Connect with us

Malappuram

ഫാസിസത്തെ ചെറുക്കാന്‍ ലീഗിനാകില്ല: ഐ എന്‍ എല്‍

Published

|

Last Updated

മലപ്പുറം: രാജ്യത്ത് വളര്‍ന്ന് വരുന്ന ഫാസിസത്തെ ചെറുക്കാന്‍ മുസ്‌ലിംലീഗിനോ കോണ്‍ഗ്രസിനോ കഴിയില്ലെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ മുസഫര്‍ നഗര്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും ലീഗിനെ കണ്ടിട്ടില്ല. ന്യൂനപക്ഷങ്ങളെ കുഞ്ഞാലിക്കുട്ടിയിലൂടെ ഏകീകരിക്കുമെന്ന വാദവും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ ഏകീകരണത്തില്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും കാര്യമായ പങ്കുവഹിക്കാനുമാവില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇടതുപക്ഷ കക്ഷികളാണ് ഫാസിസത്തെ ശക്തമായി ചെറുക്കുന്നത് എന്നതുകൊണ്ട് മലപ്പുറത്ത് ഇടതുപക്ഷം ജയിക്കണം. മലപ്പുറം ഈ തിരഞ്ഞെടുപ്പില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യ സ്വാമിയും ആര്‍ എസ് എസ് നേതൃത്വവും ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നത് സുപ്രീം കോടതിയിലെ വിചാരണയെ ഹൈജാക്ക് ചെയ്യാനാണ്. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും സാന്നിധ്യത്തില്‍ അഞ്ച് തവണ ഇരുകക്ഷികളും പങ്കെടുത്ത ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടതാണ.് തെളിവുകളുടെ അടിസ്ഥാനത്തില്‍ പള്ളിയും പ്രദേശങ്ങളും മുസ്്‌ലിംകള്‍ക്ക് ലഭിക്കുമെന്ന് തീര്‍ച്ചയാണ.് ഇതിലുള്ള പരിഭ്രാന്തിയാണ് പുതിയ അനുരഞ്ജന നീക്കത്തിന് പിന്നിലുള്ളത്. ഇനിയും അനുരഞ്ജന വാദമെന്നത് കേസില്‍ ജയിക്കില്ലെന്ന ഉത്തമ വിശ്വാസത്തില്‍ നിന്നുമുണ്ടായതാണ.് ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ എല്‍ നേതാക്കളായ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, കെ പി ഇസ്മാഈല്‍, സി പി അന്‍വര്‍ സാദത്ത്, ടി അബ്ദുസമദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest