Connect with us

Kasargod

സേവനാവകാശ നിയമത്തിന്റെ പ്രസക്തി ഓര്‍മപ്പെടുത്തി സെമിനാര്‍

Published

|

Last Updated

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി കലക്ടറേറ്റില്‍ നടത്തിയ സേവനാവകാശ സെമിനാറില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ എ ഷിജു ക്ലാസ്സെടുക്കുന്നു

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം അവകാശമാണെന്നും സേവനാവകാശ നിയമം 2012 പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും നടപടി ക്രമങ്ങളും പാലിക്കാന്‍ ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ബാധ്യസ്ഥമാണെന്നും ഓര്‍മപ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി കലക്ടറേറ്റില്‍ സേവനാവകാശ സെമിനാര്‍ നടത്തി.

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ എ ഷിജു(തലശ്ശേരി) ക്ലാസ്സെടുത്തു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തുമ്പോഴാണ് ജനാധിപത്യം ഊര്‍ജസ്വലമാകുന്നതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
സേവനാവകാശ നിയമം 2012 പൗരന്റെ അവകാശങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതാണ്. ഓരോ സര്‍ക്കാര്‍ ഓഫീസും ഏന്തൊക്കെ സേവനങ്ങള്‍ ഏതൊക്കെ കാലപരിധിക്കുളളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.
അര്‍ഹതപ്പെട്ട സേവനം നിര്‍ദ്ദിഷ്ട സമയപരിധിക്കുളളില്‍ നല്‍കിയില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ ഒടുക്കേണ്ടിവരും. ഒരു ഓഫീസിലെ നിയുക്ത ഉദ്യോഗസ്ഥന്‍ മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് രേഖാമൂലമുളള ഒരു ഉത്തരവ് വഴി നിയുക്ത ഉദ്യോഗസ്ഥനു മേല്‍ 500-ല്‍ കുറയാത്തതും 5000 രൂപയില്‍ കവിയാത്തതുമായ പിഴ ചുമത്താം. എന്നാല്‍ നിയമം നിലവില്‍ വന്ന് അഞ്ച് വര്‍ഷത്തോളമായിട്ടും സംസ്ഥാന ഖജനാവില്‍ സേവനാവകാശ നിയമപ്രകാരം പിഴ ഇനത്തില്‍ ഒന്നും ലഭിച്ചിട്ടില്ല. വില്ലേജ് ഓഫീസുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ആറു ദിവസത്തിനകം നല്‍കണമെന്നാണ് നിയമം.
വില്ലേജ് ഓഫീസറാണ് നിയുക്ത ഉദ്യോഗസ്ഥന്‍. ഇങ്ങനെ ലഭിച്ചില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരിയായ തഹസില്‍ദാര്‍ക്കും നടപടിയുണ്ടായില്ലെങ്കില്‍ രണ്ടാം അപ്പീല്‍ അധികാരിയായ ആര്‍ ഡി ഒ യ്ക്കും പരാതി നല്‍കാം.
സാങ്കേതികോപദേശത്തിന് കൃഷിഭവന്‍ സന്ദര്‍ശിക്കുന്ന കര്‍ഷകര്‍ക്ക് രണ്ടു മണിക്കൂറിനുളളില്‍ സേവനം ലഭ്യമാക്കണം. പുതിയ റേഷന്‍ കാര്‍ഡിനും താത്കാലിക കാര്‍ഡിനും പുതിയ അംഗത്തെ ഉള്‍പ്പെടുത്തുന്നതിനും സിവില്‍ സപ്ലൈസ് വകുപ്പിനുളള പേക്ഷകളില്‍ അപേക്ഷ ലഭിക്കുന്ന അതേ ദിവസം തീരുമാനമെടുക്കണം.

സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ സേവനാവകാശ നിയമം ഉപകരിക്കുമെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ അധ്യക്ഷത വഹിച്ചു.അസി എഡിറ്റര്‍ എം മധുസൂദനന്‍ സംസാരിച്ചു.