Connect with us

Gulf

സുഡാനില്‍ പത്ത് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സിലാടെക്‌

Published

|

Last Updated

ദോഹ: സുഡാനില്‍ നാല് വര്‍ഷത്തിനകം പത്ത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്വറിലെ സിലാടെക്. ശൈഖ മൗസ ബിന്‍ത് നാസറിന്റെ സന്ദര്‍ശനത്തിനിടെ സിലാടെകും വിവിധ സുഡാന്‍ സംഘടനകളും കരാറുകളില്‍ ഒപ്പുവെച്ചു. യുവ കാര്‍ഷിക വ്യവസായ സംരംഭകരുടെ പുതിയ തലമുറ സൃഷ്ടിച്ച് സുഡാന്റെ ദേശീയ ഭക്ഷ്യസുരക്ഷക്ക് പിന്തുണയേകുന്ന ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഖത്വര്‍ നാഷനല്‍ ബേങ്ക്, ഫാര്‍മേഴ്‌സ് കൊമേഴ്‌സ്യല്‍ ബേങ്ക്, അഗ്രികള്‍ച്ചറല്‍ ബേങ്ക് ഓഫ് സുഡാന്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാര്‍ഷിക വ്യവസായത്തില്‍ തത്പരരായ യുവജനങ്ങള്‍ക്ക് ധനസഹായം നല്‍കുക.

സുഡാനിലെ സിറിയന്‍ അഭയാര്‍ഥികളുടെ സാമ്പത്തിക ശാക്തീകരണത്തിന് സഹായകരമാകുന്ന കരാര്‍ നാഷനല്‍ കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസുമായി സിലാടെക് ഒപ്പുവെച്ചു. യുവസമൂഹം തീവ്രവാദ ചിന്തകളിലേക്ക് പോകുന്നത് തടയാന്‍ വെല്‍ഫെയര്‍, ഇന്റലെക്ച്വല്‍ സേഫ്ഗാര്‍ഡ് സുപ്രീം കൗണ്‍സിലുമായും ധാരണാപത്രം ഒപ്പുവെച്ചു. ഖര്‍തൂമിന്റെ സുസ്ഥിര വികസനത്തിന് സഹായമാകുന്ന സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷനുമായി പുതിയ പങ്കാളിത്തത്തിലും സിലാടെക് ഏര്‍പ്പെട്ടിട്ടുണ്ട്. സിലാടെകിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പലഹാര നിര്‍മാണ ശാല ശൈഖ മൗസ സന്ദര്‍ശിച്ചു. ചെറിയ വര്‍ക്‌ഷോപ്പില്‍ നിന്ന് ഫാക്ടറിയിലേക്കും രണ്ട് ഷോറൂമില്‍ നിന്ന് 12 എണ്ണത്തിലേക്കുമാണ് ഈ പലഹാര നിര്‍മാണ കേന്ദ്രം വളര്‍ന്നത്.

ഖത്വര്‍- സുഡാന്‍ ആര്‍ക്കിയോളജിക്കല്‍ പ്രോജക്ട് പ്രകാരം വീണ്ടെടുത്ത പിരമിഡുകള്‍ അടങ്ങിയ ചരിത്രപ്രധാന മിരിയോ സിറ്റി ശൈഖ മൗസ സന്ദര്‍ശിച്ചു. സുഡാനിലെ സമ്പന്നമായ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള ഖത്വറിന്റെ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ദി നുബിയന്‍ ആര്‍ക്കിയോളജിക്കല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടന സ്ഥാപിക്കുകയും ഫണ്ടിംഗ്, മ്യൂസിയം, പിരമിഡുകള്‍, ക്യാംപുകള്‍ തുടങ്ങിയവ നടത്തുകയും ചെയ്യുന്നു. 40 ആര്‍ക്കിയോളജിക്കല്‍ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. 2013 സെപ്തംബര്‍ മുതല്‍ ഇതുവരെ 28 ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി. പുതിയ മ്യൂസിയവും നവീകരണവുമെല്ലാം പദ്ധതിയിടുന്നുണ്ട്. 230 പിരമിഡുകള്‍ വീണ്ടെടുക്കലും സംരക്ഷിക്കലുമാണ് പ്രധാന ലക്ഷ്യം.

എജുക്കേഷന്‍ എബവ് ആള്‍ സ്‌പോര്‍ണ്‍സര്‍ ചെയ്ത സുഡാനിലെ പദ്ധതികളിലൊന്നായ ഉം ബദ്ദ അള്‍ട്ടര്‍നേറ്റീവ് ലേണിംഗ് പ്രോഗ്രാം കേന്ദ്രവും ശൈഖ മൗസ സന്ദര്‍ശിച്ചു. സുഡാനില്‍ ഇത്തരം 3900 പദ്ധതികള്‍ എജുക്കേഷന്‍ എബവ് ആള്‍ നടത്തുന്നുണ്ട്. 2012ല്‍ ശൈഖ മൗസ സ്ഥാപിച്ചതാണ് എജുക്കേഷന്‍ എബവ് ആള്‍.