ബാബരി: ന്യായാസനം ഒത്തുതീര്‍പ്പ് വിധിക്കുമ്പോള്‍

യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതോടെ രാമക്ഷേത്രനിര്‍മാണ അജന്‍ഡ സജീവമായി ഉയര്‍ന്നുവന്നിരിക്കുകയുമാണ്. അതിന് എണ്ണയൊഴിക്കുന്ന രീതിയിലായിപ്പോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മധ്യസ്ഥതാ നിര്‍ദേശമെന്ന് പറയാതിരിക്കാന്‍ വയ്യ. ആ കേസില്‍ ഭരണഘടനാപരമായ തീര്‍പ്പുകല്‍പ്പിക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടത്. അതിനുപകരം ഹിന്ദുവര്‍ഗീയ വാദികളുടെ താത്പര്യപ്രകാരം മധ്യസ്ഥ തീര്‍പ്പ് എന്നത് അപ്രായോഗികമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായനടപടി. അതാണ് കോടതിയില്‍ നിന്ന് ഉണ്ടാവേണ്ടത്.
Posted on: March 28, 2017 6:14 am | Last updated: March 27, 2017 at 11:15 pm

നാനൂറ്റിചില്വാനം വര്‍ഷക്കാലം അയോധ്യയിലെ മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ബാബരിമസ്ജിദ് 1992 ഡിസംബര്‍ 6-നാണ് ഹിന്ദുത്വവര്‍ഗീയവാദികള്‍ തകര്‍ത്തത്. ഇന്ത്യയുടെ സമകാലീന ചരിത്രത്തില്‍ ആ കറുത്ത ദിനം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസസംഹിതകള്‍ക്കെതിരെ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് ഭീകരതയുടെ പ്രകടനമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വവര്‍ഗീയവാദികള്‍ രാഷ്ട്രത്തിന്റെ ആത്മാവിന് തീകൊളുത്തിയതിന്റെ ബീഭത്സ ഓര്‍മകളാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചാദിനം നമ്മുടെ മനസ്സില്‍ എത്തിക്കുന്നത്.
ഇപ്പോള്‍, കൊളോണിയല്‍ കാലഘട്ടത്തിലാരംഭിച്ച ബാബറിമസ്ജിദ് രാമജന്മഭൂമി തര്‍ക്കം കോടതിക്കുപുറത്ത് പരിഹരിക്കണമെന്നാണ് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ജെ എസ് ഖെഹാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ നീണ്ട ആറര പതിറ്റാണ്ടുകാലത്തെ നിയമനടപടികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ നീതിന്യായപരമായ ബാധ്യതയാണ് സുപ്രീം കോടതിക്കുള്ളത്. ആ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടാണ് കോടതിക്കു പുറത്തെ മധ്യസ്ഥത ആകാമെന്ന നിര്‍ദേശം ചീഫ്ജസ്റ്റിസ് വെച്ചിരിക്കുന്നത്.
ആറര വര്‍ഷം മുമ്പ് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ വിധി ബാബറിമസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്ന് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കി പ്രശ്‌നപരിഹാരം ഉണ്ടാക്കാം എന്നതായിരുന്നു. ഈ വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതിന് നിയമാനുസൃതമായ തീര്‍പ്പ് ഉണ്ടാക്കേണ്ട ചീഫ്ജസ്റ്റിസ് തന്നെ പുറത്തെ മധ്യസ്ഥതയെക്കുറിച്ച് നിര്‍ദേശം വെക്കുന്നത് ആരെ സഹായിക്കാനാണെന്ന ന്യായമായ ചോദ്യമാണ് മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഭാഗത്തുനിന്നു ഉയര്‍ന്നുവന്നിരിക്കു
ന്നത്.

