ആപ്പിളും സാംസംഗും വേണ്ട; ഇന്ത്യക്കാർക്ക് പ്രിയം ഷിയോമിയോട്

മൊബൈല്‍ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നവരില്‍ 26 ശതമാനവും ഷിയോമിയാണ് തിരഞ്ഞെടുക്കുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. 12 ശതമാനം പേര്‍ മാത്രമാണ് ആപ്പിളിലേക്കും സാംസംഗിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ താത്പര്യപ്പെടുന്നത്.
Posted on: April 8, 2017 1:50 pm | Last updated: April 8, 2017 at 1:50 pm

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായി ചൈനീസ് കമ്പനിയായ ഷിയോമി മാറി. സാംസംഗിനെയും ആപ്പിളിനെയും ബഹുദൂരം പിന്നിലാക്കിയാണ് ഷിയോമി 2017ലെ ഇന്ത്യക്കാരുടെ ഇഷ്ട ബ്രാന്‍ഡായി മാറിയത്. മൊബൈല്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട കമ്പനികളുടെ പട്ടികയിലാണ് ഷിയോമി ഇടംപിടിച്ചത്.

മൊബൈല്‍ ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നവരില്‍ 26 ശതമാനവും ഷിയോമിയാണ് തിരഞ്ഞെടുക്കുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. 12 ശതമാനം പേര്‍ മാത്രമാണ് ആപ്പിളിലേക്കും സാംസംഗിലേക്കും അപ്‌ഗ്രേഡ് ചെയ്യാന്‍ താത്പര്യപ്പെടുന്നത്. മൈക്രോമാക്‌സാണ് ഈ പട്ടികയില്‍ ഏറ്റവും പിറകില്‍. വെറും രണ്ട് ശതമാനം. മോട്ടോറോള ഏഴ് ശതമാനവും ലെനോവയും വണ്‍പ്ലസും ആറ് ശതമാനവും ഇഷ്ടപ്പെടുന്നു.

നെറ്റ് വര്‍ക്ക് സ്പീഡ്, പ്രൊസസര്‍, ക്യാമറ, സ്‌ക്രീന്‍ സൈസ്, റെസല്യൂഷന്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ആളുകള്‍ ഷിയോമി തിരഞ്ഞെടുക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 2014ലാണ് ഷിയോമി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.