മുസ്‌ലീംലീഗ് വിചാരിച്ചാല്‍ താനൂരില്‍ അക്രമം അവസാനിപ്പിക്കാം: മന്ത്രി കെ ടി ജലീല്‍

Posted on: March 16, 2017 12:30 pm | Last updated: March 16, 2017 at 12:00 pm

തിരുവനന്തപുരം: മുസ്‌ലിംലീഗ് വിചാരിച്ചാല്‍ താനൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി കെ ടി ജലീല്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ പി ഉബൈദുല്ലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. താനൂരില്‍ ഒരേമതത്തിലുള്ളവരാണ് പരസ്പരം തമ്മിലടിക്കുന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയമാണ്. താനൂര്‍ മണ്ഡലത്തില്‍ നിന്ന് മുസ്‌ലീംലീഗ് അല്ലാതെ മറ്റാരും ജയിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പരാജയപ്പെടുത്തി എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചു. ഇവിടെനിന്നാണ് താനൂരിലെ അസഹിഷ്ണുത ആരംഭിച്ചത്.

താനൂരിലെ അക്രമത്തില്‍ ലീഗ് ഒരുപക്ഷത്ത് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കോണ്‍ഗ്രസുകാര്‍ക്ക് നേരെ അവിടെ അക്രമം നടക്കുന്നില്ലല്ലോ. അക്രമിച്ച് ആരേയും ഒരുവഴിക്ക് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് ഒരുവിഭാഗം പറയുന്നതില്‍ എന്താണ് തെറ്റ്. അത്തരം ഫാസിസ്റ്റ് ചിന്താഗതികളെ തടയുന്നവരെ പിന്തുണക്കുകയല്ലേ വേണ്ടത്. താനൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരാണെന്നും മന്ത്രി ചോദിച്ചു.

താനൂരില്‍ ക്രൂരമായ ആക്രമണത്തിന് വിധേയരായവര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പി ഉബൈദുല്ല ആവശ്യപ്പെട്ടു.
ക്രൂരമായി കൊലചെയ്യപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് പി കെ അബ്ദുര്‍റബ്ബും ആവശ്യപ്പെട്ടു.