Connect with us

National

ഏറ്റവും നീളമേറിയ തുരങ്കപാത ഈ മാസം തുറക്കും

Published

|

Last Updated

ജമ്മു: രാജ്യത്തെ ഏറ്റവും നീളമേറിയ തുരങ്കപാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. പ്രതീക്ഷയുടെ തുരങ്കം എന്ന് പേരിട്ടിരിക്കുന്ന 9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത ജമ്മു കശ്മീരിലെ ചെനാനിക്കും നാശരിക്കും ഇടയിലാണ് പണിതിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഗതാഗതത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഈ തുരങ്ക പാത ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ദൂരം 38 കിലോമീറ്റര്‍ കുറയും.

നിലവില്‍ ഈ നഗരങ്ങ ള്‍ക്കിടയിലുള്ള ദൂരം പിന്നിടാന്‍ സാധാരണ കാലാവസ്ഥയില്‍ 10- 11 മണിക്കൂര്‍ ആവശ്യമാണ്. 2011 മേയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഈ തുരങ്ക പാതയുടെ നിര്‍മാണത്തിനുള്ള ശിലാഫലകം സ്ഥാപിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. പാത ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ, ഇതേ പാതയില്‍ കാസിഗുന്ദിനും ബനിഹലിനും ഇടയില്‍ മറ്റൊരു തുരങ്കം കൂടി നിര്‍മാണത്തിലാണ്. 8.45 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് തുരങ്ക പാതകളും യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. മഞ്ഞുവീഴ്ച ശക്തമാകുന്ന കാലാവസ്ഥകളിലുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ ഇതോടെ ഇല്ലാതാകും. കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ അവശ്യവസ്തുക്കളുടെ വിതരണത്തില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയും ഇതോടെ ഇല്ലാതാകും.

 

Latest