Connect with us

National

മുന്‍ ഡല്‍ഹി മന്ത്രി ഡോ. എ കെ വാലിയ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മന്ത്രിസഭാംഗവുമായിരുന്ന ഡോ. എ കെ വാലിയ കോണ്‍ഗ്രസ് വിട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ പാര്‍ട്ടി സീറ്റ് വീതംവെച്ചതില്‍ അതൃപ്തി വ്യക്തമാക്കിയാണ് വാലിയയുടെ രാജി.

ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു വാലിയ. അടുത്ത് നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിതംവെപ്പില്‍ വാലിയക്ക് അതൃപ്തിയുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്ന് വാലിയ ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.
ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ താന്‍ നിര്‍ദേശിച്ച വനിതാ സ്ഥാനാര്‍ഥിയെ മാറ്റി പാര്‍ട്ടി മറ്റൊരാളെ നിര്‍ത്തിയതാണ് വാലിയയെ പ്രകോപിപ്പിച്ചത്. അതേ സമയം, വാലിയയുടെ രാജി സംബന്ധിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.