പകലും ലൈറ്റ് തെളിച്ച് യാത്ര: പരക്കെ ആശയക്കുഴപ്പം

Posted on: April 3, 2017 8:22 pm | Last updated: April 3, 2017 at 8:22 pm

കൊളത്തൂര്‍: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം നടപ്പാക്കിയതില്‍ പരക്കെ ആശയക്കുഴപ്പം. പകല്‍ ലൈറ്റ് തെളിച്ച് ഓടിക്കണമെന്ന നിര്‍ദേശമാണ് പലരും നടപ്പാക്കിയത്. എന്നാല്‍ ലൈറ്റ് തെളിച്ച് ഓടിച്ചവര്‍ക്ക് അനുഭവങ്ങള്‍ പലതായിരുന്നു. ലൈറ്റ് കത്തുന്നു എന്നറിയിക്കാന്‍ വഴിനീളെ ആളുകളുണ്ടായി. പുതിയ നിയമം വിശ്വസിക്കാന്‍ പലര്‍ക്കും മടി. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലൈറ്റ് തെളിക്കണമെന്ന നിയമം നിര്‍ബന്ധമാക്കിയുള്ള തീരുമാനം.

പോലീസ് വാഹന പരിശോധനയില്‍ ലൈറ്റിടാത്തതിന് പിഴ ചുമത്തിയില്ല. ആദ്യഘട്ടത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ബോധവത്കരണം നടത്തുകയാകും ഉണ്ടാവുക. വാഹന എന്‍ജിന്‍ ഓണാക്കിയാല്‍ ഒപ്പം ഹെഡ്‌ലൈറ്റും തെളിയുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ള ഇരുചക്ര വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്. ഈ വാഹനങ്ങളില്‍ ലൈറ്റ് ഓണ്‍ ചെയ്യാനോ ഓഫ് ചെയ്യാനോ പ്രത്യേകം സ്വിച്ചുണ്ടാകില്ല. പകലും ലൈറ്റ് തെളിയിക്കുന്നതോടെ തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പെട്ട് അപകടം ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.