Connect with us

Ongoing News

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഇംഗ്ലണ്ടിനും ജര്‍മനിക്കും ജയം

Published

|

Last Updated

ഇംഗ്ലണ്ടിനായി ഗോള്‍ നേടിയ ഡെഫോയുടെ ആഹ്ലാദംഇംഗ്ലണ്ടിനായി ഗോള്‍ നേടിയ ഡെഫോയുടെ ആഹ്ലാദം

ലണ്ടന്‍ : യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജര്‍മനിയും കരുത്തറിയിച്ചപ്പോള്‍ ചെക് റിപബ്ലിക്ക് ആറ് ഗോള്‍ മാര്‍ജിന്‍ ജയവുമായി ശ്രദ്ധ പിടിച്ചു പറ്റി. നോര്‍വെ, സ്ലോവേനിയ പരാജയപ്പെട്ടപ്പോള്‍ റുമാനിയയും ഡെന്‍മാര്‍ക്കും സമനിലയില്‍ പിരിഞ്ഞു.

ഡെഫോയുടെ തിരിച്ചുവരവില്‍ ഇംഗ്ലണ്ട്

ഗ്രൂപ്പ് എഫില്‍ ലിത്വാനിയക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ജയം. ഇരുപത്തൊന്നാം മിനുട്ടില്‍ ജെര്‍മെന്‍ ഡെഫോയും അറുപത്താറാം മിനുട്ടില്‍ വാര്‍ഡിയും ലിത്വാനിയക്കെതിരെ സ്‌കോര്‍ ചെയ്തു. 2013 നവംബറിന് ശേഷം ഡെഫോ ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങിയത് അവിസ്മരണീയമായി. ഇംഗ്ലണ്ടിനായി ഇരുപതാം ഗോളാണ് ഡെഫോ നേടിയത്. ഇരുപത് രാജ്യാന്തര ഗോളുകള്‍ നേടുന്ന ഇരുപത്തിരണ്ടാമത്തെ ഇംഗ്ലണ്ട് താരമെന്ന വിശേഷണവും ഡെഫോ സ്വന്തമാക്കി. കഴിഞ്ഞാഴ്ചയിലെ ലണ്ടന്‍ ഭീകരാമ്രകണത്തില്‍ ഒരു മിനുട്ട് നേരം അനുശോചിച്ചു കൊണ്ടാണ് മത്സരം ആരംഭിച്ചത്.
ജനുവരിയില്‍ അന്തരിച്ച മുന്‍ ഇംഗ്ലണ്ട് ടീം മാനേജര്‍ ഗ്രഹാം ടെയ്‌ലറുടെ സ്മരണയും കിക്കോഫില്‍ നിറഞ്ഞു നിന്നു. ഗ്രൂപ്പ് എഫിലെ മറ്റ് മത്സരങ്ങളില്‍ സ്ലൊവാക്യ 3-1ന് മാള്‍ട്ടയെ കീഴടക്കിയപ്പോള്‍ സ്‌കോട്‌ലന്‍ഡ് 1-0ന് സ്ലൊവേനിയയേയും കീഴടക്കി. അഞ്ച് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. സ്ലൊവാക്യ ഒമ്പത് പോയിന്റുമായി രണ്ടാംസ്ഥാനത്ത്.

ഷുറെലിന് ഡബിള്‍, ജര്‍മനി കുതിച്ചു
അസര്‍ബൈജാനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. ആന്ദ്രെ ഷുറെല്‍ (19, 81), മുള്ളര്‍ (36), ഗോമസ് (45) എന്നിവരാണ് ജര്‍മനിക്കായി ഗോളടിച്ചത്. മുപ്പത്തൊന്നാം മിനുട്ടില്‍ നസറോവ് അസര്‍ബൈജാന്റെ ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പിലെ ഗംഭീര ജയം ചെക് റിപബ്ലിക്കിന്റെതാണ്. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സാന്‍ മാരിനോയെ തുരത്തിയത്. എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ചെക്. നോര്‍വെയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്ന വടക്കന്‍ അയര്‍ലന്‍ഡാണ് പത്ത് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.