Connect with us

National

ഇശ്‌റത്ത് ജഹാന്‍ കേസില്‍ കുറ്റാരോപിതനായ ഗുജറാത്ത് പോലീസ് മേധാവി രാജിവെച്ചു

Published

|

Last Updated

ഗാന്ധിനഗര്‍/ന്യൂഡല്‍ഹി: ഗുജറാത്ത് പോലീസ് മേധാവി പി പി പാണ്ഡെ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെച്ചു. 2004ലെ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്നയാളാണ് പി പി പാണ്ഡെ. ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഡി ജി പിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, പാണ്ഡെ സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഉത്തരവിടേണ്ടിവരുമെന്ന് ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പാണ്ഡെ രാജിവെക്കാന്‍ സന്നദ്ധനാണെന്നും അത് എത്രയും പെട്ടെന്ന് ഉണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് രാജിയുണ്ടായത്.

പാണ്ഡെയുടെ പടിയിറക്കത്തിന് പിന്നാലെ പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗങ്ങള്‍ തലസ്ഥാനമായ ഗാന്ധിനഗറില്‍ ആരംഭിച്ചിട്ടുണ്ട്. പാണ്ഡെയെ ഡി ജി പിയായി നിയമിക്കുമ്പോള്‍, അദ്ദേഹത്തിന് താത്കാലിക ചുമതല നല്‍കുന്നുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ജനുവരിയില്‍ ഈ കാലാവധി പൂര്‍ത്തിയായിട്ടും അദ്ദേഹം തന്നെ പോലീസ് മേധാവി സ്ഥാനത്ത് തുടരുകയായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് പാണ്ഡെയുടെ രാജി.
നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് മേധാവി സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലിയോ റിബൈറോ എന്നയളാണ് സു പ്രീം കോടതിയെ സമീപിച്ചത്.
സി ബി ഐ അന്വേഷിക്കുന്ന ഇശ്‌റത്ത് ജഹാന്‍ കേസില്‍ ഗൂഢാലോചന, അനധികൃതമായി തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പാണ്ഡെക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ഇനിയും വിചാരണ പൂര്‍ത്തിയായിട്ടില്ല. 2004ലുണ്ടായ വ്യാജ ഏറ്റുമുട്ടലില്‍ 19കാരിയായ ഇശ്‌റത്ത് ജഹാനും മറ്റ് മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ച് പോലീസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.