Connect with us

Kerala

നന്ദൻകോട് കൂട്ടക്കൊലക്ക് കാരണം അവഗണനയെന്ന് പ്രതി

Published

|

Last Updated

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലേക്ക് നയിച്ചത് പ്രതി നേരിട്ട അവഗണനയെന്ന് അന്വേഷണ സംഘം. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് വീട്ടില്‍ നിന്നുണ്ടായ അവഗണനയെ തുടര്‍ന്ന് തികച്ചും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് കാഡല്‍ ജീന്‍സന്‍ വെളിപ്പെടുത്തിയത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് ഇതിനായി നടത്തിയിരുന്നുവെന്നും പ്രതി സമ്മതിച്ചു. പിശാച് സേവക്ക് വേണ്ടിയാണ് താന്‍ കൊലപാതകം നടത്തിയതെന്ന പ്രതിയുടെ മുന്‍ മൊഴി തെറ്റാണെന്ന് ഇതോടെ വ്യക്തമായി. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന ഇയാളെ മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുന്നത്.

സ്വന്തം മാതാപിതാക്കളെ അടക്കം കൂട്ടക്കൊല ചെയ്തിട്ടും തെല്ലും കുറ്റബോധമില്ലാതെയാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ചത്. മനസ്സിനെ ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തി മറ്റൊരു ലോകത്ത് എത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് താന്‍ നടത്തിയത് എന്നാണ് പ്രതി ആദ്യം പറഞ്ഞത്. സ്വന്തം ശരീരത്തില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്താതെ മറ്റുള്ളവരെ കൊലപ്പെടുത്തിയത് എന്തിന് എന്ന സംശയത്തില്‍ നിന്ന് നടത്തിയ നിരന്തര ചോദ്യം ചെയ്യലില്‍ പ്രതി സത്യം തുറന്നുപറയുകയായിരുന്നു.

എല്ലാവരെയും ഒരു ദിവസമാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ അയല്‍ വാസികളുടെയും വീട്ടു ജോലിക്കാരിടെയും മൊഴികള്‍ ഇതിന് വിരുദ്ധമാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ക്ലിഫ്ഹൗസിന് സമീപമുള്ള വസതിയില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട പ്രൊഫ. രാജ് തങ്കത്തിന്റെ മകനാണ് കാഡല്‍.