മദ്‌റസാ അധ്യാപകന്റെ കൊലപാതകംപ്രതികളെക്കുറിച്ച് സൂചന; അന്വേഷണ സ്‌ക്വാഡ് വിപുലീകരിച്ചു

Posted on: March 23, 2017 11:45 pm | Last updated: March 23, 2017 at 11:19 pm

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസാ അധ്യാപകന്‍ കുടക് എരുമാട് സ്വദേശി റിയാസ് മൗലവി (32)യെ പള്ളിയില്‍ കയറി കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.

ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഘാതകരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. കാസര്‍കോടിന് സമീപത്തെ മൂന്ന് പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം. ബൈക്കിലെത്തിയ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ മുമ്പ് ഒരു കേസിലും ഉള്‍പ്പെട്ടവരല്ലെന്നും വിവരമുണ്ട്.
ചൂരിയില്‍ അടുത്തിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. എ ഡി ജി പിയും ഐ ജിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കിയത് കേസിന്റെ പുരോഗതിക്ക് കാരണമായിട്ടുണ്ട്. സൈബര്‍ സെല്ലിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

കൊലപാതകത്തെ കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും മുഖവിലക്കെടുക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓരോ സാധ്യതകളും തലനാരിഴ കീറി പരിശോധന നടത്തിയ ശേഷം മാത്രമേ മുന്നോട്ടു പോകേണ്ടതുള്ളൂവെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശമുണ്ട്. ഇതിനകം ലഭിച്ച സൂചനകളെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.
അന്വേഷണ സംഘാംഗങ്ങള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് കാസര്‍കോട്, മംഗളൂരു, കുടക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് റിയാസ് മൗലവി പഴയ ചൂരി പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്.
അതിനിടെ ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗസംഖ്യ വര്‍ധിപ്പിച്ചു. അന്വേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് വിപുലീകരിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കുപുറമെ മാനന്തവാടി എ എസ് പി. ജി ജയദേവ്, മലപ്പുറം ഡി സി ആര്‍ ബി ഡി വൈ എസ് പി. ബി മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സി ഐ. പി കെ സുധാകരന്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് നിലവില്‍ വന്നത്. ഹൊസ്ദുര്‍ഗ് സി ഐ. സി കെ സുനില്‍കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പുതുതായി ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് വിപുലീകരിച്ചത്. അതേസമയം അന്വേഷണത്തില്‍ നിന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി. എം വി സുകുമാരന്‍, സി ഐ അബ്ദുര്‍റഹീം എന്നിവരെ മാറ്റിനിര്‍ത്തിയത് പോലീസിനകത്ത് അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.