തിരുവാഭരണ മോഷണം : മേല്‍ശാന്തി അറസ്റ്റില്‍

Posted on: April 7, 2017 3:50 pm | Last updated: April 7, 2017 at 3:40 pm
അനീഷ് നമ്പൂതിരി

മണ്ണാര്‍ക്കാട്: കരിമ്പുഴ ശ്രീരാമ സ്വാമിക്ഷേത്രത്തിലെ തിരുവാഭരണം മോഷണം നടത്തി വില്‍ക്കുകയും പണയം വെക്കുകയും ചെയ്ത ക്ഷേത്രത്തിലെ മേല്‍ശാന്തി അനീഷ് നമ്പൂതിരി(24) യെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് എട്ട് മുതല്‍ 15 വരെ കരിമ്പ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്നു. ഉത്സവത്തിന് ഭഗാവന്റെ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്താന്‍ മാനേജര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു.

ഉത്സവത്തിന് ശേഷം ആഭരണം തിരികെ മാനേജറെ ഏല്‍പ്പിക്കാതെ ഒരോ ഒഴിവുകള്‍ പറഞ്ഞ് മേല്‍ശാന്തി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ മേല്‍ശാന്തിയെ കാണാതാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ക്ഷേത്രം കമ്മിറ്റി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഇയാളെ തിരുവാഴിയോട് വെച്ച് പിടി കൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ. മാവേലിക്കര സ്വദേശി വാസുദേവന്‍ നമ്പൂതിരി 2003ല്‍ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിക്കാരാനായി ചുമതല ഏല്‍ക്കുകയും പത്ത് വര്‍ഷത്തോളം സേവനം ചെയ്ത വാസുദേവന്‍ നമ്പൂതിരിയുടെ മരണത്തെ തുടര്‍ന്ന് 2013ല്‍ മകന്‍ അനീഷ് നമ്പൂതിരി മേല്‍ശാന്തിക്കാരനായി ചുമതലഏല്‍ക്കുകയായിരുന്നു.
അഞ്ചര സെന്റ് സ്ഥലം മാത്രമുള്ള അനീഷ് നമ്പൂതിരി റബ്ബ്‌കോ എന്ന സ്ഥാപനത്തില്‍ ഭൂമി പണയപ്പെടുത്തി 15 ലക്ഷം രൂപ വായ്പ എുത്ത് വീട് പുതുതായി നിര്‍മിക്കുകയും തുടര്‍ന്ന് 2017 ഫെബ്രുവരി 16ന് വിവാഹം കഴിക്കുകയും ചെയ്തു.

ഇത് മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറി കടക്കാനാണ് തിരുവാഭരണം സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചത്. പകരം ഡ്യൂപ്ലിക്കേറ്റ് കമ്മിറ്റിയെ തിരികെ ഏല്‍പ്പിക്കാനായിരുന്നു പദ്ധതിയിട്ടത്. മാര്‍ച്ച് പതിനേഴിനും 23നും വിഗ്രഹത്തിന്റെ രണ്ട് സ്വര്‍ണ്ണമാല അമ്പത്തിനാലായിരം രൂപക്ക് പണയപ്പെടുത്തിയിരുന്നു.
ഇതില്‍ ചെത്തല്ലൂരും മറ്റു സ്ഥലങ്ങളിലും വെച്ച കിരീടവും ലോക്കറും പോലീസ് റിക്കവറി നടത്തി. എന്നാല്‍ ഇന്നലെ ഹര്‍ത്താലായതിനാല്‍ മുത്തൂറ്റ് ഫൈനാന്‍സ്ില്‍ വെച്ച രണ്ട് സ്വര്‍ണ്ണ മാല കൂടി റിക്കവര്‍ ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. ശ്രീകൃഷ്ണപുരം എസ് ഐ കൃഷ്ണന്‍, എ എ്‌സ് ഐ മുരളി, സി പി ഒമാരായ മുഹമ്മദ് ഷാനിബ്, സജീഷ്, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.