തീവ്രഹിന്ദുത്വവാദിയായ യോഗിആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതോടെ രാമക്ഷേത്രനിര്‍മാണ അജന്‍ഡ സജീവമായി ഉയര്‍ന്നുവന്നിരിക്കുകയുമാണ്. അതിന് എണ്ണയൊഴിക്കുന്ന രീതിയിലായിപ്പോയി സുപ്രീം കോടതി ചീഫ്ജസ്റ്റിസിന്റെ മധ്യസ്ഥതാ നിര്‍ദേശമെന്ന് പറയാതിരിക്കാന്‍ വയ്യ. ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകരുടെ മുന്നിലുണ്ടായിരുന്ന ആര്‍ എസ് എസ് നേതാവാണ്. ബാബരി മസ്ജിദിന്റെ കുംഭഗോപുരങ്ങളില്‍ നിന്നടര്‍ന്നുവീണ കുമ്മായക്കൂട്ട് അഹമ്മദാബാദിലെ സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ഷോക്കേസില്‍ പ്രദര്‍ശിപ്പിച്ച മാന്യദേഹം.

രാജ്യാഭിമാനത്തിന്റെ പ്രതീകമായ അയോധ്യയെയും രാമക്ഷേത്രത്തെയും ഉയര്‍ത്തിപ്പിടിച്ചാണ് കപടദേശീയവാദികള്‍ മസ്ജിദ് പൊളിച്ചത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്രമന്ത്രിയായ സ്വാധിനിരഞ്ജനാജ്യോതി രാമസങ്കല്‍പത്തെ അങ്ങേയറ്റം വിഷംതുപ്പുന്ന വിദേ്വഷ രാഷ്ട്രീയമായി അവതരിപ്പിക്കുകയായിരുന്നല്ലോ. രാജ്യത്തെ രാമന്റെ സന്തതികളും ജാരസന്തതികളുമായി വേര്‍തിരിച്ചവതരിപ്പിക്കുകയാണല്ലോ അവര്‍ ചെയ്തത്.
യു പി മുഖ്യമന്ത്രി യോഗിആദിത്യനാഥിനെപ്പോലെയുള്ളവര്‍ക്ക് ജനതയെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ വിഷയമാണ് രാമനും രാമായണവും രാമക്ഷേത്രവുമൊക്കെ. അവര്‍ ഇതിഹാസങ്ങളെയും ചരിത്രത്തെയും കാവിമുക്കി രാജ്യത്തെ വര്‍ഗീയചോരക്കളമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണ്. അവര്‍ക്ക് രാമായണം പോലുള്ള ഇതിഹാസ കൃതികളുടെ മഹത്വമോ വൈവിധ്യമോ മനസ്സിലാക്കാനാവില്ല.
സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പരിത്യാഗത്തിന്റെയും കഥയാണ് രാമായണം. അയോധ്യയില്‍ ചെന്ന് രാമായണം പാട്ടുകള്‍ പാടി ശ്രീരാമനെയും ആയോധ്യനിവാസികളെയും കരയിക്കുന്ന ലവകുശന്മാരുടെ കദനനിര്‍ഭരമായ ജീവിതഗാഥയാണത്. സീതാപരിത്യാഗത്തിന്റെ പേരില്‍ ഉത്തമപുരുഷനായ രാമനെ വിമര്‍ശിക്കുന്ന ലവകുശന്മാരുടെ ധര്‍മ്മധീരതയുടെ കഥ കൂടിയാണ് രാമായണം.
