Connect with us

Gulf

ഖത്വറില്‍ ഇനി ഭക്ഷണം പാഴാകില്ല; സംരംഭവുമായി മലയാളി ദമ്പതികള്‍

Published

|

Last Updated

ദോഹ: രാജ്യത്ത് ഇനി ഭക്ഷണം പാഴാകില്ല. ഗ്രോസറികളില്‍ നിന്നും റസ്‌റ്റോറന്റില്‍ നിന്നും മറ്റും പാഴാകുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്കെത്തിക്കാന്‍ രാജ്യത്ത് മലയാളി ദമ്പതികളുടെ പുതിയ കമ്പനി. ഖത്വറില്‍ പട്ടിണി ഇല്ലെങ്കിലും നല്ല ഭക്ഷണം വാങ്ങാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അധികം വരുന്ന ഇത്തരം ഭക്ഷണം വലിയ ആശ്വാസമേകും. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്ഷണമാണ് ഇത്തരത്തില്‍ ശേഖരിച്ച് സാധാരണക്കാര്‍ക്കെത്തിക്കുന്നത്. മലയാളികളായ വര്‍ദ മാമുക്കോയയും ഭര്‍ത്താവ് ഷാഹിദ് അബ്ദുല്‍ സലാമുമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച അന്താരാഷ്ട്ര ഭക്ഷ്യ മേളയോടനുബന്ധിച്ച് വഹബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിച്ചു.

11 ദിവസത്തെ പരിപാടിക്കിടെ ഈ നവസംരഭം 1000 പേര്‍ക്കുള്ള മികച്ച നിലവാരത്തിലുള്ള ഭക്ഷണമാണ് ശേഖരിച്ചത്. വഹബിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മാലിന്യക്കുപ്പയിലേക്കു പോകുമായിരുന്ന ഭക്ഷണമാണ് ഇതെന്ന് വര്‍ദ പറഞ്ഞു. വഹബ് ശേഖരിച്ചു നല്‍കിയ ഭക്ഷണം ഈദ് ചാരിറ്റിയാണ് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. അധികം വരുന്ന ഭക്ഷണത്തിനും ആവശ്യക്കാര്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുകയാണ് വഹബെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 2022 ലോക കപ്പില്‍ ഭകണം പാഴാക്കുന്നത് തടയുന്നതിനുള്ള സംരംഭത്തില്‍ തങ്ങള്‍ക്കു വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വര്‍ദ പറഞ്ഞു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. 2022 ലോക കപ്പിനെ പിന്തുണക്കുന്നതിനുള്ള നവസംരഭങ്ങള്‍ കണ്ടെത്തുന്നതിന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടത്തിയ ചാലഞ്ച് 22 മല്‍സരത്തില്‍ വഹബ് സെമിഫൈനല്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. അറബി ഭാഷയില്‍ സേവന തത്പരതയോടെ നല്‍കുക എന്നര്‍ഥമുള്ള വഹബില്‍ അഞ്ച് അംഗങ്ങളുള്ള കോര്‍ ടീമും ഇവരെ സഹായിക്കുന്ന യുവ വൊളന്റിയര്‍മാരുമാണുള്ളത്. സി ഇ ഒ അല്‍ അനൂദ് അബ്ദുല്‍ അസീസ് ജാസിം അല്‍ താനി, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും ഭക്ഷ്യസുരക്ഷയിലും വിദഗ്ധനായ ചീഫ് ടെക്‌നോളജി ഓഫീസര്‍ റമീസ് മുഹമ്മദ് കക്കോടന്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിം വ്യാറ്റ്, സഹ സ്ഥാപകനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ഷാഹിദ് അബ്ദുല്‍ സലാം എന്നിവരാണ് വര്‍ദക്കു പുറമേ കോര്‍ അംഗങ്ങള്‍. ഷാഹിദ് അബ്ദുല്‍ സലാമിന്റെ ഭാര്യയായ വര്‍ദയാണ് കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍. ലോകത്തെ തന്നെ പ്രതിശീര്‍ഷ ഭക്ഷണം പാഴാക്കലില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്വര്‍. ഒരാള്‍ ദിവസം 1.8 കിലോഗ്രാം വരെ ഭക്ഷണമാണ് രാജ്യത്ത് പാഴാക്കുന്നത്. ഖത്വറിന്റെ നഗര മാലിന്യത്തില്‍ പകുതിയും ഇങ്ങനെ ഒഴിവാക്കുന്ന ഭക്ഷ്യ വസ്തുക്കളാണ്. ആവശ്യമായ ഭക്ഷ്യ വസ്തുക്കളില്‍ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഖത്വറിനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവാത്തതാണെന്ന് വിദഗ്ധര്‍ പറയുന്നു.

 

Latest