Connect with us

Gulf

ലഹരി വസ്തുക്കളുടെ വിപണനം; വാട്‌സ്ആപ് സന്ദേശങ്ങള്‍ക്കെതിരെ മന്ത്രാലയം

Published

|

Last Updated

ദുബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ വഞ്ചനാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. വാട്‌സ്ആപ് മുഖേന പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
മയക്കുമരുന്നുകള്‍, ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ വിപണനം ലക്ഷ്യംവെച്ചുള്ളതാണ് ചില സന്ദേശങ്ങള്‍. യു എ ഇയില്‍ മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നമ്പറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ലഹരി പദാര്‍ഥങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ധന കൈമാറ്റത്തിനും പ്രേരിപ്പിക്കുന്നസന്ദേശങ്ങള്‍ക്ക് വശംവദരാകരുതെന്നും അത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് ലഹരി പദാര്‍ഥങ്ങളുടെ പ്രചരണാര്‍ഥം ഫോണ്‍ കോളുകളും സന്ദേശങ്ങളും രാജ്യത്തെ താമസക്കാര്‍ക്ക് ലഭിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട മന്ത്രാലയം നടപടിക്ക് മുതിരുകയായിരുന്നു. സന്ദേശങ്ങള്‍ കൂടുതലും പ്രചരിക്കുന്നത് അജ്ഞാത നമ്പറുകളില്‍ നിന്നാണ്. ഭൂരിഭാഗവും പാക്കിസ്ഥാനില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ സുരക്ഷാ സംഘങ്ങളോട് സഹകരിച്ചു സന്ദേശങ്ങളുടെ ഉറവിടങ്ങളെ കണ്ടെത്തുന്നതിന് ശക്തമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ആന്റി നാര്‍ക്കോട്ടിക് ഫെഡറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അല്‍ സുവൈദി പറഞ്ഞു.

സന്ദേശങ്ങളെ കുറിച്ചും ഫോണ്‍ കോളുകളെ കുറിച്ചും ആന്റി നാര്‍കോട്ടിക് വിഭാഗത്തിന്റെ 80044 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.