രാമനെ ഹിന്ദുത്വാഭിമാനത്തിന്റെ ക്ഷാത്രപ്രതീകമാക്കുന്ന വര്‍ഗീയശക്തികള്‍ രാജ്യത്തിന്റെ ഹൃദയത്തില്‍ വര്‍ഗീയവിദേ്വഷം തളിക്കുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രമാണ് ബാബരി മസ്ജിദിനെ തര്‍ക്കപ്രശ്‌നമാക്കിയത്. അയോധ്യയില്‍ 1526-ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ ഗവര്‍ണര്‍ മീര്‍ബാഗി നിര്‍മ്മിച്ചതാണ് ബാബരിമസ്ജിദ് എന്നാണ് ചരിത്രം പറയുന്നത്. 1855-ലാണ് ബാബരിമസ്ജിദ് ഒരു തര്‍ക്കപ്രശ്‌നമായി മാറ്റപ്പെട്ടത്. ഉടമാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്‌നമുന്നയിച്ച് ആരാധനക്ക് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ വന്ന കേസ് അന്ന് തള്ളപ്പെടുകയായിരുന്നു. 1886-ല്‍ ഇത് സംബന്ധിച്ച അപ്പീല്‍ അന്നത്തെ ഫൈസാബാദ് ജില്ലാജഡ്ജി പരിശോധിച്ച് ആരാധനാനുമതി എന്ന ആവശ്യം തള്ളുകയായിരുന്നു. ഫൈസാബാദ് ജില്ലാജഡ്ജി 356 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബാബരി മസ്ജിദില്‍ രാമാരാധനവേണമെന്ന ആവശ്യത്തിന് നിയമപരമായി ഒരു യുക്തിയുമില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.

1949 ഡിസംബര്‍ മാസം 22-ാം തിയ്യതിയാണ് ബാബരി മസ്ജിദില്‍ സീതയുടെയും രാമന്റെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തി പ്രതിഷ്ഠിച്ചത്. എന്നിട്ട് സീതയും രാമനുമൊക്കെ പള്ളിക്കകത്ത് സ്വയംഭൂവായെന്ന് ഹിന്ദുത്വശക്തികള്‍ പ്രചാരണം നടത്തി. ഈ വിവരം അന്നത്തെ യു പി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ്പന്തില്‍ നിന്ന് അറിഞ്ഞ പ്രധാനമന്ത്രി നെഹ്‌റു ആര്‍ എസ് എസുകാര്‍ ഒളിച്ചുകടത്തിയ വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയിലേക്ക് എറിഞ്ഞുകളയാനാണ് ആവശ്യപ്പെട്ടത്.
അങ്ങനെയാണ് ബാബരി മസ്ജിദ് തര്‍ക്കഭൂമിയായി പൂട്ടിയിടപ്പെട്ടത്. നെഹ്‌റുവിന്റെ കാലത്ത് പൂട്ടിയിട്ട പള്ളി ഹിന്ദുത്വശക്തികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും യു പി മുഖ്യമന്ത്രിയുമായിരുന്ന എന്‍ ഡി തിവാരിയുമാണ്. 1986-ലെ ഒരു മുന്‍സിഫ് കോടതിവിധിയെ നിമിത്തമാക്കിയായിരുന്നു പള്ളി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത്. 1989-ല്‍ രാജ്യത്തെ ആകെ വര്‍ഗീയവത്കരിച്ചുകൊണ്ട് നടന്ന ശിലാന്യാസത്തിന് അയോധ്യയില്‍ അനുമതി നല്‍കിയതും രാജീവ്ഗാന്ധി സര്‍ക്കാറാണ്.
