എസ് എം കൃഷ്ണ 17ന് ബി ജെ പി അംഗത്വമെടുക്കും

Posted on: March 8, 2017 10:20 am | Last updated: March 8, 2017 at 1:08 am

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷം ഈ മാസം 17ന് ബി ജെ പിയില്‍ അംഗത്വമെടുക്കും. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരിക്കും ചടങ്ങ്. കഴിഞ്ഞ ദിവസം എസ് എം കൃഷ്ണയുടെ വീട്ടിലെത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെഡ്യൂരപ്പ ചര്‍ച്ച നടത്തിയിരുന്നു. കൃഷ്ണയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ അനുരഞ്ജന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

കൃഷ്ണ പാര്‍ട്ടിയിലെത്തിയാല്‍ പ്രമുഖ സമുദായമായ വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ബി ജെ പി കണക്കുകൂട്ടല്‍. ഒഴിവ് വരുന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കൃഷ്ണയെ പരിഗണിക്കുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, സൊറാബ മണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ഥിയായി കുമാര്‍ ബംഗാരപ്പ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. സഹോദരനും ദള്‍ നേതാവുമായ മധു ബംഗാരപ്പയാണ് സൊറാബയിലെ നിലവിലെ എം എല്‍ എ. ഇരുവരും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കളാണ്. വടക്കന്‍ കര്‍ണാടകത്തിലെ ജനതാദള്‍- എസിന്റെ മുതിര്‍ന്ന നേതാവും മുന്‍ എം എല്‍ എയുമായ ദിനകര്‍ ഷെട്ടി കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.