Connect with us

Gulf

ദമാന്‍ സേവനം എമിറേറ്റ്‌സ് ഐ ഡി വഴി, പുതിയ സേവനം നിലവില്‍ വന്നു

Published

|

Last Updated

അല്‍ ഐന്‍: രാജ്യത്തെ സര്‍ക്കാര്‍ ആരോഗ്യ സേവനങ്ങള്‍ സ്മാര്‍ടാക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഐ ഡിയില്‍ പുതിയ സേവനങ്ങള്‍ ഉള്‍പെടുത്തുന്നു. ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ ദമാനിന്റെ സേവനം ലഭിക്കാന്‍ എമിറേറ്റ്‌സ് ഐ ഡി കാണിച്ചാല്‍ മതി. ഞായറാഴ്ച മുതല്‍ പുതിയ സൗകര്യം നിലവില്‍വന്നു.

ചികിത്സാ ചെലവ് തിരിച്ചു ലഭിക്കുന്നതിനുള്ള റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതിയായ “തിഖ”യില്‍ അംഗങ്ങളായവര്‍ക്കും ഈ സൗകര്യം ലഭിക്കും. എന്നാല്‍ യു എ ഇക്ക് പുറത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് നിലവില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഹാജരാക്കണം. രാജ്യാന്തര തലത്തിലും ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് എമിറേറ്റ്‌സ് ഐ ഡി മാത്രമാക്കാന്‍ ദമാന്‍, പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്നും അടുത്ത ഭാവിയില്‍ ഇത് സാധ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ് ഐ ഡിയുടെയും ഇന്‍ഷ്വറന്‍സ് പോളിസിയുടെയും കാലാവധി തമ്മില്‍ ബന്ധമുണ്ടായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പരിശീലനം ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്മാര്‍ട് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയാണിത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യമുള്ള വിധത്തില്‍ സേവനം ലഭ്യമാക്കുക എന്നത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്ന് ദമാന്‍ ചീഫ് പ്രോസസ് ഓഫിസര്‍ ഹമദ് ആല്‍ മെഹ്‌യാസ് പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാരും അവരുടെ എമിറേറ്റ്‌സ് ഐ ഡി കാര്‍ഡ് എല്ലായ്‌പോഴും കൈയില്‍ സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ ഇതേ കാര്‍ഡ് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നത് സൗകര്യപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015ലാണ് ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ എമിറേറ്റ്‌സ് ഐ ഡിയിലേക്കേ് മാറ്റാനുള്ള പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വരികയായിരുന്നു.
2017ല്‍ തന്നെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിവരങ്ങള്‍ എമിറേറ്റ്‌സ് ഐ ഡിയുമായി ബന്ധപ്പെടുത്തുന്ന നടപടി പൂര്‍ത്തീകരിക്കുമെന്ന് അബുദാബി ആരോഗ്യ അതോറിറ്റി (ഹാദ്), ദമാന്‍ എന്നിവയുടെ ഉദ്യോഗസ്ഥര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നതും വ്യാജ ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും തടയുന്നതിന് പുതിയ സംവിധാനം ഉപകരിക്കും.

Latest