സഊദിയില്‍ വിദേശികളുടെ നേരിട്ടുള്ള നിക്ഷേപം; നിയമം അന്തിമ പരിഗണനയില്‍

Posted on: March 20, 2017 8:09 pm | Last updated: March 20, 2017 at 8:09 pm

ദമ്മാം: സഊദിയില്‍ വിദേശികള്‍ക്ക് സ്വദേശി സ്‌പോണ്‍സര്‍മാരില്ലാതെ നേരിട്ട് മുതല്‍ മുടക്കാന്‍ അവസരം വരുന്നു. 20 ശതമാനം വാര്‍ഷിക നികുതി ഈടാക്കിയായിരിക്കും ഇതെന്ന് സഊദി ബിസിനസ് പത്രം അല്‍ ഇഖ്തിസ്വാദ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തസത്വൂര്‍ സംവിധാനം അനുസരിച്ച് സഊദിയുടെ പേരില്‍ വിദേശികള്‍ നടത്തുന്ന മുതല്‍മുടക്ക് സംരംഭങ്ങളില്‍ നിന്ന് ബില്യന്‍ കണക്കിന് റിയാലുകള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് നഷ്ടമാകുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. ഈ സംവിധാനമനുസരിച്ച് പല ഇടപാടുകളും സ്വദേശികള്‍ക്ക് മാത്രമായി നിചപ്പെടുത്തിയിട്ടും ഉണ്ട്. ലഭ്യായ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വിദേശികളുടെ മേല്‍ രണ്ടു തരത്തിലുള്ള നികുതികള്‍ ഈടാക്കാനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് വിദേശി സംരംഭകര്‍ സംര്‍പ്പികക്കേണ്ടുന്ന വരവ് ചിലവ് കണക്കിനെ അടിസ്ഥാനപ്പെടുത്തിയും മറ്റൊന്ന് ഡിവിഡന്റ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ അടങ്കല്‍ ലാഭത്തെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കുമിത്. ഇടപാടിന്റെ മേഖലയനുസരിച്ചായിരിക്കും നികുതി തീരുമാനിക്കുക. കരാര്‍ മേഖലയില്‍ 15 ശതമാനവും വിദഗ്‌ധോപദേശ സേവന മേഖലയില്‍ 25 ശതമാനവും ആയിരിക്കും.

പുതിയ രീതി അനുസരിച്ച് ലൈസന്‍സ് സ്വന്തമാക്കിയാല്‍ സ്വദേശി കഫീലിനെ(സ്‌പോണ്‍സര്‍)ക്കൂടാതെ സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ വിദേശികള്‍ക്ക് മുതല്‍മുടക്കാനാവും. കരാര്‍, കാറ്ററിംഗ്, വര്‍ക്ക് ഷോപ് തുടങ്ങി ഏത് സ്വതന്ത്ര വ്യാപാരത്തിനും ഇത് വഴി കഴിയും. നിശ്ചിത നികുതിയോടു കൂടി വിദേശികള്‍ക്ക് തുറന്ന മുതല്‍മുടക്കിന് അവസരം നല്‍കുന്നതിനും നിലവിലെ തസാത്വൂര്‍ സംവിധാനം അവസാനിപ്പിക്കുന്നതിനും ആവശ്യമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു. ബിസിനസ് നടത്തുന്നതിന് ഇനി സ്വദേശിയുടെ പിന്നില്‍ ഒളിച്ചുകളി നടത്തേണ്ടതില്ലഅദ്ദേഹം പറഞ്ഞു. തസാത്വൂര്‍ നിര്‍ത്താനുള്ള പഠനം പൂര്‍ത്തിയായതായി ചെറുകിട ഇടത്തരം പൊതു സംരംഭ അതോറിറ്റിയും അറിയിച്ചു.

വിവിധ അതോറിറ്റികളെ ഏകോപിപ്പിച്ചു കൊണ്ട് ഇതു സംബന്ധിച്ച നിയമ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ വരും. സ്വദേശികളോ വിദേശികളോ ആയിരുന്നാലും മുതല്‍മുടക്കുന്നവരുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്തിയുള്ളതായിരിക്കും നിയമമെന്നും അധികൃതര്‍ വ്യക്തമാക്കി. 84000 റിട്ടെയില്‍ മേഖലയിലും 86000 കരാര്‍ മേഖലയിലും അടക്കം 200,000 തസാത്വൂര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷത്തിന് മന്ത്രാലയം നേരിട്ട് ഉത്തരവിട്ട ഇത്തരം 450 തസാത്വൂര്‍ കേസുകളും നിലനില്‍ക്കുന്നതായി വാര്‍ത്താവൃത്തങ്ങള്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് ചെറുകിട ഇടത്തരം കമ്പനികളെ ഉത്തേജിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. വിഷന്‍ 2030 ന്റെ ഭാഗമായി രാജ്യം ഈ രംഗത്ത് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സമര്‍ത്ഥമായ നിക്ഷേപക പഠനത്തിനും ലക്ഷ്യമിട്ടിരുന്നു. സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ പര്യടനം ഈ വഴിക്കുള്ള നിക്ഷേപക ക്ഷണം കൂടിയായി കണക്കാക്കാം. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനാവശ്യമായ രീതിയില്‍ നിയമപരമായും ഭരണപരമായും ഉള്ള ചട്ടക്കൂട് നിര്‍മ്മിക്കും. അതിനനുസരിച്ചുള്ള നിക്ഷേപങ്ങളായ വാണിജ്യ ഈട്, നിര്‍ദ്ധനത്വ നിയമം, ഫ്രാഞ്ചൈസി നിയമം, പ്രൊഫഷനല്‍ ഫേം നിയമം എന്നിവ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചു.