മൂന്നാർ കെെയേറ്റം: റെവന്യൂ ഉദ്യോഗസ്ഥരെ സിപിഎം തടഞ്ഞു; നടപടിക്ക് നിർദേശം

Posted on: April 12, 2017 5:14 pm | Last updated: April 13, 2017 at 10:10 am

മൂന്നാര്‍: ദേവികുളത്ത് സബ് കലക്ടറുടെ നേതൃത്വത്തില കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ദേവികുളം ആര്‍.ഡി.ഒ ഓഫീസിന് എതിര്‍വശത്തെ എട്ട് സെന്റ് സര്‍ക്കാര്‍ ഭൂമി പരിശോധിക്കാന്‍ എത്തിയ സംഘത്തെയാണ് പ്രദേശത്തെ സിപിഎം പഞ്ചായത്ത് അംഗം സുരേഷിന്റെ നേതൃത്വത്തിലുള്ളവര്‍ തടഞ്ഞത്.

ഭൂസംരക്ഷണ സേനയിലെ നാല് ജീവനക്കാരാണ് ആദ്യം സ്ഥലത്ത് എത്തിയത്. ഇവര്‍ ഭൂമി പരിശോധന ആരംഭിച്ചപ്പോള്‍ സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ സ്ഥലത്തെത്തി. അക്രമികളെ പിടികൂടാന്‍ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും പരാതി എഴുതി നല്‍ണമെന്നായി പോലീസ്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെ അല്‍പസമയത്തിനം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ കലക്ടറെ അസഭ്യം പറയുകയും തടഞ്ഞുവെക്കുകയുമായിരുന്നു. പിന്നീട് സുരേഷ്‌കുമാറിനെ വിട്ടയച്ചാല്‍ സ്വയം ഷെഡ് പൊളിച്ച് ഒഴിഞ്ഞു പോകാമെന്ന് അറിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയച്ചു. സ്ഥലത്ത് എം.എല്‍.എ രാജേന്ദ്രന്‍ എത്തിയെങ്കിലും സംഭവത്തില്‍ ഇടപെടാതെ മടങ്ങി.

റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നടപടി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിലാണ് നടപടിയുണ്ടാവുക. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് ഭൂമി കൈയേറിയത്. ക്വാട്ടേഴ്‌സിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഇയാള്‍ ഷെഡു നിര്‍മിക്കുകയായിരുന്നു.