രക്ഷിതാവിന്റെ പീഡനം; കുരുന്നിനെ ദുബൈ പോലീസ് രക്ഷപ്പെടുത്തി

Posted on: March 14, 2017 9:50 pm | Last updated: March 14, 2017 at 9:21 pm
SHARE

ദുബൈ: രക്ഷിതാവിന്റെ പീഡനം രൂക്ഷമായതിനെ തുടര്‍ന്ന് എട്ടു മാസം പ്രായമായ കുട്ടിയെ ദുബൈ പോലീസ് മനുഷ്യാവകാശ വിഭാഗം രക്ഷപ്പെടുത്തി. ലത്വീഫ ഹോസ്പിറ്റലില്‍, ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റെന്ന കാരണം പറഞ്ഞു ചികിത്സ തേടിയെത്തിയ കുട്ടിയെയാണ് ദുബൈ പോലീസിന്റെ വിശദമായ അന്വേഷണത്തെ തുടര്‍ന്ന് രക്ഷിതാവിന്റെ പീഡനം മൂലമാണ് പരുക്കേറ്റതെന്ന് കണ്ടെത്തിയത്.
ലത്വീഫ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ ശരീരത്തില്‍ മുറിവ് പറ്റിയതായി ഫലം ലഭിച്ചിരുന്നു. ശരീരത്തില്‍ കണ്ട മുറിവുകളെ കുറിച്ച് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് സേനയിലെ മനുഷ്യാവകാശ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് വിശദമായ അന്വേഷണങ്ങള്‍ക്ക് അയച്ചു. ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ഭര്‍ത്താവിന്റെ ഉയര്‍ന്ന ശബ്ദം കേട്ട് കുട്ടി നിര്‍ത്താതെ കരയുക പതിവായിരുന്നു. കുട്ടിയുടെ കരച്ചില്‍ നിര്‍ത്തുന്നതിനാണ് പിതാവ് അടിച്ചിരുന്നതെന്നു അന്വേഷണ സംഘം കണ്ടെത്തി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം കുട്ടിയെ മാതാപിതാക്കളില്‍ നിന്ന് വാങ്ങി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിന് ഏല്‍പിച്ചു.
മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും കുട്ടിയെ ശിശുവനിതാ സംരക്ഷണ ഫൗണ്ടേഷന് കൈമാറുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.