Connect with us

Gulf

നിരോധിത മരുന്നുകള്‍ ഉപയോഗിക്കുന്നതിനും രാജ്യത്തേക്ക് എത്തിക്കുന്നതിനും വിലക്ക്‌

Published

|

Last Updated

ദുബൈ: രാജ്യത്ത് വില്‍പന നടത്തുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുള്ള ആന്റി ബയോട്ടിക് പുറത്തുനിന്ന് യു എ ഇയിലേക്ക് കൊണ്ടുവരരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യു എ ഇയില്‍ ഉപയോഗം തടഞ്ഞ “ഫ്‌ളുമോക്‌സ്” എന്ന ആന്റി ബിയോട്ടിക് രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ കൈയില്‍ കരുതരുതെന്നുള്ള കര്‍ശന നിര്‍ദേശമാണ് മന്ത്രാലയം പുറപ്പെടുവിച്ചത്.
ആരോഗ്യ വിഷയ സംബന്ധിയായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്. നിരോധിത മരുന്നായ ഫ്‌ലുമോക്‌സിനെ കുറിച്ച് 2015ല്‍ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ ഒരു രാജ്യത്ത് നിര്‍മിക്കുന്ന ഫ്‌ലുമോക്‌സിനെ കുറിച്ച് ഭീതി ജനിപ്പിക്കും വിധമാണ് ചിത്രീകരണം. ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നതിലൂടെ ജനങ്ങളില്‍ അനാവശ്യ ഭീതി ഉടലെടുക്കും. മരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യത്തെകുറിച്ച് മോശമായ ധാരണ ജനങ്ങളുടെ മനസ്സില്‍ ഉടലെടുക്കാന്‍ ഇത് വഴിയൊരുക്കും. ആന്റിബയോട്ടിക് ഗണത്തില്‍ ഉള്‍പെടുന്ന ഫ്‌ലുമോക്‌സിന് രാജ്യത്തു വില്‍പനാനുമതി നല്‍കിയിട്ടെല്ലെന്നും ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ നയരൂപീകരണ, ലൈസന്‍സിംഗ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ ആമിരി പറഞ്ഞു.

യു എ ഇ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കാത്ത ആരോഗ്യ സംബന്ധിയായ ഒരു വിവരങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അടിസ്ഥാന രഹിതമായ വിവരങ്ങളെ കുറിച്ച് കൂടുതലറിയുന്നതിന് മന്ത്രാലയത്തിന്റെ 80011111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.