Connect with us

Kannur

കുട്ടികള്‍ക്ക് മനസ്സു തുറക്കാം ഇനി ക്ലാസിലെ 'ഡോക്ടര്‍മാരോട്'

Published

|

Last Updated

കണ്ണൂര്‍: വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ എന്തു പ്രശ്‌നങ്ങള്‍ നേരിട്ടാലും മനസ്സു തുറന്നു പറയാനും അതു പരിഹരിക്കാനും സാന്ത്വനിപ്പിക്കാനും സഹപാഠികളായ “ഡോക്ടര്‍മാര്‍” തുണയേകും. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന സാഹച്യര്യത്തിലാണ് പ്രശ്‌നങ്ങള്‍ കൂട്ടുകാരോട് തുറന്നുപറയാനും അത് പരിഹരിക്കപ്പെടാനുമുള്ള ആരോഗ്യബോധവത്കരണ പദ്ധതി തയ്യാറാകുന്നത്. കുട്ടികളുടെ മാനസിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി അടുത്ത അധ്യയന വര്‍ഷം എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിംഗില്‍ പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളെ ഒരുക്കിയെടുക്കാന്‍ ആരോഗ്യവകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കയാണ്.

സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പദ്ധതി ഒരുങ്ങുന്നത്. വരുന്ന ജൂണില്‍ ഇത്തരത്തില്‍ നാലായിരം കുട്ടികളെയാണ് പരിശീലനം നല്‍കി കുട്ടികള്‍ക്കിടയിലേക്ക് വിന്യസിക്കുന്നത്. കൗമാര കാലഘട്ടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന എല്ലാതരം പ്രശ്‌നങ്ങളെയും നേരിടേണ്ട വിധത്തെക്കുറിച്ചും ഇക്കാര്യത്തില്‍ കൂട്ടുകാരെ സഹായിക്കേണ്ടത് എങ്ങനെയാണെന്നുമാണ് ശീലിപ്പിക്കുന്നത്. ദേശീയ ആരോഗ്യഗ്രാമീണ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യവകുപ്പിലെ ജീവനക്കാരാണ് പരിശീലനം നല്‍കുക.ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ലിംഗാധിഷ്ഠിത അതിക്രമം, കുട്ടികളുടെ അവകാശങ്ങളും അര്‍ഹതകളും, മാനസിക പിരിമുറുക്കങ്ങളും വികാര വിചാരങ്ങളും, കൂട്ടുകാരുടെ സമ്മര്‍ദങ്ങള്‍ എങ്ങനെ നേരിടാം, അപകടങ്ങള്‍, മുറിവുകള്‍, കൗമാര ഗര്‍ഭം തുടങ്ങി വിവിധ വിഷയങ്ങളിലാണ് ക്ലാസ് നല്‍കുന്നത്.ആഴ്ചയില്‍ രണ്ട് ദിവസമുള്ള പഠന പ്രക്രിയയില്‍ കായിക പരിശീലനമുള്‍പ്പടെ കുട്ടികള്‍ക്ക് നല്‍കും. സസ്റ്റുഡന്റ് പോലിസ് മാതൃകയില്‍ പ്രത്യേക യൂനിഫോമും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ട്, ഒമ്പത്,പതിനൊന്ന്, ക്ലാസുകളിലെ കുട്ടികളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നത്.
ഇടുക്കി, മലപ്പുറം,വയനാട്, പാലക്കാട് എന്നിങ്ങനെ നാല് ജില്ലകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പടെത്തുന്നത്. ഇതില്‍ വയനാട് ജില്ലയിലെ പരിശീലനം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഒരു ക്ലാസില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് കൗണ്‍സിലര്‍മാരായുണ്ടാകുക. സഹപാഠികള്‍ക്കുണ്ടാവുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അതത് സമയത്ത് സ്‌കൂളിലെ ചുമതലയുള്ള പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരെ അറിയിക്കുക, സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്, കൗമാര ഹെല്‍ത്ത് ക്ലിനിക്ക്, ആരോഗ്യബോധവത്കരണ ക്യാമ്പുകള്‍ എന്നിവക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍. ജീവിത ശൈലീരോഗങ്ങളെപ്പറ്റിയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശങ്ങളെക്കുറിച്ചുമെല്ലാം ശരിയായ ബോധവത്കരണം നല്‍കാന്‍ ഇവരുടെ സേവനത്തിലൂടെ കഴിയുമെന്ന് കൗമാരാരോഗ്യപ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ചുമതല വഹിക്കുന്ന ഡോ. അമര്‍സെറ്റല്‍ സിറാജിനോട് പറഞ്ഞു.
സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അണുകുടുംബ സംസ്‌കാരം കൗമാരക്കാരെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വിവിധ സര്‍വേകളില്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ഗുണപരമായ മാറ്റം വരുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Latest