ബി ജെ പിയുടെ തേരോട്ടം വീണ്ടും

ബി ജെ പിയുടെ തന്ത്രങ്ങളും നീക്കങ്ങളും മുന്‍കൂട്ടി കാണാനും പ്രതിപക്ഷ നിരയെ ഒന്നിച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ എങ്ങും ഉണ്ടായില്ല. സോഷ്യലിസ്റ്റ് ചേരിയെപ്പോലും ഒന്നിച്ചുനിര്‍ത്താനായില്ല. നൂറിലേറെ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മുസ്‌ലിം വോട്ടുകള്‍ കൈക്കലാക്കാന്‍ മായാവതി നടത്തിയ ശ്രമങ്ങളും പാഴായി.
Posted on: March 12, 2017 6:35 pm | Last updated: March 12, 2017 at 6:35 pm

ഉത്തര്‍പ്രദേശിലും ബി ജെ പി പിടിമുറുക്കി. അതും വന്‍ ഭൂരിപക്ഷത്തോടെ . പതിവ് പോലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വവും കോണ്‍ഗ്രസിന്റെ തന്ത്രങ്ങളും അമ്പേ പാളിപ്പോയി. പഞ്ചാബില്‍ ഭരണം തിരികെ പിടിച്ചു എന്ന് മാത്രം ആശ്വസിക്കാം കോണ്‍ഗ്രസിന്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഉറപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ് ബി ജെ പി, എസ് പി – കോണ്‍ഗ്രസ് സഖ്യത്തെ തൂത്തെറിഞ്ഞത്. മായാവതിയുടെ ബി എസ് പി നിലംപരിശാവുകയും ചെയ്തു. സോഷ്യലിസ്റ്റ് ചിന്തകളും ദളിത് പിന്നാക്ക മുസ്‌ലിം കൂട്ടുകെട്ടുമെല്ലാം ബി ജെ പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞു. മണിപ്പൂരിലും മുന്നേറിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി ജെ പി വേരുറപ്പിക്കുകയാണ്.
ഇതാണ് സംഘ് പരിവാറിന്റെ ശക്തി. അതിന്റെ നെറുകയില്‍ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവുമുണ്ട്. അധികാരമാണ് ഈ ശക്തിയുടെ അടിത്തറ. ബി ജെ പി എന്നത് ഇന്ത്യയില്‍ ശക്തിമത്തായ ഒരു രാഷ്ട്രീയ സംഘടനയായി വളര്‍ന്നിരിക്കുന്നു. സംഘടനയുടെ തലപ്പത്ത് എന്തിനും പോരുന്ന കരുത്തോടെ അമിത് ഷാ. രാഷ്ട്രത്തിന്റെ തലപ്പത്ത് നരേന്ദ്ര മോദി. യുപിയിലെ ബി ജെ പി വിജയപര്‍വത്തിന്റെ ചേരുവകള്‍.
ബി ജെ പിയുടെ സംഘടനാബലം മാത്രമല്ല യുപിയില്‍ പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസ് എന്ന സംഘടനയും വളരെ സജീവമായിരുന്നു യു പിയിലും പഞ്ചാബിലും ഗോവയിലും ഉത്തരാഖണ്ഡിലുമെല്ലാം. വീടുവീടാന്തരം കയറിയിറങ്ങി അവര്‍ പ്രചാരണം അഴിച്ചുവിട്ടു. പുറമേ വിശ്വഹിന്ദു പരിഷത്ത് പോലെ മറ്റ് സംഘടനകളും . എല്ലാം കൂടി ചേര്‍ന്നാല്‍ വിശാലമായ സംഘ്പരിവാര്‍.
അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും കൂടി ചേര്‍ന്ന പുതിയ സഖ്യത്തിന് ഈ വലിയ പ്രസ്ഥാനത്തെ വെല്ലുവിളിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷത്തെ ഭരണത്തിനെതിരെ സ്വാഭാവികമായി ഉയരാവുന്ന ഭരണ വിരുദ്ധ വികാരത്തെ തടയുകതന്നെ പ്രയാസകരമായിരുന്നു അഖിലേഷ് യാദവിന്. രാഹുല്‍ ഗാന്ധിക്കാകട്ടെ രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ബാലപാഠവും വ്യാകരണവും ഇനിയും പിടികിട്ടിയിട്ടുമില്ല. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളൊക്കെയും പാളിപ്പോകുന്നതും അവിടെയാണ്.
