അല്‍പം ഗള്‍ഫ് വാര്‍ത്താ വിചാരം

Posted on: April 1, 2017 3:55 pm | Last updated: April 1, 2017 at 10:23 pm

ദുബൈയില്‍ ഖലീജ് ടൈംസില്‍ ജോലി ചെയ്യുന്ന വി എം സതീഷിനെ യു എ ഇയില്‍ മിക്കവരും അറിയും. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വേറിട്ട രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. തന്നെത്തേടിയെത്തുന്ന വിവരങ്ങള്‍ മാത്രമല്ല വാര്‍ത്തകളെന്നും മാധ്യമ പ്രവര്‍ത്തനം ഒരു തൊഴിലെന്നതിനപ്പുറം സമൂഹത്തോട് വലിയ പ്രതിബദ്ധത വേണ്ടയിടമാണെന്നും അദ്ദേഹം കരുതുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും ഒളിക്യാമറ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ‘ശബ്ദ കവര്‍ച്ച’ നടത്തിയിട്ടുമില്ല. അത്തരം രീതികള്‍ അപകടകരമാണെന്ന് കണ്ട്, പിന്‍വാങ്ങുന്നതല്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുമ്പോഴും മാന്യത കൈവിടരുത്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ല ശ്രദ്ധ പിടിച്ചുപറ്റാനുള്ള വഴി.

