Connect with us

Editorial

പാതയോരത്തെ മദ്യം

Published

|

Last Updated

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടുന്ന കാര്യത്തില്‍ സുപ്രീം കോടതി കൈക്കൊണ്ട കര്‍ശന നിലപാടും അപ്പീലുകള്‍ക്ക് ശേഷം പുറപ്പെടുവിച്ച അന്തിമ വിധിയും മദ്യവിപത്ത് അസ്തമിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും ആശ്വാസം പകരുന്നതാണ്. ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ വിപത്തുകളുടെയും പ്രധാന ഹേതു മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമാണെന്ന് തിരിച്ചറിയുന്ന ഏതൊരാളും മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുന്നതിനെ പിന്തുണക്കുക തന്നെ ചെയ്യും. ഈ വിപത്തിനെ ഒരു ധനസമ്പാദന മാര്‍ഗമായി കണക്കാക്കുന്നവര്‍ക്ക് മാത്രമേ, അത് സര്‍ക്കാറായാലും വ്യക്തികളായാലും, ഈ വിധി നിരാശ സമ്മാനിക്കുന്നുള്ളൂ. മദ്യശാലകളുടെ എണ്ണത്തിലും മദ്യലഭ്യതയിലും ഗണ്യമായ കുറവ് വരുത്താന്‍ ഈ വിധി ഉപകരിക്കും. വ്യാഖ്യാന സാധ്യതകളും പഴുതുകളും അവശേഷിപ്പിക്കാതെയാണ് സുപ്രീം കോടതി മുന്‍ വിധിയില്‍ വ്യക്തത വരുത്തി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നല്‍കിയ ഇളവുകളാകട്ടെ കേരളത്തിന് വലിയ തോതില്‍ ബാധകമല്ല താനും. കഴിഞ്ഞ ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതയോരങ്ങള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പ്പന ശാലകള്‍ അടച്ചു പൂട്ടണമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
മദ്യപിച്ച് വാഹനമോടിക്കുക വഴി വ്യാപക അപകടങ്ങള്‍ ഉണ്ടാകുന്നതും സംഘര്‍ഷങ്ങള്‍ പതിവാകുന്നതും ചൂണ്ടിക്കാട്ടി മാഹി മദ്യനിരോധന കൗണ്‍സില്‍ അടക്കമുള്ള സംഘടനകളാണ് സുപ്രീം കോടതിയിലെത്തിയത്. ഡിസംബറിലെ വിധി വന്ന ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ശ്രമങ്ങള്‍ മിക്കവയും ജനകീയ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. മുഴുക്കുടിയനായ ഒരാള്‍ പോലും തന്റെ വീടിനടുത്ത് മദ്യ വില്‍പ്പന കേന്ദ്രം വന്നാല്‍ എതിര്‍ക്കുമെന്ന സത്യം ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സമരങ്ങള്‍. വിദ്യാര്‍ഥികളെയും വീട്ടമ്മമാരെയും അണി നിരത്തി നടന്ന ഈ സമരങ്ങള്‍ മറികടക്കാന്‍ എക്‌സൈസ് വകുപ്പ് പല തന്ത്രങ്ങള്‍ പയറ്റി. എം എല്‍ എമാരടക്കമുള്ള ജനപ്രതിനിധികളെ ഉപയോഗപ്പെടുത്തി പോംവഴി കണ്ടെത്താന്‍ ശ്രമിച്ചു; പരാജയപ്പെട്ടു. ഔട്ട്‌ലെറ്റുകള്‍ക്കുള്ള അനുമതിപത്രം താലൂക്കിലാകെ ബാധകമാണെന്ന കുറുക്കു വഴി തേടാനും സര്‍ക്കാര്‍ മുതിര്‍ന്നു. അതിനിടക്ക് സുപ്രീം കോടതി വിധി വ്യാഖ്യാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. വിധി നിലവിലുള്ള ബാറുകള്‍ക്ക് ബാധകമാകില്ലെന്നായിരുന്നു എ ജിയുടെ കണ്ടുപിടിത്തം.
എന്നാല്‍ ഈ വ്യാഖ്യാനങ്ങളെയാകെ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അപ്പീലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. മദ്യത്തില്‍ വകഭേദമില്ലെന്ന് ബഞ്ച് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. വൈനും ബീറും കള്ളുമെല്ലാം മദ്യം തന്നെ. ബാറുകളുടെ നക്ഷത്ര വ്യത്യാസവും പ്രസക്തമല്ല. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ബാറുകളും ദൂരപരിധി പാലിച്ചേ തീരൂ. ഇതനുസരിച്ച് കേരളത്തില്‍ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂഫര്‍ ഫെഡിന്റെയും 207 ഔട്ട്‌ലെറ്റുകള്‍ക്ക് താഴ് വീണു. സംസ്ഥാനത്തെ 586 ബിയര്‍, വൈന്‍ പാര്‍ലറുകളെയും പതിനൊന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെയും വിധി പ്രതികൂലമായി ബാധിക്കും. 1132 കള്ളുഷാപ്പുകളും പൂട്ടേണ്ടിവരും. വിചിത്രമായ വാദമുഖങ്ങളാണ് മദ്യശാലകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അരങ്ങേറിയത്. ചരക്ക്, സേവന നികുതി സംവിധാനം നടപ്പാക്കുന്നതിന് മുമ്പുള്ളതാണ് വിധിയെന്നും പുതിയ നികുതി രീതിയില്‍ വിധി സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്നും മഹാരാഷ്ട്രക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ദൂരപരിധി പാലിക്കണമെങ്കില്‍ സമുദ്രത്തിലോ മലമുകളിലോ മദ്യശാലകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് പല സംസ്ഥാനങ്ങളിലുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് മദ്യപാനമെന്ന നിലയിലാണ് എ ജി പേലും വാദിക്കുന്നത്.
പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതിനോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ കേരള സര്‍ക്കാറിന് വിധി നടപ്പാക്കാന്‍ സാവകാശം തേടുക മാത്രമാണ് ചെയ്തതെന്ന് സാങ്കേതികമായി പറയാമെങ്കിലും സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിക്കാതെ വയ്യ. മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന ഇടതുമുന്നണി നേതാക്കളുടെ ഇടക്കിടക്കുള്ള പ്രസ്താവന അത്ര നിര്‍ദോഷമായി കാണാനാകില്ല. മദ്യവര്‍ജനമെന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു ആശയം മാത്രമാണ്. മദ്യ നിരോധനം തന്നെയാണ് യഥാര്‍ഥവും സാധ്യമായതുമായ പരിഹാരം. പിന്നെ വരുമാനത്തിന്റെ പ്രശ്‌നം. സോഷ്യല്‍ കോസ്റ്റ്, സോഷ്യല്‍ ബെനിഫിറ്റ് തുടങ്ങിയ ആശയങ്ങള്‍ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. മദ്യം സമൂഹത്തില്‍ വരുത്തിവെക്കുന്ന സാമൂഹിക ചെലവ് വെച്ച് നോക്കുമ്പോള്‍ അതില്‍ നിന്ന് സര്‍ക്കാറിനുണ്ടാകുന്ന വരുമാന നഷ്ടം ഒന്നുമല്ല. അത്‌കൊണ്ട് സുപ്രീം കോടതി വിധി കൂടുതല്‍ മദ്യശാലകള്‍ക്ക് താഴിടുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയും ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. ഏതായാലും പുനഃപരിശോധനാ ഹരജിയുമായി പോകില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചത് നന്നായി.

Latest