാഗീയതകള്‍ക്ക് അതീതമായ പൊതുസ്വീകാര്യതയിലേക്ക് അദ്ദേഹത്തെ ആനയിച്ചു. സ്‌നേഹസാന്ത്വനവും പ്രാര്‍ഥനാ
സാമീപ്യവും നന്മകളുടെ നിറസാന്നിധ്യവുമായി വയനാടിന്റെ മുക്കിലും മൂലയിലും വരെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹസന്‍ മൗലവി ആനയിക്കപ്പെടുന്നു.

38 വര്‍ഷമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ അധ്യക്ഷനാണ് ഹസന്‍ മൗലവി. 1979ലാണ് സമസ്തയുടെ ജില്ലാ പ്രസിഡന്റായി അദ്ദേഹം നിയമിതനായത്. 1989 മുതല്‍ സമസ്തയുടെ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമാണ്.
ഓമശ്ശേരിക്കടുത്ത് വെളിമണ്ണയില്‍ ദര്‍സ് നടത്തുമ്പോഴുള്ള ഒരനുഭവമോര്‍ക്കുന്നു. മര്‍ഹൂം എം കെ എം കോയ മുസ്‌ലിയാരാണ് നിര്‍ബന്ധപൂര്‍വം അവിടെ എത്തിച്ചത്. അഞ്ചു വര്‍ഷം അവിടെ സേവനം ചെയ്തു. ഇക്കാലയളവിലാണ് ഹസന്‍മുസ്‌ലിയാരിലെ ധീരത പുറത്തുവന്ന പ്രസിദ്ധമായ സംഭവമുണ്ടായത്. സമസ്തയില്‍ ആശയ സംഘര്‍ഷത്തിന്റെ പ്രാരംഭമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിച്ച ജാഥ വെളിമണ്ണ അങ്ങാടിയില്‍ നടക്കുന്നു. കാന്തപുരത്തിനെതിരെയുള്ള ഭര്‍ത്സനമാണ് പ്രസംഗങ്ങളൊക്കെയും. ഹസന്‍ മുസ്‌ലിയാര്‍ പള്ളിയില്‍ നിന്നിറങ്ങി നേരെ വാഹനത്തിനടുത്തേക്ക് ചെന്നു. പക്ഷംചേരാതെ നില്‍ക്കുന്ന കാലമായതിനാല്‍ അവര്‍ സ്വീകരിച്ചിരുത്തി. മൈക്ക് വാങ്ങി അദ്ദേഹം ഉജ്ജ്വലമായി പ്രസംഗിച്ചു: “”ശംസുല്‍ ഉലമയെ അണ്ടനും അടകോടനുമാക്കിയവര്‍ക്ക് ഇപ്പോള്‍ കാര്യം മനസ്സിലായതില്‍ സന്തോഷമുണ്ട്. ആ വിധം കാന്തപുരത്തെയും തിരിച്ചറിയണം. പണ്ഡിതരെ തെറിപറയുന്നത് അവസാനിപ്പിക്കണം…”” പ്രസംഗം കഴിഞ്ഞ് ഹസന്‍ മുസ്‌ലിയാര്‍ പള്ളിയിലേക്ക് കയറിപ്പോയി. ശ്രോതാക്കളും ജാഥക്കാരും അന്യോന്യം നോക്കി.
മതപ്രബോധനത്തിന് പുറമെ ജീവ കാരുണ്യ സംരംഭങ്ങളിലെ ഹസന്‍ മൗലവിയുടെ പങ്കും മാതൃകാപരമാണ്. വയനാട്ടിലെ പ്രമുഖ സ്ഥാപനങ്ങളായ കല്‍പറ്റ ദാറുല്‍ ഫലാഹിന്റെയും മാനന്തവാടി മുഅസ്സസയുടെയും അമരക്കാരനാണ് ഹസന്‍ മൗലവി. കൂടാതെ ജില്ലക്ക് അകത്തും പുറത്തുമുള്ള നിരവധി ദീനി സ്ഥാപനങ്ങളുടെയും സാമൂഹിക സംരംഭങ്ങളുടെയും വഴികാട്ടിയായും അദ്ദേഹം വര്‍ത്തിക്കുന്നു.

മത-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ വിപുലമായ പദ്ധതികള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം മാനന്തവാടി ആസ്ഥാനമായി ആരംഭിച്ച മദീനത്തുന്ന്വസീഹ സ്ഥാപനങ്ങളുടെ ശില്‍പ്പിയുമാണ് ഹസന്‍ മൗലവി. മാനന്തവാടി കല്യാണത്തും പള്ളിക്കലിനടുത്ത് അഞ്ച് ഹെക്ടറിലാണ് ഈ സ്ഥാപനം സജ്ജമാകുന്നത്. ഇവിടെ നിര്‍മാണം പൂര്‍ത്തിയായ ജുമാ മസ്ജിദ് ആസന്ന റമസാനോടെ തുറന്നുകൊടുക്കും. മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെയുള്ള കര്‍മ പദ്ധതികളാണ് മദീനത്തുന്ന്വസീഹയുടെ കീഴില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

 

Latest