ഡിസ്ട്രസിംഗ് എന്‍കൗണ്ടേര്‍സ് എന്ന പേരില്‍, വി എം സതീഷ് പുസ്തകമിറക്കി. താന്‍ ചെയ്ത സവിശേഷ വാര്‍ത്തകളുടെ സമാഹാരമാണത്. അതിലെ ആദ്യ ‘കഥ’ മലയാളിയായ ജനാര്‍ദനന്‍ നായരുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ളത്. വൃക്കരോഗിയായ, 800 ദിര്‍ഹം മാസശമ്പളത്തില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ മരണത്തെ മുഖാമുഖം കണ്ട ജനാര്‍ദനന്‍ നായരെ രക്ഷിക്കണമെന്ന് സതീഷ് ഉറച്ചു. ജനാര്‍ദനന്‍ നായരുടെ ജീവല്‍പ്രശ്‌നം പുറംലോകമറിഞ്ഞാല്‍ ജനാര്‍ദനന്‍ നായരുടെ സ്‌പോണ്‍സര്‍ക്ക് പ്രയാസമുണ്ടാക്കിയേക്കാമെന്നതോ ആശുപത്രി അധികൃതരെ പ്രകോപിപ്പിക്കുമെന്നതോ സതീഷ് കണക്കിലെടുത്തില്ല. അന്ന് സതീഷ് എമിറേറ്റ്‌സ് ടുഡേ പത്രത്തിലാണ്. സതീഷിനേക്കാള്‍ വലിയ മനുഷ്യസ്‌നേഹിയാണ് പത്രാധിപര്‍. വാര്‍ത്ത ഒന്നാം പേജില്‍ സ്ഥലം പിടിച്ചു. ജീവിതം തിരിച്ചുപിടിക്കാന്‍ എന്നെ സഹായിക്കൂ എന്നതായിരുന്നു തലക്കെട്ട്. അല്‍ ഫജര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ശൈഖ് ഹഷര്‍ അല്‍ മക്തൂം അടക്കം നിരവധി പേര്‍ ജനാര്‍ദനന്‍ നായരെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അക്കാലത്ത് ഇത്തരം വാര്‍ത്തകള്‍ക്ക് ഗള്‍ഫില്‍ പരിമിതിയുണ്ടായിരുന്നു. പൊതുവെ, ഇംഗ്ലീഷ് പത്രങ്ങള്‍ മനുഷ്യകഥാനുഗായികള്‍ കൊടുക്കാറുണ്ടായിരുന്നുമില്ല. ഗള്‍ഫില്‍ മലയാള മാധ്യമങ്ങളാണ് പതിവ് രീതികള്‍ കുടഞ്ഞെറിഞ്ഞത്. മികച്ച ജോലിവാഗ്ദാനം ചെയ്ത് നാട്ടില്‍നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നവരെയും ജോലിക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കാതെ പീഡിപ്പിക്കുന്ന സ്ഥാപനങ്ങളെയും മലയാളം മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കോട്ടയം സ്വദേശിയായ സതീഷിന്റെ ഇംഗ്ലീഷിലുള്ള ഇടപെടലുകള്‍. മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും മാന്യത കൈവിട്ടില്ല. സമൂഹത്തിലെ പുഴുക്കുത്തുകളെ നശിപ്പിക്കണമെങ്കില്‍ ഒളിഞ്ഞുനോട്ടത്തിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ഗള്‍ഫില്‍ മലയാളം റേഡിയോ പ്രക്ഷേപണം തുടങ്ങിയിട്ട് 25 വര്‍ഷമാവുകയാണ്. 1993ലാണ് റേഡിയോ ഏഷ്യ തുടക്കം കുറിച്ചത്. ആരംഭത്തില്‍ തത്സമയ വാര്‍ത്തകള്‍ ഉണ്ടായിരുന്നില്ല. പിന്നീട്, ഗുഡ്‌മോണിംഗ് ഗള്‍ഫ് എന്ന പേരില്‍ വാര്‍ത്താവിശകലനങ്ങള്‍ പോലുമുണ്ടായി. പ്രഭാത ദിനപത്രങ്ങളിലെ പ്രധാന വാര്‍ത്തകളുടെ അവതരണത്തിനൊപ്പം അവതാരകരുടെ അഭിപ്രായങ്ങള്‍ ‘കത്രിക’യില്ലാതെ ജനങ്ങള്‍ കേട്ടു. ആഗോള സാമ്പത്തികമാന്ദ്യം ഗള്‍ഫിലെ മിക്ക സ്ഥാപനങ്ങളെ കടപുഴക്കുമെന്നായപ്പോഴും റേഡിയോ പ്രക്ഷേപണ മേഖലയില്‍ മത്സരം കൊഴുത്തപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാന്‍ മസാലക്കൂട്ടുകളെ അവര്‍ കൂട്ടുപിടിച്ചില്ല. എന്നാല്‍, സമൂഹത്തിലെ മൂല്യച്യുതികളെ തുറന്നുകാട്ടിയിട്ടുണ്ട്. അത് കൈയടി നേടാനല്ല. ഉത്തരവാദിത്തമാണ് എന്ന ബോധ്യമുള്ളതുകൊണ്ട്.
സിറാജ് ദിനപത്രം ഗള്‍ഫില്‍ തുടങ്ങുന്ന ഘട്ടത്തില്‍ ഇവിടെ വേറെയും പത്രങ്ങളുണ്ടായിരുന്നു. അവര്‍ക്കിടയില്‍ സിറാജിന്റെ വഴി എന്തെന്ന് കൃത്യമായ ധാരണ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ധാര്‍മികതയായിരുന്നു കൈമുതല്‍. സഭ്യമായതെല്ലാം വാര്‍ത്തകളാണെന്ന് ഏവര്‍ക്കും അറിയാമായിരുന്നിട്ടും എന്തിനും ഒരു ലക്ഷ്മണ രേഖ ആവശ്യമെന്ന തത്വം മുറുകെ പിടിച്ചു. താരനിശകളില്‍ അശ്ലീലത കൂടുന്നുവെന്ന് മനസിലാക്കി അത്തരം മിക്ക പരസ്യങ്ങളും വേണ്ടെന്ന്‌വെച്ചു. അതേസമയം, സാധാരണക്കാരന്റെ കണ്ണീരൊപ്പാന്‍ സദാശ്രദ്ധ ചെലുത്തി. വട്ടിപ്പലിശക്കാര്‍ക്കും പെണ്‍വാണിഭ സംഘങ്ങള്‍ക്കും എതിരെ നിരന്തരം എഴുതി.
ഇന്ന്, സിറാജിന് പുറമെ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ചന്ദ്രിക എന്നീ പത്രങ്ങള്‍ ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്നു. ഓരോ പത്രത്തിനും അതിന്റേതായ സവിശേഷതകളുണ്ട്. പക്ഷേ, അറിഞ്ഞുകൊണ്ട്, അമാന്യമായ ഒന്നും ആരും ചെയ്തില്ല. സമൂഹത്തിന്റെ മൊത്തം അംഗീകാരം നേടാന്‍ മലയാളം മാധ്യമങ്ങള്‍ക്കായി.

അത്ഭുതകരമായ കാര്യം, ഓരോ മാധ്യമപ്രവര്‍ത്തകനും ആരും നിര്‍ബന്ധിക്കാതെതന്നെ ശരികളുടെ പാതയില്‍ സഞ്ചരിക്കുന്നുവെന്നതാണ്. ഓരോരുത്തരുടെയും ഉള്ളില്‍ ഒരു മനസാധിപര്‍ ഉണ്ട്. വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അതില്‍നിന്ന് ശേഷി ലഭിക്കുന്നു.