തര്‍ക്കസ്ഥലത്ത് ശിലാന്യാസത്തിന് സാക്ഷ്യം വഹിക്കാന്‍ രാജീവ് ഗാന്ധി അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിംഗിനെ അയക്കുകയും ചെയ്തു. നിയമാനുസൃതം ചരിത്രത്തിലെ അസന്ദിഗ്ധങ്ങളായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് പരിഹാരം കാണേണ്ട പ്രശ്‌നമാണ് ബാബരിമസ്ജിദ് പ്രശ്‌നം. ബാബരി മസ്ജിദ് കമ്മിറ്റി ചര്‍ച്ചക്കുള്ള നിര്‍ദേശത്തെ തള്ളിക്കളഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് വിളിക്കുന്ന ചര്‍ച്ചക്ക് തങ്ങള്‍ വരാന്‍ തയ്യാറാണെന്നും പക്ഷേ, പ്രശ്‌നപരിഹാരം കോടതിമുഖാന്തിരം വേണമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മന്‍മോഹന്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2010 ഒക്‌ടോബറില്‍ ഉണ്ടായ ഹൈക്കോടതിവിധി സ്വത്ത് വീതം വെപ്പിനുള്ളതായിരുന്നു. അതില്‍ മൂന്നായി വിഭജിക്കുന്ന ഭൂമിയില്‍ മൂന്നില്‍ രണ്ട് പങ്ക് ഹിന്ദു സംഘടകനള്‍ക്ക് നല്‍കുന്നതായിരുന്നു. 1950-ല്‍ കോടതിയില്‍ നല്‍കിയ ആദ്യഹരജിയില്‍ ഹിന്ദുമഹാസഭ പ്രതിനിധി ഗോപാല്‍ വിശാരദ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. രാമപൂജ പള്ളിയില്‍ നടത്താനുള്ള അവകാശം നല്‍കണം. രാമവിഗ്രഹം എടുത്തുമാറ്റാന്‍ ആരെയും അനുവദിക്കരുത്. ഈ രണ്ട് ആവശ്യങ്ങള്‍ക്കുപുറമെ രാമവിഗ്രഹം ഒളിച്ചുകടത്തിയ പ്രദേശം തന്നെ ഹിന്ദു മഹാസഭക്ക് നല്‍കാനാണ് ലഖ്‌നൗ ഹൈക്കോടതി ബഞ്ച് 2010-ല്‍ ഉത്തരവിട്ടത്.

മൂന്നിലൊന്ന് ഭൂമി വിട്ടുകിട്ടണമെന്ന നിര്‍മോഹി അകാരയുടെ ആവശ്യവും കോടതി അംഗീകരിച്ചു. 1959-ലാണ് നിര്‍മോഹി അകാര ഫൈസാബാദ് കോടതിയില്‍ ഹരജി നല്‍കിയത്. ബാബരി മസ്ജിദിനോട് ചേര്‍ന്നുനിന്നിരുന്ന സീത റസോയി, ബ്രിട്ടീഷുകാരുടെ കാലത്ത് ശ്രീരാമാരാധനക്കായി നല്‍കിയ വേദിയായ രാംചബ്രൂത എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് നിര്‍മോഹി അകാരക്ക് അനുവദിച്ചത്. ബാക്കിയുള്ള മൂന്നിലൊന്ന് ഭൂമി സുന്നി വഖ്ഫ് ബോര്‍ഡിനും നല്‍കി കോടതി വിധിച്ചു.
തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം മൂന്നായി പകുത്തുനല്‍കുന്നതിനുള്ള ഉത്തരവിന് അപ്പുറമുള്ള നിഗമനങ്ങളും കോടതിയില്‍ നിന്നുണ്ടായി. രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്ന വിശ്വാസവും കോടതിയില്‍ നിന്നുണ്ടായി. ലഖ്‌നൗ കോടതിവിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്ന് സി പി എം പോളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയിരുന്നു. ഉടമസ്ഥാവകാശക്കേസില്‍ ഒരിക്കലും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കക്ഷികളെല്ലാം സുപ്രീം കോടതിയില്‍ അപ്പീലുമായി എത്തി. ആ കേസില്‍ ഭരണഘടനാപരമായ തീര്‍പ്പുകല്‍പ്പിക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടത്. അതിനുപകരം ഹിന്ദുവര്‍ഗീയ വാദികളുടെ താത്പര്യപ്രകാരം മധ്യസ്ഥ തീര്‍പ്പ് എന്നത് അപ്രായോഗികമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ആധാരം ആരുടെ പേരിലാണെന്ന് നിര്‍ണയിക്കാനാണ് നീതിന്യായനടപടി. അതാണ് കോടതിയില്‍ നിന്ന് ഉണ്ടാവേണ്ടത്. സുപ്രീം കോടതി ഇക്കാര്യം പരിശോധിച്ച് നിയമപരമായ കൃത്യത വ്യക്തമാക്കുക എന്ന ഉത്തരവാദിത്വമാണ് നിറവേറ്റേണ്ടത്.