വിവാദങ്ങള്‍ ഭരണത്തിന്റെ ശോഭ കെടുത്തുന്നുവെന്ന് സി പി എം

Posted on: March 24, 2017 9:44 am | Last updated: March 23, 2017 at 11:45 pm

തിരുവനന്തപുരം: ഭരണത്തിന് കൂടുതല്‍ വേഗത വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം. ഭരണം നല്ലരീതിയിലാണെങ്കിലും പോരായ്മകളുണ്ട്. വിവാദങ്ങള്‍ ഭരണത്തിന്റെ നല്ല ഫലങ്ങളുടെ ശോഭ കെടുത്തുന്നുവെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കുണ്ടായ നേട്ടം ദേശീയ രാഷ്ട്രീയത്തില്‍ ഭീതി ജനിപ്പിക്കുന്നതാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് ബി ജെ പിക്കെതിരേ മതേതര ബദല്‍ സംവിധാനം ഉയര്‍ന്നുവന്നില്ലെങ്കില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകും. ബി ജെ പി കേരളത്തിലും വളരുന്നതിന്റെ സൂചന കണ്ടു തുടങ്ങിയിട്ടുണ്ടെന്നും ഇത് തടയാന്‍ സി പി എമ്മിനേ സാധിക്കൂവെന്നും ദേശീയ രാഷ്ട്രീയം വിശദീകരിച്ചുകൊണ്ട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി ജെ പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലഭിച്ച വോട്ട് ഇക്കുറി ലഭിക്കാന്‍ പാടില്ല. അതിന് പാര്‍ട്ടിയെന്ന രീതിയില്‍ പ്രത്യേക ജാഗ്രത വേണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ ഡി എഫ് എന്ന നിലയില്‍ ഒത്തൊരുമയോടെ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണം. ഉപതിരഞ്ഞെടുപ്പായതിനാല്‍ ബി ജെ പിയുടെ ദേശീയ നേതാക്കള്‍ മലപ്പുറത്ത് കേന്ദ്രീകരിക്കും. യു പിയില്‍ നടത്തിയ വര്‍ഗീയ കാര്‍ഡ് മലപ്പുറത്തും ആര്‍ എസ് എസ് പ്രയോഗിക്കുമെന്നും യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ഒന്‍പത് മാസത്തിലേറെയായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും ഒപ്പം വര്‍ഗീയതക്കെതിരെയുള്ള പോരാട്ടവും തിരഞ്ഞെടുപ്പ് ആയുധമാക്കണമെന്നും യെച്ചൂരി സി പി എം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മലപ്പുറം തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. സംസ്ഥാന ഭരണത്തെ സംബന്ധിച്ച് വിലയിരുത്താനാണ് സി പി എം നേതൃയോഗം ചേര്‍ന്നത്. ശനിയും ഞായറുമായി ചേരുന്ന സംസ്ഥാന സമിതിയില്‍ ഭരണത്തെ സംബന്ധിച്ച് വിലയിരുത്തലുണ്ടാകും.

സി പി എം സെക്രട്ടറിയേറ്റില്‍ സിതാറാം യെച്ചൂരിയ്ക്കു പുറമേ പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും പങ്കെടുക്കുന്നുണ്ട്.