Connect with us

Kozhikode

സഹപാഠികളും നാട്ടുകാരും ഒന്നിച്ചു; ബിജീഷ്മക്ക് വീടായി

Published

|

Last Updated

കുന്ദമംഗലം: മുട്ടാഞ്ചേരി ഹസനിയ എ യു പി സ്‌കൂളിലെ ഈച്ചരങ്ങോട്ട് ബിജീഷ്മക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഏതുസമയവും നിലംപൊത്താറായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച വീട്ടില്‍ കഴിഞ്ഞിരുന്ന ഈ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി സഹപാഠികളും നാട്ടുകാരും കൈകോര്‍ത്ത് സ്‌നേഹവീട് നിര്‍മിച്ചുനല്‍കുകയായിരുന്നു. വിവിധ സംഘടനകളും വ്യക്തികളും വിദ്യാര്‍ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും ഒത്തുകൂടി തലച്ചുമടായി നിര്‍മാണ വസ്തുക്കള്‍ ഇടുങ്ങിയ വഴിയിലൂടെ മലമുകളില്‍ എത്തിച്ച് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം ഇന്ന് വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സ്‌കൂള്‍ 99ാം വാര്‍ഷികാഘോഷ ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍വഹിക്കും.

പിതാവ് ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ടപ്പോള്‍ മാതാവ് ശാന്തയും മകള്‍ ബിജീഷ്മയും പൂര്‍ണമായും ഒറ്റപ്പെടുകയും ഇടിഞ്ഞുവീഴാറായ കുടിലില്‍ നിസ്സഹായരായി കഴിയുകയുമായിരുന്നു. ഈ അവസരത്തിലാണ് മകള്‍ പഠിക്കുന്ന ഹസനിയ എ യു പി സ്‌കൂളിലെ കൊച്ചുകൂട്ടുകാരും പി ടി എയും മാനേജ്‌മെന്റ് സി എം മഖാം ഓര്‍ഫനേജ് കമ്മിറ്റിയും സംയുക്തമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. രണ്ട് കിടപ്പ് മുറിയും വരാന്തയും അടുക്കളയും ഒരു ഭക്ഷണമുറിയും കക്കൂസും അടങ്ങുന്നതാണ് വീട്.
സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ഒരുക്കത്തില്‍ വിവിധ പരിപാടികളോടെ ഏപ്രില്‍ ഒന്നിന് നടത്തുന്ന വാര്‍ഷിക ആഘോഷ പരിപാടിയില്‍ കാരാട്ട് റസാഖ് എം എല്‍ എ, സിനി സീരിയല്‍ ആര്‍ട്ടിസ്റ്റ് സുരഭി, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ് തുടങ്ങിയ വര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യു ഷറഫുദ്ദീന്‍, പ്രധാനധ്യാപിക കെ ഡോളി, എ പി യൂസഫലി പങ്കെടുത്തു.

 

Latest