2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് നരേന്ദ്രമോദിയും കൂട്ടരും യുപിയില്‍ പ്രചാരണത്തിനിറങ്ങിയത്. ബീഹാറില്‍ നിതീഷ്- ലാലു സഖ്യം തങ്ങളെ തറപറ്റിച്ചതിന്റെ മുറിവുകള്‍ ഓര്‍മയിലുണ്ടായിരുന്നു താനും. അവര്‍ എല്ലാ ശ്രദ്ധയും യുപിയിലൂന്നി. ഒന്നിലും ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. അവസാനം കടുത്ത വര്‍ഗീയത തന്നെ പ്രസംഗിച്ചു. ഇന്ത്യയിലെ ഒരു നേതാവും പ്രസംഗിക്കാത്ത തരത്തിലുള്ള പ്രസംഗങ്ങള്‍. സമൂഹത്തില്‍ ഭിന്നിപ്പും ശത്രുതയും ഉണ്ടാക്കാന്‍ പോരുന്നവയായിരുന്നു അവ.
ബി ജെ പിയുടെ തന്ത്രങ്ങളും നീക്കങ്ങളും മുന്‍കൂട്ടി കാണാനും പ്രതിപക്ഷ നിരയെ ഒന്നിച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ എങ്ങും ഉണ്ടായില്ല. സോഷ്യലിസ്റ്റ് ചേരിയെപ്പോലും ഒന്നിച്ചുനിര്‍ത്താനായില്ല. നൂറിലേറെ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തി മുസ്‌ലിം വോട്ടുകള്‍ കൈക്കലാക്കാന്‍ മായാവതി നടത്തിയ ശ്രമങ്ങളും പാഴായി. പലതട്ടുകളിലായി വോട്ടുകള്‍ ഭിന്നിച്ചതും ബി ജെ പിക്ക് തുണയായി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇനി ബി ജെ പിക്ക് മറ്റാരുടെയും സഹായം തേടേണ്ടിവരില്ല. രാജ്യസഭയിലും ഭരണപക്ഷത്തിന്റെ കരുത്തു കൂടും. ഇതെല്ലാം നരേന്ദ്ര മോദിയുടെ കൈകള്‍ക്ക് കൂടുതല്‍ കരുത്തുപകരും . 2019ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുനീങ്ങാനും മോദിക്കും സംഘത്തിനും കഴിയും.
പ്രതിപക്ഷത്തിന്റെ കാര്യം വളരെ ദയനീയമായിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ബദല്‍ സംവിധാനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവും. നരേന്ദ്ര മോദിക്ക് ബദല്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് കടന്നു ചിന്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി തന്നെ അപകടത്തിലാവുകയും ചെയ്യും.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു പൊളിച്ചെഴുത്താണ് ഇപ്പോഴത്തെ ആവശ്യം. പക്ഷെ നേതാവ് മാറണമെന്ന് ആര് വിളിച്ചു പറയും. ദേശീയ നേതൃത്വത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് കരുത്തരായ നേതാക്കന്മാരില്ല, ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുകയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണം മുതല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ വരെ ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ ശക്തിയായി നിലനില്‍ക്കുകയും ചെയ്ത കോണ്‍ഗ്രസിന് ഇപ്പോള്‍ ഏറ്റവും വലിയ ബാധ്യതയായിരിക്കുന്നത് അതിന്റെ നേതൃത്വം തന്നെയാണ്.
യുപിയില്‍ ബി ജെ പി പരാജയപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും അത് നരേന്ദ്രമോദിയുടെ പരാജയമായി ചിത്രീകരിക്കപ്പെടുമായിരുന്നു. ബി ജെ പിക്കുള്ളില്‍ മോദിക്കുനേരെ ചൂണ്ടാന്‍ വിരലുകള്‍ ഉയരുമായിരുന്നു. 2019ലേക്ക് നടന്നടുക്കുമ്പോള്‍ മോദിയുടെ കാലുകള്‍ ഇടറുമായിരുന്നു. യുപിയില്‍ തോറ്റുതുന്നംപാടിയ കോണ്‍ഗ്രസിനുള്ളില്‍ ഇനി എന്താവും നടക്കുക. രാഹുല്‍ ഗാന്ധിക്കെതിരെ കൈ ചൂണ്ടാന്‍ ആരെങ്കിലുമൊക്കെ എഴുന്നേല്‍ക്കുമോ? നേതൃത്വം മാറിയേ മതിയാവൂ എന്ന് ഏതെങ്കിലും കേന്ദ്രങ്ങള്‍ പറയുമോ? ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാവുമോ? ബി ജെപിക്കെതിരെ ശക്തമായൊരു ചേരികെട്ടപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്ന് പറയാന്‍ ആരെങ്കിലുമുണ്ടാവുമോ? കോണ്‍ഗ്രസിന് ഇനി കടുത്ത പരീക്ഷണങ്ങളുടെ കാലം .