സന്ദര്‍ശകരെ ആകര്‍ഷിച്ച് മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ്‌

Posted on: April 11, 2017 7:47 pm | Last updated: April 11, 2017 at 6:58 pm

ദോഹ: സന്ദര്‍ശകരെ ആകര്‍ഷിച്ച് മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ്. കത്താറ ബീച്ചിന് മുന്നിലായി ഈ വര്‍ഷം ജനുവരിയിലാണ് വില്ലേജ് തുറന്നത്. യൂറോപ്യന്‍ മാതൃകയില്‍ രൂപകല്പന ചെയ്ത വില്ലേജ് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും സഞ്ചാരികള്‍ക്കും ഇഷ്ട വിനോദ, വ്യാപാര കേന്ദ്രമായി മാറിയിട്ടുണ്ട്.

50,000 ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്ന ഇവിടെ 400 ചില്ലറ വില്‍പ്പന ശാലകളുണ്ട്. 357 ഷോപ്പുകള്‍, 19 കഫേകള്‍, 20 റസ്റ്റോറന്റുകള്‍ എന്നിവ ഇതില്‍പെടുന്നു. പൊതുജനങ്ങള്‍ക്ക് ഇരിക്കാനായി 500ഓളം സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 100 ചതുരശ്ര മീറ്ററില്‍ 21 വാണിജ്യ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെട്ട ലേഡീസ് പൊളിവാര്‍ഡ് വില്ലേജിന്റെ പ്രത്യേകതയാണ്. ഏപ്രില്‍ 30 വരെയാണ് മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് പ്രവര്‍ത്തിക്കുക.
വാരാന്ത്യങ്ങളില്‍ ധാരാളം ഉപഭോക്താക്കളെ ലഭിക്കുന്നതായി ഇവിടെയുള്ള കച്ചവടക്കാര്‍ പറഞ്ഞു. മറ്റു ദിവസങ്ങളിലും ശരാശരി 50 പേരെങ്കിലും സാധാനങ്ങള്‍ വാങ്ങാനെത്തുന്നുണ്ടെന്ന് ഗാര്‍മെന്റ് ഷോപ്പിലെ വില്‍പ്പനക്കാരി വ്യക്തമാക്കി. പ്രദേശവാസികള്‍ക്കു പുറമേ സഊദിക്കാരാണ് കൂടുതലായും എത്തുന്നത്. ദോഹയില്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഫെസ്റ്റിവല്‍ വില്ലേജെന്ന് സഊദി ടൂറിസ്റ്റായ മുഹമ്മദ് ദി പെനിന്‍സുലയോട് പറഞ്ഞു. കുടുംബത്തിനും ഈ സ്ഥലം വളരെയധികം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന കടകളില്‍ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. സഞ്ചാരികളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുപ്പിക്കകത്ത് മണലില്‍ കലാരചന നടത്തുന്ന മഹ്്മൂദ് കിന്‍ജ് പറഞ്ഞു. സഞ്ചാരികള്‍ കൗതുകപൂര്‍വമാണ് തന്റെ സൃഷ്ടികളെ കാണുന്നതെന്നും നല്ല വില്‍പ്പന നടക്കുന്നതായും അദ്ദേഹം പറഞ്ഞു.